Wednesday, April 8, 2009

ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെംബെര്‍ സെക്രട്ടറിയുടെ മറുപടി- ചില ചിന്തകളും
സമകാലികമലയാളം വാരികയില്‍ ഡോ. പി. ഗീത എഴുതിയ ‘ഭാഷയ്ക്കും സാഹിത്യത്തിനും ഒരു ചരമക്കുറിപ്പ്’ എന്ന ലേഖനത്തിനു മറുപടിയായി ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെംബെര്‍ സെക്രട്ടറി എഴുതിയ കത്താണു മുകളില്‍. അദ്ദേഹം ഇക്കാര്യത്തില്‍ നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുന്നതിനെ തുറന്ന മന‍സ്സോടെ സ്വാഗതം ചെയ്യുന്നു. പക്ഷേ അപ്പോഴും, ഇതിലെ ചില കാര്യങ്ങളെങ്കിലും വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.

മലയാളം ഇപ്പോള്‍ ഡിഗ്രിതലത്തില്‍ ഒന്നാം ഭാഷയല്ല, രണ്ടാം ഭാഷയാണ് എന്നതു ശരിയാണ്. വിദ്യാഭ്യാസത്തെ സംസ്കാരികമായി വിലയിരുത്തുമ്പോള്‍ക്കാണുന്ന അത്തരം ന്യൂനതകള്‍ തിരുത്തുന്നതിനാണല്ലൊ ഈ പുന:സംഘടന വേണ്ടിവരുന്നത്. എന്നാല്‍ പുതിയ കരിക്കുലത്തില്‍ ഒന്നാം ഭാഷയെന്നോ രണ്ടാം ഭാഷയെന്നോ ഉള്ള വിവേചനമില്ല എന്നുകേട്ടപ്പോള്‍ അമ്പരപ്പു തോന്നി. കാരണം കോമണ്‍ കോഴ്സുകളിലെ 8 എ.യുടെ സിലബസ് ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ വെബ് സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തത് എന്റെ കൈയിലുണ്ട്. അതില്‍ രണ്ടാം ഭാഷയെന്നുതന്നെയാണ് വ്യവഹരിച്ചിരുന്നത്. കാണുക:ഇതേ കോഴ്സിന്റെ സിലബസ് ഇപ്പോഴും ഇന്റെര്‍നെറ്റിലുണ്ട്. അതില്‍ 'COMMUNICATION SKILLS IN LANGUAGES OTHER THAN ENGLISH'എന്നാണു പ്രയോഗം! അതായത് ആദ്യം പ്രസിദ്ധീകരിച്ചിരുന്നതു മാറ്റി ‘രണ്ടാം ഭാഷ’ ഇല്ലായ്മ ചെയ്തിട്ടുണ്ട്. അതായത് മറ്റാരും തെറ്റുധാരണ പരത്തിയതല്ല, എന്തെങ്കിലും ധാരണ പരക്കും‌മുന്‍പേ തിരുത്തിയതാണിത്. എങ്കിലും ഈ തിരുത്തലിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അപ്പോഴും പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയില്‍. ഇംഗ്ലീഷ് പഠനം നിര്‍ബന്ധിതമാണ്. മലയാളം പഴയതുപോലെ തന്നെ തെരഞ്ഞെടുക്കാവുന്ന പല ഭാഷകളിലൊന്നും. ഇനി വിദ്യാര്‍ഥികളെക്കൂടി തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുകയാണെന്നാണു ന്യായമെങ്കില്‍ അത് ഇംഗ്ലീഷിനു ബാധകമാകാത്തതെന്താണ്? ‘അറിവിന്മേല്‍ അധ്യാപകനുള്ള അധീശത്വ’മൊന്നും അവിടെ ബാധകമല്ലേ? യു. ജി. സി. യുടെ പൊതുസമീപനമായ അന്തര്‍ദ്ദേശീയതയുടെ യുക്തിയില്‍ ഇംഗ്ലീഷിനാണു പ്രാധാന്യമെങ്കിലും ഭാഷാന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതു ചെറുക്കുക എന്ന സാംസ്കാരികമായ യുക്തിയില്‍ മലയാളത്തിനാണു പ്രാധാന്യം. ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മുന്നോട്ടുവച്ചിരിക്കുന്ന മറ്റു പഠനവിഷയങ്ങളെല്ലാം സാഹിത്യ-സൌന്ദര്യശാസ്ത്രപഠനത്തിന്റെ ഇടമാണ് കവര്‍ന്നെടുത്തിരിക്കുന്നത് എന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മറ്റേതു വിഷയം സിലബസില്‍ ഉള്‍പ്പെടുത്തണമെങ്കിലും ഭാഷാ-സാഹിത്യസംബന്ധിയായ വിഷയങ്ങളുടെ ഇടം കൈയേറുകയെന്നതാണ് വിദ്യാഭ്യാസപരിഷ്ക്കാരങ്ങളുടെ പേരില്‍ വരുത്തുന്ന ഏതു നടപടികളുടെയും പൊതുനയമാക്കി മാറ്റിയിരിക്കുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനും ചരമക്കുറിപ്പെഴുതേണ്ട അവസ്ഥ അങ്ങനെ വന്നുചേരുന്നതാണ്.

മറ്റു കാര്യങ്ങളില്‍, ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ പൊതുസമീപനത്തെക്കുറിച്ചു മറ്റൊരു പോസ്റ്റിന്റെ കമന്റില്‍ ഞാന്‍ പറഞ്ഞതുതന്നെ‍ ആവര്‍ത്തിക്കട്ടെ:

വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമായി മാത്രം കാണുന്ന ഒരു സമീപനം ഇന്ത്യയിലെ അധികാരികള്‍ വച്ചുപുലര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. വ്യക്തിത്വവികസനം സൌന്ദര്യബോധം, സാംസ്കാരികമായ വളര്‍ച്ച എന്നിവയൊക്കെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി കരുതിയിരുന്ന കാലം കഴിഞ്ഞുവെന്നുതന്നെ തോന്നുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടാവണമെന്നു വിഭാവനം ചെയ്യുന്ന സംസ്കാരപഠനത്തിന്റെ അവസ്ഥതന്നെ നോക്കുക. സൌന്ദര്യശാസ്ത്രത്തിനു വിപരീതമായ സംഗതിയാണു സംസ്കാരപഠനം എന്ന തലതിരിഞ്ഞ സമീപനമാണ് അതില്‍ കാണുന്നത്. സംസ്കാരപഠനം എന്ന പഠനമേഖലതന്നെ ഭാഷ, സാഹിത്യം, കല എന്നിവയുടെ ജ്ഞാനവിഷയമെന്തെന്ന ആലോചനയില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പ്രാഥമികമായ സംഗതിപോലും മറച്ചുവച്ചുകൊണ്ട്, സിദ്ധാന്തത്തെ അതില്‍ത്തന്നെ ഉള്ളടങ്ങുന്ന വ്യവഹാരമായി അവതരിപ്പിച്ചുകൊണ്ട്, വലിയ സാദ്ധ്യതയുള്ള ആ പഠനമേഖലയെത്തന്നെ പരിമിതപ്പെടുത്തുന്ന അവസ്ഥയാണ് ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളില്‍ കാണാനാവുന്നത്. റെയ്മണ്ട് വില്യംസ് നാടകാവതരണത്തെക്കുറിച്ചും അഡോര്‍ണോ, എഡ്വേര്‍ഡ് സയ്ദ്, റൊളാങ് ബാര്‍ത് തുടങ്ങിയവര്‍ സംഗീതത്തെക്കുറിച്ചും ടെറി ഈഗ്‌ള്‍ടണ്‍ കവിതയെക്കുറിച്ചും ഉംബര്‍ടോ എക്കോ സാഹിത്യത്തെയും സൌന്ദര്യത്തെയും വൈരൂപ്യത്തെക്കുറിച്ചുമൊക്കെ നടത്തിയ പഠനങ്ങള്‍ സംസ്കാരപഠനത്തിന്റെതന്നെ സാധ്യതകള്‍ ഉപയോഗിച്ചു നിര്‍വഹിച്ചതാണെന്നോര്‍ക്കുക. എന്നാല്‍ ഇതെന്തോ സാമൂഹികശാസ്ത്രത്തിന്റെ ഭാഗമായ ഒരു പഠനപദ്ധതിയാണെന്നു തോന്നിപ്പിക്കുകയും ആഗോളീകരണത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ടുതന്നെ ആഗോളവത്കരണനയങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയെന്ന ഒരു വിചിത്രസമീപനം പുതിയ സിലബസില്‍ വ്യക്തമാണ്. ഭാവനയും സര്‍ഗാത്മകതയുമൊക്കെ അനാവശ്യമോ അധികപ്പറ്റോ ആണെന്ന പ്രയോജനവാദപരമായ യുക്തിയാണ് അതില്‍‍ പ്രതിഫലിക്കുന്നത്. ഡോ. പി. ഗീത മലയാളം വാരികയിലും ഡോ. പി. പവിത്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങളിലും ഡോ. പി. സോമനാഥന്‍, ഡോ. സി. ജെ. ജോര്‍ജ് എന്നിവര്‍ ഇന്റെര്‍നെറ്റില്‍ത്തന്നെ തുടരുന്ന ചര്‍ച്ചകളിലും തര്‍ജ്ജനിയുടെ മുഖപ്രസംഗങ്ങളിലും ഇതിന്റെ വിവിധവശങ്ങള്‍ വിവരിച്ചിട്ടുണ്ട്. സാങ്കേതികശാസ്ത്രത്തിന്റെ സാധ്യതകള്‍പോലും സര്‍ഗാത്മകതയും ഭാവനയുമായൊന്നും ബന്ധപ്പെടുത്താതെ വരണ്ട യാന്ത്രികതയാണ് ഈ കാലത്തിന്റെ ആവശ്യകതയെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് സിലബസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനസാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ മുംബൈയിലെ Indian Institute of Technologyയിലെ പല കോഴ്സുകള്‍ക്കും സൌന്ദര്യശാസ്ത്രം പഠനവിഷയമാണ്. ഇവിടെ നോക്കുക.

നമ്മുടെ സര്‍വ‘കലാ’ശാലകളില്‍ സാഹിത്യത്തിനും സൌന്ദര്യശാസ്ത്രത്തിനുമൊക്കെ എന്തേ ഇത്ര അയിത്തം?

ഇക്കാര്യങ്ങളില്‍‍ മറ്റുള്ളവരുടെകൂടി അഭിപ്രായങ്ങള്‍ ക്ഷണിക്കട്ടെ.

1 comment:

  1. നമ്മുടെ സര്‍വ‘കലാ’ശാലകളില്‍ സൌന്ദര്യശാസ്ത്രത്തോടെന്തേ ഇത്ര അയിത്തം?

    ReplyDelete