Tuesday, May 26, 2009

ആശങ്കകള്‍ തുടരുന്നു

2009 മെയ് പന്ത്രണ്ടാം തീയതി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വിവിധസര്‍വകലാശാലകളുടെ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറിയും പങ്കെടുത്ത മീറ്റിങ്ങില്‍ തയ്യാറാക്കിയ പരിഷ്ക്കരിച്ച രൂപരേഖയുടെ അനുബന്ധം ഒന്നും അനുബന്ധം രണ്ടും നോക്കുക.

അനുബന്ധം രണ്ടില്‍ മൂന്നാം പേജിലെ 4.5 ല്‍ കോമണ്‍ കോഴ്സുകളുടെ ഘടന വിശദമാക്കിയിരിക്കുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍:

1. ഇന്നു നിലവിലുള്ള രീതിയില്‍‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയുമായി സങ്കല്പിക്കപ്പെട്ട വിഷയങ്ങളുടെ സ്ഥാനത്തു പുതുതായി വരുന്ന കോമണ്‍ കോഴ്സുകളുടെ എണ്ണം പത്തുതന്നെ.
ആദ്യത്തെ 4 കോഴ്സുകള്‍ ഇംഗ്ലീഷ് ഭാഷാ കോഴ്സുകളാണ്.
അഞ്ചും ആറും, ഇംഗ്ലീഷ് ഒഴിച്ചുള്ള ‘അഡീഷണല്‍ ലാങ്ഗ്വേജ്’ കോഴ്സുകള്‍.
ഏഴു മുതല്‍ പതിന്നാലു വരെയുള്ള ജനറല്‍ കോഴ്സുകളില്‍‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു കോഴ്സുകള്‍.

2. ആദ്യത്തെ 4 കോഴ്സുകള്‍ നിര്‍ബന്ധിതമായി പഠിക്കേണ്ടവയാണ്. മലയാളമുള്‍പ്പെടെ ബാക്കി ഭാഷകള്‍‍ വരുന്ന അഞ്ചും ആറും കോഴ്സുകളും നിര്‍ബന്ധിതംതന്നെ. എന്നാല്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന ഇന്നത്തെ രീതിതന്നെ തുടര്‍ന്നിരിക്കുന്നു. അതായത് ഇപ്പോഴുള്ള ‘രണ്ടാം ഭാഷ’യുടെ അവസ്ഥതന്നെ. മാത്രമല്ല, ആ സ്ഥാനത്തുണ്ടായിരുന്ന ഭാഷാസാഹിത്യവിഷയങ്ങളില്‍ പകുതി ജനറല്‍ കോഴ്സുകളിലേക്കു മാറ്റിയ അവസ്ഥയ്ക്കും വ്യത്യാസമൊന്നുമില്ല.

3. പിന്നെ 8 ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന നാലെണ്ണം കൂടി കുട്ടികള്‍ പഠിക്കണം. അതില്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ പരിധിയില്‍ വരുന്ന കോഴ്സുകള്‍ക്കാണ് മുന്‍‌തൂക്കം.

പറഞ്ഞുവന്നത് മലയാളപഠനം ഇപ്പോഴുള്ള അവസ്ഥയില്‍നിന്നുതന്നെ ആവുന്നത്ര കുറയ്ക്കുന്ന ആദ്യരൂപരേഖയില്‍നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ല എന്നുതന്നെയാണ്. കൂടാതെ മറ്റൊന്നുകൂടിയുണ്ട്.ജനറല്‍ കോഴ്സുകളുടെ കാര്യത്തില്‍ അതാതു കോളേജിന്റെ തലത്തില്‍ നിലവില്‍‌വരുന്ന മോനിട്ടറിങ്ങ് കമ്മിറ്റിക്കാണ് ‘റ്റീച്ചിങ് വര്‍ക്ക്’ വിഭജിച്ചു നല്‍‌കുന്നതിനുള്ള അധികാരം. ഇതാകട്ടെ, അതതു കോളേജില്‍ നിലനില്‍‌ക്കുന്ന ‘സ്റ്റാഫ് പാറ്റേണി’നനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. അതായത് മലയാള‍വിഭാഗത്തിന്റെ പരിധിയില്‍‌വരുന്ന പരിമിതമായ കോഴ്സുകള്‍ പോലും അതില്‍ പരിഗണിക്കപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.

ഇതുവരെ ഇക്കാര്യത്തിലുണ്ടായ മുഴുവന്‍‌ പ്രതിഷേധങ്ങള്‍ക്കും ഒരു വിലയും കല്പിക്കാത്ത തരത്തില്‍ രൂപപ്പെടുത്തിയ പുതിയ രൂപരേഖയോട് ഇനിയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ രൂപപ്പെട്ടിട്ടുള്ള വിവിധ മലയാളവേദികളുടെയും മറ്റു ഭാഷാസ്നേഹികളുടെയും അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

Tuesday, May 19, 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കരുത്‌- മലയാളവേദി മുഖ്യമന്ത്രിക്ക്‌ ഭീമഹരജി നല്‍കി



കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദ പുന:സംഘടന സാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതാണ്‌ എന്നു കാണിച്ച്‌ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സേതു, ഡോ.എം.ആര്‍.രാഘവവാര്യര്‍, സാറാ ജോസഫ്‌, സുഗതകുമാരി,ഹൃദയകുമാരി, ഡോ.ടി.ബി.വേണുഗോപാലപ്പണക്കര്‍ തുടങ്ങി സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളുമുള്‍പ്പെടുന്ന ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പിട്ട ഭീമഹരജി കേരളമുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു. മലയാളവേദി രക്ഷാധികാരി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.പവിത്രന്‍, തിരുവനന്തപുരം മലയാളവേദിയുടെ ചെയര്‍മാന്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ്‌ ഹരജി നല്‍കിയത്‌. രണ്ടുവര്‍ഷങ്ങളിലായി മൂന്നു പേപ്പറിലായി ഇപ്പോള്‍ പഠിക്കുന്ന മലയാളസാഹിത്യം ആറുമാസത്തെ ഒറ്റ പേപ്പറായി ചുരുക്കിയിരിക്കുകയാണെന്നും മലയാളഭാഷയുടെ പഠനസമയം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ച സാഹിത്യകൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു പുറത്തേക്കു പോകും. മലയാളസാഹിത്യത്തെ മാത്രമല്ല ഇംഗ്ളീഷ്‌ ഉള്‍പ്പെടെ എല്ലാ ഭാഷകളുടെ സാഹിത്യത്തെയും പുതിയ പരിഷ്കരണത്തില്‍ അവഗണിച്ചിരിക്കുകയാണ്‌. മലയാളഭാഷയും സാഹിത്യവും ബിരുദതലത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രമായി നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്‌ എന്ന്‌ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തമിഴ്‌,കന്നഡ,തെലുങ്കു ഭാഷകള്‍ക്കായി അതതു സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ ഉണ്ടായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ മാതൃഭാഷാപഠനത്തിനായി ഇത്തരമൊരു സംവിധാനമില്ലാത്തത്‌ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന മറ്റൊരു നിവേദനവും മുഖ്യമന്ത്രിക്ക്‌ നല്‍കി.


മാതൃഭൂമി 14. 05. 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെ മലയാളവേദി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,

രക്ഷാധികാരി.

ഡോ.പി. പവിത്രന്‍,

കോ-ഓര്‍ഡിനേറ്റര്‍.

മലയാളവേദി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌

2009 ജൂലൈയില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നതിനായി കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദതല പുന:സംഘടനയില്‍ ഭാഷാസാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതിനെതിരെ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സാറാ ജോസഫ്‌, ഡോ.എം.ആര്‍ രാഘവവാര്യര്‍,സുഗതകുമാരി,സേതു, എം.എന്‍.കാരശ്ശേരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി ഹൃദയകുമാരി, ഡി.വിനയചന്ദന്‍, കെ.പി.ശങ്കരന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയ പ്രമുഖസാഹിത്യ-സാംസ്കാരിക നായകരും ഭാഷാസ്നേഹികളുമുള്‍പ്പെടെ ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പുവെച്ച ഒരു നിവേദനം സമര്‍പ്പിക്കുകയാണ്‌.

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു. രണ്ടാംഭാഷയെന്ന നിലയില്‍ ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ച കൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു വെളിയിലേക്കു പോകും. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ നമ്മുടെ സാഹിത്യകൃതികള്‍ വഹിച്ച പങ്ക്‌ അങ്ങേക്ക്‌ അറിവുള്ളതാണല്ലോ. അതിനാല്‍ അവയെ പാഠ്യപദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്ന തരത്തിലുള്ള ഒരു പരിഷ്കരണം ഉണ്ടാവുകയെന്നാല്‍ കേരളം നടന്നുവന്ന വഴികളെ പുതുതലമുറയില്‍ നിന്ന്‌ മറച്ചുപിടിക്കുക എന്നാണല്ലോ അര്‍ത്ഥം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം വന്നത്‌ ഇത്തരത്തിലുള്ള പരിഷ്കരണമാണെന്നത്‌ ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്‌. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു;

1. രണ്ടാം ഭാഷയെന്ന നിലയില്‍ മലയാളത്തിന്‌ ഇന്ന്‌ നിലവിലുള്ള പഠനസമയം പൂര്‍ണമായും മലയാളഭാഷാസാഹിത്യപഠനത്തിനുതന്നെ തിരിച്ചു നല്‍കുക.

2. സാഹിത്യ-സൌന്ദര്യാത്മകവിഷയങ്ങളെ കേവലം പ്രയോജനാത്മക യുക്തിയില്‍ നോക്കിക്കാണുന്ന സമീപനത്തില്‍ മാറ്റംവരുത്തുക. അതിനെ ആധുനികകേരളത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നായി തിരിച്ചറിയുന്ന സമീപനം കയ്യൊഴിയാതിരിക്കുക.

3.മാതൃഭാഷാസാഹിത്യപഠനം സ്വയം ആഴത്തിലുള്ള സാമൂഹ്യബോധത്തെയും വിമര്‍ശനാവബോധത്തെയും പ്രതിനിധീകരിക്കുന്നതാണ്‌. അതിനാല്‍ മലയാളഭാഷയും സാഹിത്യവും നിര്‍ബന്ധവിഷയമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തരമായ ശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തതയോടെ

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.പി. പവിത്രന്‍

തിരുവനന്തപുരം

12. 05. 2009

Thursday, April 30, 2009

മലയാളവേദിക്ക് ചെന്നൈയിലെ ഭാഷാസ്നേഹികളുടെ ഐക്യദാര്‍ഢ്യം: ചെന്നൈയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസമന്ത്രിക്കു നല്‍കുന്ന നിവേദനം

പ്രമേയം

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്‌,

ഉന്നതവിദ്യാഭ്യാസം ജനാധിപത്യവത്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച ഉന്നതവിദ്യാഭ്യാസകൌണ്‍‌സില്‍, 'വ്യത്യസ്ത രാഷ്ട്രീയസാഹചര്യങ്ങളില്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ' ഉന്‍മൂലനം ചെയ്യാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. സമിതി മുന്നോട്ടുവെച്ച ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ പുനസ്സംഘടനയ്ക്കുള്ള രേഖ അതിന്‌ ഉത്തമദൃഷ്ടാന്തമാണ്‌. കേരളസംസ്കാരവും മലയാളഭാഷയും സാഹിത്യവും പൊതുവിഷയങ്ങളാക്കണം എന്നുള്ള ജനാഭിലാഷത്തെ പാടേ നിഷേധിച്ചുകൊണ്ട്‌ ഭാഷയ്ക്കും സാഹിത്യത്തിനും നാമമാത്രപ്രാധാന്യം നല്‍കുന്ന നിലപാടാണ്‌ രേഖയിലൂടെ അവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. മലയാളമുള്‍പ്പെടെയുള്ള രണ്ടാംഭാഷകളില്‍നിന്ന് ഇപ്പോഴത്തെ മൂന്നു പേപ്പറുകള്‍ക്കു പകരം ഒരു സെമസ്റ്ററിലേക്ക്‌ സാഹിത്യപഠനം ഒതുക്കിക്കളഞ്ഞു. അതായത്‌ രണ്ട്‌ വര്‍ഷം പഠിക്കാനുള്ള സാഹിത്യം ആറുമാസമാക്കി ചുരുക്കിയെര്‍ഥം. സൌന്ദര്യപക്ഷത്ത്‌ പിരീയഡ്‌ കുറഞ്ഞുപോയതുകൊണ്ട്‌ ഒന്നും സംഭവിക്കില്ലെന്നാണ്‌ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായ തോമസ് ജോസഫ്‌ പറയുന്നത്‌(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഏപ്രില്‍, 2009 :19 ) സാഹിത്യപഠനം വഴി വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കേണ്ട മനോന്നമനത്തെയും സാംസ്കാരികാവബോധത്തെയും നിഹനിക്കുന്ന നീക്കമാണിത്‌. ഇതില്‍നിന്ന്‌ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ പിന്തിരിയണം. മലയാളപഠനത്തിന്റെ സാധ്യതകളും മാനങ്ങളും ഉള്‍ക്കൊണ്ട്‌ ഭാഷയെ വികസിപ്പിക്കുന്നത്‌ നല്ല കാര്യമാണെങ്കിലും അത്‌ ഭാഷയുടെ സൌന്ദര്യശാസ്ത്രത്തെ ബലി കഴിച്ചുകൊണ്ടാകരുത്‌.

21. 04. 2009 ന്‌ ചെന്നൈയില്‍‌‍ ഒത്തുചേര്‍ന്ന ഭാഷാസ്നേഹികളായ മറുനാടന്‍ മലയാളികള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ ഈ നീക്കത്തില്‍ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇതേ ലക്ഷ്യവുമായി സജീവവും സക്രിയവുമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മലയാളവേദികളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കൂടി താങ്കളുടെ പരിഗണനയ്ക്കായി ഈ യോഗം മുന്നോട്ടുവെയ്ക്കുന്നു:

1. ഒന്നാം ഭാഷയായി സ്കൂള്‍തലത്തില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണം

2. ചോയ്‌സ്‌ ബെയ്‌സ്‌ ക്രെഡിറ്റ്‌ സിസ്റ്റത്തില്‍ സാഹിത്യം എല്ലാ വര്‍ഷവും ഒരു കോര്‍ സബ്ജക്ട്‌ ആയിരിക്കണം.

3. ബിരുദതലത്തിലെ സാഹിത്യപഠനം ഭാഷാനൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനുപരിയായി സാംസ്കാരികവും സൌന്ദര്യശാസ്ത്രപരവുമായി മനുഷ്യനെ ഉയര്‍ത്താനുള്ള ഉപാധിയാണെന്ന സത്യം പുതിയ പാഠ്യപദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉന്നതവിദ്യാഭ്യാസസമിതി മനസ്സിലാക്കണം.

4. വിജ്ഞാനഭാഷ എന്ന നിലയിലും മലയാളത്തെ ഉയര്‍ത്തിക്കൊണ്ടുവരണം.

5. സാഹിത്യ-സാംസ്കാരികസത്ത ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പാഠ്യപദ്ധതി പുനര്‍‌നിര്‍ണയം ചെയ്യണം.

ഈ കാര്യങ്ങളിലെല്ലാം താങ്കളുടെ ശ്രദ്ധ പതിയണമെന്നും അനുകൂലനടപടികള്‍ എടുക്കണമെന്നും ഈ യോഗം താങ്കളോട്‌ ആവശ്യപ്പെടുന്നു.

ഈ പ്രമേയം അംഗീകരിച്ചുകൊണ്ട്‌ താഴെ പറയുന്നവര്‍ ഈ പ്രമേയത്തില്‍ ഒപ്പ്‌ വെയ്ക്കുന്നു. ഡോ.സി.ജി.രാജേന്ദ്രബാബു, ഡോ.ഇ.കെ.പുരുഷോത്തമന്‍, ഡോ.വി.ജയപ്രസാദ്‌, ഡോ.ജി.പ്രഭ, ഡോ.പി.എം.ഗിരീഷ്‌, ഡോ.എം.പി.ദാമോദരന്‍, ഡോ.കെ.ജെ.അജയകുമാര്‍, ഡോ.എ.രാധാമണിയമ്മ, സര്‍വ്വശ്രീ :പി.കെ അബ്ദുല്‍റഹിമാന്‍, എ.മോഹന്‍കുമാര്‍, വിനോദ്കുമാര്‍, ടി.പി.വിശ്വനാഥന്‍ നമ്പ്യാര്‍, എം.ടി.ബേബി, എം.എ.വിജയന്‍, ടി.അനീഷ്‌, അജീഷ്പ്രഭാകരന്‍, ബിബു.പി.എന്‍.,അരുണ്‍‌തോമസ്‌, മന്‍സൂര്‍അലി, ഉണ്ണികൃഷ്ണന്‍. ശ്രീമതിമാര്‍: സുഹാസിനി. എ.സി, മഞ്ജു.ജി.നായര്‍, , ദീപ മേരി ജോസഫ്‌, നിര്‍മ്മല. എം.പി, ലിജാ അരവിന്ദ്‌, രമേഷ്‌ കുമാര്‍, സുബൈദ, ഫെബിന, റോസി, സബിത, അമ്പിളി, ഹര്‍ഷ.

വിപുലമാകുന്ന മലയാളക്കൂട്ടായ്മ- മൂവാറ്റുപുഴ, മീനങ്ങാടി, കണ്ണൂര്‍‌ എന്നിവിടങ്ങളിലും മലയാളവേദി

മൂവാറ്റുപുഴ

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാവനിതാകോളജില്‍ 24. 04. 2009 നു നടന്ന യോഗത്തില്‍ വെച്ച്‌ മലയാളവേദി രൂപീകരിച്ചു. നിലവിലുള്ള ബിരുദപുനസംഘടനയില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം കുറച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡോ. പി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.വിന്‍സന്റ്‌ മാളിയേക്കല്‍ ( നിര്‍മല കോളജ്‌ മൂവാറ്റുപുഴ) കണ്‍വീനറും കെ വി ശശി, ജിനീഷ്‌ ലാല്‍രാജ്‌, പായിപ്ര മദനന്‍, മദനമോഹനന്‍, പ്രവീണ്‍, ഷാബു കെ വര്‍ഗീസ്‌ എന്നിവര്‍ അംഗങ്ങളുമായി പ്രവര്‍ത്തക സമിതി തെരഞ്ഞെടുക്കപ്പെട്ടു . മെയ്‌ 12 നു വിപുലമായ കണ്‍വെന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചു.

മീനങ്ങാടി

വയനാട്ടില്‍ മീനങ്ങാടി ഗവ.ബോയ്സ്‌ സ്കൂളില്‍ 29. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ മലയാളവേദി രൂപീകരിച്ചു. ജോസഫ്‌ ജോബ്‌ കണ്‍വീനറായി 11 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ജോസഫ്‌ സ്കറിയ, വി.കെ,ബാബുരാജ്‌ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലയില്‍ കൂടുതല്‍ വേദികള്‍രൂപീകരിക്കുന്നതിന്‌ നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍‌

‍കണ്ണൂരില്‍ ജില്ലാ ലൈബ്രറി ഹാളില്‍ 28. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍,ഹയര്‍ സെക്കന്ററി, കോളജ്‌ അധ്യാപകരുള്‍പ്പെടെ അറുപതിലേറെ പേര്‍ സംബന്ധിച്ചു. എന്‍.പ്രഭാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. എ. വി. പവിത്രന്‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രിക്കുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണം ആരംഭിച്ചു.

Tuesday, April 21, 2009

മലയാളവേദിസംസ്ഥാന തലയോഗം -തൃശ്ശൂര്‍‌‍ 2009 ഏപ്രില്‍ 19

മലയാളവേദി എന്ന പേരില്‍ ഇപ്പോള്‍ മലയാളത്തിനുവേണ്ടിയുള്ള കൂട്ടായ്മകള്‍ നിലവില്‍ വരുന്നതിനുള്ള അടിയന്തിര സാഹചര്യം ഇപ്പോഴത്തെ ബിരുദ പുനസംഘടനയാണെങ്കിലും പ്ളസ്‌ റ്റു തലത്തില്‍ രണ്ടുവര്‍ഷം മുമ്പ്‌ മലയാളം പഠിക്കേണ്ടതില്ലെന്ന നിലപാട്‌ വന്നപ്പോള്‍ത്തന്നെ ആലോചിച്ചിരുന്ന കാര്യമാണ്‌ ഇത്തരമൊരു സമിതിയുടെ ആവശ്യകത. ചിലയിടങ്ങളില്‍ അക്കാലത്തുതന്നെ പ്ളസ്‌ റ്റു അധ്യാപകരുടെ മുന്‍കയ്യില്‍ ഇത്തരം കൂട്ടായ്മകള്‍ രൂപപ്പെട്ടിരുന്നു.

കേരളപാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 ( കെ സി എഫ്‌ 2007)ലെ കരടുനിര്‍ദ്ദേശത്തിനെതിരേ

കേരളപാഠ്യപദ്ധതി ചട്ടക്കൂട്‌ 2007 ന്റെ കരടു നിര്‍ദ്ദേശത്തില്‍ പ്ളസ്‌ റ്റു തലത്തില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കേണ്ടതില്ലെന്ന നിലപാട്‌ ഉണ്ടായിരുന്നു. ഈ നിലപാട്‌ തിരുത്തുന്നതിനു വേണ്ടി പ്ളസ്‌ റ്റു തലത്തിലുള്ള അധ്യാപകര്‍ മുന്‍കയ്യെടുത്ത്‌ 2007 മെയ്‌ മുതല്‍ ആഗസ്ത്‌ വരെയുള്ള കാലയളവില്‍ കണ്ണൂര്‍‍ സെന്റ്‌ മൈക്കിള്‍സ്‌ സ്കൂളിലും കോഴിക്കോട്‌ സാമൂതിരി ഹൈ‌ സ്കൂളിലും മലപ്പുറത്ത്‌ തേഞ്ഞിപ്പാലത്ത്‌ കാലിക്കറ്റ്‌ സര്‍വകലാശാലാ പരിസരത്തും പാലക്കാടും വിവിധയോഗങ്ങള്‍ ചേരുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തു. അതിന്റെ വിവിധ യോഗങ്ങളില്‍ എം.ടി.വാസുദേവന്‍ നായര്‍, ഡോ.എം .ആര്‍. രാഘവവാര്യര്‍, റഷീദ്‌ കണിച്ചേരി,ആഷാ മേനോന്‍, ഡോ.പി.കെ.തിലക്‌ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തൃശ്ശൂരിലെ പ്ളസ്‌ റ്റു തലത്തിലെ അധ്യാപകര്‍ മുന്‍കയ്യെടുത്ത്‌ ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്ന ഒപ്പുശേഖരണം നടത്തുകയും സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ ഒപ്പു ശേഖരിച്ച്‌ വിദ്യാഭ്യാസ മന്ത്രിക്ക്‌ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ആ നിര്‍ദ്ദേശത്തില്‍നിന്നു സര്‍ക്കാര്‍ പിറകോട്ടുപോകുകയും മലയാളഭാഷയുള്‍പ്പെടെയുള്ള ഭാഷകളുടെ പഠനം പ്ളസ്‌ റ്റു തലത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടു രേഖ

ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബിരുദപഠനവുമായി ബന്ധപ്പെട്ടുള്ള കരടുരേഖ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡ്‌ ഓഫ്‌ സ്റ്റഡീസുകളുടെ മുന്‍കയ്യില്‍ കോളജ്‌ അധ്യാപകരെ വിളിച്ചുചേര്‍ത്ത്‌ ചര്‍ച്ച ചെയ്ത്‌ അംഗീകരിപ്പിക്കാനുള്ള നീക്കമാണ്‌ ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്നത്‌.

സര്‍വകലാശാലാ അക്കാദമിക സമിതികളുടെ സ്വയം ഭരണത്തിനു നേരെയുള്ള വെല്ലുവിളി ഈ സമീപനത്തിലുണ്ട്‌ എന്നതിനു പുറമേ ഈ നിര്‍ദ്ദേശങ്ങളില്‍ ഭാഷാപഠനത്തിനു പൊതുവെയും സാഹിത്യപഠനത്തിനു വിശേഷിച്ചും പ്രാധാന്യം കുറച്ചിരിക്കുകയുമാണ്‌. അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടാത്ത മട്ടില്‍ അവര്‍ക്ക്‌ പിരീഡുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പഠിപ്പിക്കേണ്ട വിഷയങ്ങളില്‍നിന്ന്‌ ഭാഷാസാഹിത്യപഠനത്തിന്റെ മേഖല കുറച്ചിരിക്കുകയും അതിനു‌ പകരം മറ്റു വിഷയങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയുമാണ്‌. രണ്ടുവര്‍ഷങ്ങളിലായി പഠിപ്പിച്ചിരുന്ന സാഹിത്യം ഇപ്പോള്‍ ആറു മാസം വരുന്ന ഒറ്റ സെമസ്റ്ററില്‍ ഒതുക്കിയിരിക്കുകയാണ്‌. ഭാവിയില്‍ ഇത്‌ അധ്യാപകരുടെ എണ്ണത്തെയും ബാധിക്കുന്ന മട്ടിലായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരേ വിവിധ ബോര്‍ഡ്‌ യോഗങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായി. തൃശ്ശൂരില്‍ കേരളവര്‍മ കോളജില്‍ നടന്ന കാലിക്കറ്റ്‌ സര്‍വകലാശാലയുടെ മലയാളം ബോര്‍ഡ്‌ വിളിച്ചുകൂട്ടിയ യോഗത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച്‌ മൂന്ന് അധ്യാപകര്‍ യോഗം ബഹിഷികരിക്കുകയുണ്ടായി.

മലയാളവേദികളുടെ രൂപീകരണം

മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പഠനത്തിനു സംഭവിക്കുന്ന ശോഷണം കേവലം അധ്യാപകരുടെ തൊഴില്‍ പ്രശ്നം മാത്രമല്ല, കേരളത്തെ ഒരു ജനാധിപത്യസമൂഹമായി നിലനിര്‍ത്തുന്ന അടിത്തറയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്‌ പൊതുസമൂഹത്തിലേക്ക്‌ ഈ പ്രശ്നം ഉയര്‍ത്തപ്പെട്ടത്‌. ഭാഷാസ്നേഹികള്‍, സാഹിത്യസാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലം വരെ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ എന്നിവരുടെ മുന്‍കയ്യില്‍ പ്രാദേശിക വേദികള്‍ രൂപീകരിച്ച്‌ ജനശ്രദ്ധയില്‍ ഈ പ്രശ്നംകൊണ്ടുവരികയും അവരെക്കൂടി ഈ പ്രശ്നത്തില്‍ പങ്കാളികളാക്കുകയുമാണ്‌ ചെയ്തത്‌.

1. പൊന്നാനി

ഈ നിലയിലുളള ആദ്യത്തെ വേദിയുടെ രൂപീകരണം 2009 മാര്‍ച്ച്‌ 21 നു മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ചേര്‍ന്നു. പി പി രാമചന്ദ്രന്‍ , സി അശോക്‌ കുമാര്‍, ഡോ.ഷംഷാദ്‌ ഹുസൈന്‍, ഡോ.എല്‍,സുഷമ തുടങ്ങിയവര്‍ പങ്കാളികളായാണ്‌ അവിടെ സമിതി രൂപീകരിച്ചത്‌.

2. പേരാമ്പ്ര

മാര്‍ച്ച്‌ 21 നുതന്നെ കോഴിക്കോട്‌ ജില്ലയിലെ പേരാമ്പ്ര സി കെ ജി ഗവ കോളജില്‍ യോഗം നടന്നു. ഡോ.സി.ജെ .ജോര്‍ജ്‌, ഡോപി.സോമനാഥന്‍, എ പ്രദീപ്‌ കുമാര്‍, വി,ബാബുരാജ്‌ തുടങ്ങിയവര്‍ പങ്കാളികളായ യോഗമാണ്‌ അവിടെ നടന്നത്‌.

3. വടകര

മാര്‍ച്ച്‌ 22 നു വടകരയില്‍ ന്യൂ സാഗര്‍ കോളജില്‍ അറുപതോളം പേര്‍ പങ്കെടുത്ത യോഗം നടന്നു. കല്‍പറ്റ നാരായണന്‍, വീരാന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച്‌ മലയാളവേദിയെന്ന പേരില്‍ ഡോ.കെ.എം.ഭരതന്‍ കണ്‍വീനറായി ഏഴംഗ പ്രവര്‍ത്തകസമിതിയുള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തു. സമിതി 27 നു വൈകുന്നേരം വടകര ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം ചേരുകയും പൊതുജനങ്ങളില്‍നിന്ന്‌ ഈ പ്രശ്നത്തില്‍ നൂറു കണക്കിന്‌ ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തു.

4. കൊയിലാണ്ടി

മാര്‍ച്ച്‌ 29 നു കൊയിലാണ്ടി ഗവ.ബോയ്സ്‌ ഹൈ‌ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ പി.സുരേഷ്‌ കണ്‍വീനറായി സമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസതലത്തില്‍ മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍തന്നെ മലയാളപഠനത്തില്‍ മാറ്റങ്ങളുണ്ടാക്കിയ ഗുണദോഷങ്ങള്‍ പരിശോധിക്കപ്പെടണമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ അധ്യാപകര്‍ സ്വയം ആത്മപരിശോധനയ്ക്കും തയ്യറാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

5. കോഴിക്കോട്‌

ഏപ്രില്‍ 3 നു കോഴിക്കോട്‌ മോഡല്‍ സ്കൂളില്‍ ചേര്‍‌ന്ന‍ യോഗത്തില്‍ ഡോ. എം എന്‍ കാരശ്ശേരി, പ്രൊഫ.കെ.വി. തോമസ്‌ എന്നിവരുള്‍പ്പെടെ മുപ്പതോളം പേര്‍ സംബന്ധിച്ചു. ഡോ.കെ.എം.ഭരതന്‍ വിഷയം അവതരിപ്പിച്ചു. ഡോ.പി വി പ്രകാശ്‌ ബാബു കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു.പതിനൊന്നംഗ പ്രവര്‍ത്തകസമിതിക്കും രൂപം നല്‍കി.

6. കോട്ടയം

ഏപ്രില്‍ 5 നു കോട്ടയം ബസേലിയസ്‌ കോളജില്‍വെച്ചു നടന്ന യോഗത്തില്‍ വെച്ച്‌ മനോജ്‌ കുറൂര്‍‌‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. ഡോ.പി. പവിത്രന്‍, ഡോ. പി. ഗീത, എ. വി. ശ്രീകുമാര്‍, ഡോ. എസ്. എസ്. ശ്രീകുമാര്‍, എം. ആര്‍. രേണുകുമാര്‍, രേഖാരാജ്, ജി. ഉഷാകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ സെക്രട്ടറി പ്രൊഫ.തോമസ് ജോസഫ്‌ യോഗത്തില്‍ സംബന്ധിക്കുകയും ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നയം വിശദീകരിക്കുകയും ചെയ്തു. വിശദീകരണത്തെ യോഗത്തില്‍ സംബന്ധിച്ച മറ്റംഗങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും സംവാദത്തിനു‌ കാണിച്ച സന്നദ്ധതയെ സ്വാഗതം ചെയ്തു. സര്‍വകലാശാലാ സമിതികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ പുന:പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്‌ തോമസ്‌ ജോസഫ്‌ പറഞ്ഞത്‌. എന്നാല്‍ പ്രായോഗികതലത്തില്‍ അത്‌ സംഭവിക്കുന്നില്ലെന്ന കാര്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

7. തിരുവനന്തപുരം

ഏപ്രില്‍ 10 ന്‌ തിരുവനന്തപുരത്ത്‌ ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ തുടങ്ങി മുപ്പതോളം പേര്‍ പങ്കെടുത്തു. കേരളസര്‍വകലാശാലയുടെ മലയാളം ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.സ്റ്റീഫന്‍, അംഗം ഡോ.രമാഭായിയമ്മ എന്നിവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അധ്യാപകരുടെ തൊഴില്‍ സമയം കുറയുന്നില്ലെങ്കിലും ഭാഷാസാഹിത്യവിഷയങ്ങള്‍ക്ക്‌ പുതിയ പരിഷ്കരണത്തില്‍ സ്ഥാനം കുറച്ചതില്‍ യോഗം പ്രതിഷേധിക്കുകയും ഈ പരിഷ്കരണത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ‌ആവശ്യപ്പെടുകയുംചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ ചെയര്‍മാനും അജയപുരം ജ്യോതിഷ്‌ കുമാര്‍ കണ്‍വീനറുമായി മലയാളവേദി രൂപീകരിച്ചു.

മാനന്തവാടി, ആലുവ, കണ്ണൂര്‍‌‍, മൂവാറ്റുപുഴ, ആലപ്പുഴ, പാലക്കാട്‌, തൃശ്ശൂര്‍‌‍ എന്നിവിടങ്ങളിലും വേദി രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്‌. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും നിലനില്‍പുമായി ബന്ധപ്പെട്ട വിശാല തലങ്ങളിലാണ്‌ സമിതികള്‍ നിലവില്‍വരുന്നത്‌. ഭാഷാ സ്നേഹികള്‍, സ്കുള്‍ പ്ളസ്‌ റ്റു കോളജ്‌ സര്‍വകലാശാലാ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ സമിതികള്‍ രൂപപ്പെടുന്നത്‌. ഈ സമിതികളുടെ പ്രതിനിധികളും സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നുള്ള ഭാഷാസ്നേഹികളും അധ്യാപകരും ഗവേഷകരും മറ്റും ഉള്‍പ്പെടുന്ന സംസ്ഥാനതലയോഗമാണ്‌ ഏപ്രില്‍ 19 നു തൃശ്ശൂരില്‍ ചേര്‍ന്നത്‌.

മലയാളവേദി സംസ്ഥാനതലയോഗം തൃശ്ശൂര്‍‌‍ ഏപ്രില്‍ 19

തൃശ്ശൂരിലെ കേരളസംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തില്‍ 2009 ഏപ്രില്‍ 19 നു ചേര്‍ന്ന യോഗത്തില്‍ 37 പേര്‍‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍: വി. ജി.തമ്പി, പി.രാമന്‍,ഗീത, പി.പവിത്രന്‍, റോസി തമ്പി, സോമനാഥന്‍ പി, ടി വി സജീവ്‌, കെ.എം.ഭരതന്‍, ഷംഷാദ്‌ ഹുസൈന്‍, ബിലു സി നാരായണന്‍, ആര്‍ സുരേഷ്‌, വി.അശോക്‌ കുമാര്‍, പി.സുരേഷ്‌, വി.പി.മാര്‍ക്കോസ്‌, ജോസഫ്‌ കെ ജോബ്‌, എ.പ്രദീപ്‌ കുമാര്‍, പി വി പ്രകാശ്‌ ബാബു, സജീവ്‌ പി വി, കെ.വി.സലീന, വി.ബാബുരാജ്‌, ഇ.ദിനേശന്‍, ഹേമ ജോസഫ്‌, എം.ആര്‍ മഹേഷ്‌, പി.മധുസൂദനന്‍, സി.വി.സുധീര്‍, സി ആദര്‍ശ്‌, അണിമ വി പി, കെ പി രാജേഷ്‌, രൂപേഷ്‌ ഒ ബി, രമേശന്‍ പി, പ്രദീപന്‍ എം.വി, അജിത കെ, അമ്പിളി എ ആര്‍, പ്രദീപ്‌കുമാര്‍ എന്‍ വി, വി അബ്ദുള്‍ ലത്തീഫ്‌, കെ.എം.ഭരതന്‍, ഹരി പി, ഷിജു ആര്‍, ഹരി പി.

ബിരുദതലപുന:സംഘടന- ഭാവിപരിപാടികള്‍

1. ബിരുദതലപുന:സംഘടനയിലെ മലയാളഭാഷാസാഹിത്യങ്ങളോടുള്ള അവഗണനയ്ക്കെതിരെയുള്ള ഒപ്പുശേഖരണം ഏപ്രില്‍ 30 നു മുമ്പ്‌ പൂര്‍ത്തിയാക്കണം. മെയ്‌ ആദ്യവാരത്തില്‍ തിരുവനന്തപുരത്തു‌ വെച്ച്‌ പത്രസമ്മേളനം നടത്തണം. ഒപ്പിട്ട നിവേദനം മന്ത്രിക്ക്‌ നല്‍കണം.

2. അതതു പ്രദേശങ്ങളില്‍ മലയാളവേദികള്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തുക.

3. അനുകൂലമായ തീരുമാനമില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുക.

മലയാളവേദിയുടെ പരിപ്രേക്ഷ്യം

1. മലയാളം മാധ്യമമായുള്ള വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുക.

2. മലയാള ഭാഷാസാഹിത്യപഠനം ഇംഗ്ളീഷ്‌ മാധ്യമമായതുള്‍പ്പെടെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കുക.

3. മലയാള ഭാഷാസാഹിത്യപഠനം എല്ലാ തലങ്ങളിലും ഇന്നു നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക.

4. വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള അടിയന്തിര ശ്രമങ്ങള്‍ നടത്തുക.

മലയാളവേദിക്ക്‌ പ്രവര്‍ത്തക സമിതി

മലയാളവേദിക്ക്‌ സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഇനി രൂപപ്പടുന്ന പ്രാദേശിക തലത്തിലുള്ള മലയാളവേദികളുടെ കണ്‍വീനര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. സംസ്ഥാനതല പ്രവര്‍ത്തക സമിതി നിലനില്‍ക്കെത്തന്നെ പ്രാദേശിക വേദികള്‍ക്ക്‌ സ്വതന്ത്രമായ പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പരിപാടികളുമായി മുന്നോട്ടുപോകാവുതാണ്‌. അടിയന്തിര സാഹചര്യങ്ങളില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളതായിരിക്കും പ്രവര്‍ത്തക സമിതി.
അംഗങ്ങള്‍: പി രാമന്‍, പി സുരേഷ്‌, മനോജ്‌ കുറൂര്‍‌‍, കെ.എം. ഭരതന്‍, ടി വി സജീവ്‌, വി അശോക്‌ കുമാര്‍, പി വി പ്രകാശ് ബാബു, എ പ്രദീപ്‌ കുമാര്‍, ആര്‍ സുരേഷ്‌, അജയപുരം ജ്യോതിഷ്‌ കുമാര്‍, ജോസഫ്‌ ജോബ്‌, അജിത കെ, ഹേമ ജോസഫ്‌, രൂപേഷ്‌ ഒ ബി.
കോ- ഓര്‍ഡിനേറ്റര്‍‌: പി പവിത്രന്‍

നവംബര്‍ ഒന്നിനു മലയാളവേദി സംസ്ഥാനതല കണ്‍വെന്‍ഷന്‍‌

‍കേരളത്തിലും പുറത്തുമുള്ള മലയാളഭാഷാസ്നേഹികളെയും പ്രവര്‍ത്തകരെയും ആകെ പങ്കെടുപ്പിച്ചു കൊണ്ട്‌ 2009 നവംബര്‍ ഒന്നിനു സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്താനും തൃശ്ശൂര്‍‍ സമ്മേളനം തീരുമാനിച്ചു.