Sunday, December 13, 2009
മലയാളവേദികള്‍ ചേര്‍ന്ന് മലയാള ഐക്യവേദി രൂപീകരിച്ചു
നയരേഖാചര്‍ച്ച
നവം. 14 ന് രാവിലെ ചേര്‍ന്ന നയരേഖാ ചര്‍ച്ചയില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനായി. ജോ മാത്യൂസ് ,ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിച്ചു. പി.പവിത്രന്‍ ചര്‍ച്ചയ്ക്കുള്ള നയരേഖ അവതരിപ്പിച്ചു. ഡോ.പി.സോമനാഥന്‍,എം.എം.സോമശേഖരന്‍,ഡോ.ഷംഷാദ് ഹുസൈന്‍, എ.വി.പവിത്രന്‍, ഡോ.സോമന്‍ കടലൂര്‍, വി.ബാബുരാജ്, തോമസ് പനക്കുളം, കെ.കെ.സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി,സുരേഷ് സ്വാഗതവും സലിം.കെ.ഞക്കനാല്‍ നന്ദിയും പറഞ്ഞു.
ഭരണഭാഷ
ഉച്ചയ്ക്ക് ചേര്‍ന്ന ഭരണഭാഷാ സെമിനാറില്‍ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍.രാഘവവാര്യര്‍ (ഭരണഭാഷ), അഡ്വ.കെ.രാംകുമാര്‍ ( കോടതി ഭാഷ ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പഴയ മലയാളത്തില്‍ത്തന്നെ ഭരണഭാഷയ്ക്ക് വേണ്ട ലളിതമായ അനേകം വാക്കുകളുണ്ടെന്നും നാം അത് ഉപയോഗിക്കുന്നില്ലെന്നും ഡോ.രാഘവവാര്യര്‍ ചൂണ്ടിക്കാട്ടി. എത്രയോ കാലം മലയാളമായിരുന്നു ഭരണഭാഷ. കോടതിഭാഷ മലയാളമാകാത്തതിനാല്‍ സ്വന്തം കക്ഷിക്കെതിരെ വക്കീല്‍ വാദിച്ചാല്‍പോലും കക്ഷി അത് തിരിച്ചറിയാത്ത സംഭവങ്ങളുണ്ടെന്ന് അഡ്വ.രാംകുമാര്‍ പറഞ്ഞു.കോടതിഭാഷ മലയാളമാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭരണഭാഷയ്ക്കു വേണ്ടി നടന്ന പ്രവര്‍ത്തനങ്ങള്‍ ഭാഷയും ഭരണഭാഷയും എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഡോ.എഴുമറ്റൂര്‍ വിശദീകരിച്ചു. മലയാളിക്ക് ഇന്ന് ഭാഷാഭിമാനമില്ലാതായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.അജയന്‍ സ്വാഗതവും പുറന്തോടത്ത് ഗംഗാധരന്‍ നന്ദിയും പറഞ്ഞു.
ഉദ്ഘാടനസമ്മേളനം
വൈകിട്ട് പി.വത്സല സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. മാതൃഭാഷയെ സ്നേഹിക്കാത്തവര്‍ക്ക് രാജ്യത്തെ സ്നേഹിക്കാനാവില്ലെന്ന് പി.വത്സല പറഞ്ഞു. സര്‍ഗാത്മകത മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാളം ഒരു ഭാഷ മാത്രമല്ല ഒരു സംസ്കാരം തന്നയാണ് എന്ന് ഡോ.രാഘവന്‍ പയ്യനാട് വിശദമാക്കി. മാതൃഭാഷയുടെ നിലനില്‍പ് സ്വത്വബോധവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭാഷ എങ്ങിനെ നമ്മുടെ മനസ്സിനെ രൂപീകരിക്കുന്നുവെന്ന് ഡോ.എം.എന്‍.കാരശ്ശേരി വിശദീകരിച്ചു. ‘ലൌ ജിഹാദ്’ എന്ന ഒറ്റ വാക്കിന് എങ്ങിനെ സമൂഹത്തില്‍ ധ്രവീകരണം ഉണ്ടാക്കാന്‍ കഴിയുന്നുവെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം മലയാളം എന്ന ഭാഷയാണ് കേരളസമൂഹത്തെ ഐക്യപ്പെടുത്തുന്നത് എന്ന് വിശദീകരിച്ചു. മലയാളം സര്‍വകലാശാലയുടെ പ്രാധാന്യം എം.സി.വടകര ചൂണ്ടിക്കാട്ടി. മലയാളത്തിന് മാത്രമാണ് ദക്ഷിണേന്ത്യയില്‍ ഒരു സര്‍വകലാശാല ഇല്ലാത്തത്.
ഡോ.കെ.എം.ഭരതന്‍ സ്വാഗതവും എന്‍.വി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.
കവി സമ്മേളനം
സന്ധ്യക്ക് നടന്ന കാവ്യോത്സവം വടക്കന്‍ പാട്ടുകാരി കുന്നോത്ത് മാണി ഉദ്ഘാടനം ചെയ്തു.വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കറ്റോടി ദയരപ്പന്‍ പുലിയങ്കം വെട്ടിയ പാട്ടുകഥ അവര്‍ അവതരിപ്പിച്ചു. കല്‍പറ്റ നാരായണന്‍, കെ.ആര്‍.ടോണി, ശിവദാസ് പുറമേരി, രാധാമണി അയിങ്കലത്ത്, ഗിരിജ പി.പാതേക്കര, ഗഫൂര്‍ കരുവണ്ണൂര്‍, നാസര്‍ ഇബ്രാഹിം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ശിവദാസ് പുറമേരി സ്വാഗതവും എം.വി.പ്രദീപന്‍ നന്ദിയും പറഞ്ഞു.
വിദ്യാലയങ്ങളിലെ മാതൃഭാഷാപഠനം
നവംബര്‍ 15 ന് രാവിലെ നടന്ന വിദ്യാലയങ്ങളിലെ മാതൃഭാഷാ പഠനം എന്ന സെമിനാറില്‍ ടി.രാധാകൃഷ്ണന്‍(പീരുമേട് എ ഇ ഒ) അധ്യക്ഷത വഹിച്ചു. നാളെയുടെ ഭാഷാപഠനം എന്ന വിഷയം അവതരിപ്പിച്ച ഡോ.പി.കെ.തിലക് ഇന്നലെകളില്‍ നിന്നും ഇന്നില്‍ നിന്നും വേണ്ടതു മാത്രം സ്വീകരിച്ച് ഭാവിയുടെ നിര്‍മിതിയാണ് ലക്ഷ്യമാക്കേണ്ടത് എന്ന് പറഞ്ഞു. കരിക്കുലത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ പ്രയോഗത്തില്‍ വരുമ്പോള്‍ മാറിപ്പോവുന്നതെങ്ങിനെ എന്ന് അദ്ദേഹം വിശദീകരിച്ചു. സി. അരവിന്ദന്‍ (പഠനരീതിയിലെ പ്രശ്നങ്ങള്‍) മലയാളംക്ളാസുകളില്‍ അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാതൃഭാഷാപഠനത്തില്‍ അടിയന്തിരമായി ഇടപെടലുകള്‍ ഉണ്ടാകണമെന്ന് നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളിലും ഇംഗ്ളീഷ് മീഡിയം ഡിവിഷന്‍ വരുന്നതോടെ മലയാളത്തിന്റെ ഭാവിക്കു വരുന്ന അപകടവും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിജ്ഞാനഭാഷ
ഉച്ചയ്ക്ക് നടന്ന വിജ്ഞാനഭാഷ സെമിനാറില്‍ ഡോ.എം.ജി.എസ് നാരായണന്‍ അധ്യക്ഷനായിരുന്നു. മലയാളവും മലയാളിയും മുമ്പില്ലാത്തവിധം ലോകത്തില്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ടെന്ന് എം.ജി.എസ് പറഞ്ഞു. മാതൃഭാഷയില്‍ വിജ്ഞാനം നിര്‍മിക്കുമ്പോള്‍ ശാസ്ത്രസാങ്കേതിക കാര്യങ്ങളില്‍ അത് കണ്ടുപിടിച്ച ഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കാമെന്ന് എം.ജി.എസ് നിര്‍ദ്ദേശിച്ചു. ഡോ.ടി.വി സജീവ് (ശാസ്ത്രഭാഷ) അന്യഭാഷയിലെ ശാസ്ത്രീയമായ അറിവ് എങ്ങിനെ അന്യത്വമുണ്ടാക്കുന്നുവെന്ന് വിശദീകരിച്ചു. ആഗോളവല്‍ക്കരണത്തിന്റെ മൂലധനരൂപത്തിനും സ്ഥാപനങ്ങള്‍ക്കുമനുസരിച്ച് വികസിക്കുന്ന ഭാഷാപരമായ അന്യവല്‍ക്കരണം തദ്ദേശീയരെയും തദ്ദേശഭാഷയെയും അറിവിന്റെ മേഖലയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. ഭാഷാ സാങ്കേതികത എന്ന പ്രബന്ധമവതരിപ്പിച്ച കെ.എച്ച്. ഹുസൈന്‍ മലയാളത്തിന്റെ ലിപി ചരിത്രത്തെ മുന്‍നിര്‍ത്തി ഇനി നടക്കേണ്ട ഇടപെടലുകള്‍ എന്തെന്ന് വിശദീകരിച്ചു. ടൈപ്പിംഗ് വന്ന ഘട്ടത്തിലെ ലിപി പരിഷ്കരണങ്ങള്‍ കമ്പ്യൂട്ടര്‍ വന്ന ഈ ഘട്ടത്തില്‍ അതേ പടി നിലനിര്‍ത്തേണ്ടതില്ലെന്നും മലയാളത്തിലെ തനതു ലിപി ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വേണു കക്കട്ടില്‍ സ്വാഗതവും ഒ.ബി. രൂപേഷ് നന്ദിയും പറഞ്ഞു.
സാഹിത്യപഠനം
ഉച്ചയ്ക്കു ശേഷം നടന്ന സാഹിത്യപഠന സെമിനാറില്‍ ഡോ.വി.സി.ശ്രീജന്‍ അധ്യക്ഷനായിരുന്നു. മലയാളഭാഷ മാത്രമല്ല മാനവിക വിഷയങ്ങള്‍ മുഴുവന്‍ ഇന്ന് ഭീഷണിയെ നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തും ഈ അവസ്ഥയാണ് നിലനില്‍ക്കുന്നത്. പി.ഗീത ( സാഹിത്യപഠനത്തിലെ പ്രതിസന്ധി) വിദ്യഭ്യാസ പരിഷ്കരണം ഉള്ളടക്കത്തിലും രീതിയിലും സാഹിത്യപഠനത്തെ എങ്ങിനെ എതിരായി ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. പരിഷ്കരണത്തിന്റെ പേരില്‍ കടന്നുവരുന്ന പുതിയ വിഷയങ്ങള്‍ മലയാളപഠനത്തിന്റെ പഠനസമയത്തെയാണ് അപഹരിക്കുന്നത്. സാഹിത്യപഠനത്തിലെ സര്‍ഗാത്മകത എന്ന വിഷയം അവതരിപ്പിച്ച കല്‍പറ്റ നാരായണന്‍ ഭാഷ എങ്ങിനെ ജീവിതാവബോധത്തെ ബാധിക്കുന്നുവന്ന് പറഞ്ഞു. സാഹിത്യപഠനത്തില്‍ മാത്രമാണ് മനുഷ്യന്‍ പൂര്‍ണരൂപത്തില്‍ സംബോധന ചെയ്യപ്പെടുന്നത് എന്നും അതിനാല്‍ സാഹിത്യപഠനത്തിനേല്‍ക്കുന്ന പരിക്ക് ജീവിതത്തിനേല്‍ക്കുന്ന പരിക്കാണെന്നും കല്‍പറ്റ ചൂണ്ടിക്കാട്ടി.
കെ.പി.ഗോപിനാഥ് സ്വാഗതവും ഹരീഷ് സി.പി. നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് എം.മുകുന്ദന്‍ മലയാളത്തെ ആധുനികീകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആഗോളവല്‍ക്കരണത്തിന് ഭാഷയെയും സംസ്കാരത്തെയും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മാതൃഭാഷ നശിക്കുന്നുണ്ടെങ്കില്‍ അത് നമ്മുടെ ഉദാസീനത കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അധ്യക്ഷത വഹിച്ച ഡോ.കെ.പി.മോഹനന്‍ വിനിമയോപാധി എന്ന നിലയില്‍ മാതൃഭാഷയുടെ പ്രാധാന്യവും അപരന്റെ ഭാഷയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഭരണഭാഷയെന്ന നിലയില്‍ നിലവിലുള്ള നിയമങ്ങള്‍ പോലും ജനങ്ങള്‍ അറിയുന്നില്ലെന്നും അതിന് വേദി ശ്രമിക്കണമെന്നും പറഞ്ഞു. ഇംഗ്ളീഷിനു നേരത്തെയുണ്ടായിരുന്ന പദവി സാമാന്യജനജീവിതത്തില്‍ ഇന്ന് ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പി.രഞ്ജിത് കുമാര്‍ സ്വാഗതവും ഒ.പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.
മലയാളഐക്യവേദി- നയരേഖ
(2009 നവംബര്‍ 14, 15 തീയതികളില്‍ ‘വിദ്യാഭ്യാസവും ഭരണവും മാതൃഭാഷയില്‍’ എന്ന പേരില്‍ വടകരയില്‍ നടന്ന സമ്മേളനത്തിലും സെമിനാറിലും ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച രേഖ )
1. ആമുഖം
മാതൃഭാഷയെന്ന നിലയില്‍ മലയാളത്തെ പൊതുജീവിതത്തിലും വിദ്യാഭ്യാസത്തിലും ഭരണത്തിലും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും താത്പര്യമുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മയായിരിക്കും മലയാളഐക്യവേദി. സംസ്ഥാനത്തിനകത്തെ ഭാഷാന്യൂനപക്ഷ(കന്നഡ,തമിഴ്)ങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെ സംരക്ഷിക്കുന്നതും ആദിവാസികളുള്‍പ്പെടെയുള്ളവരുടെ മാതൃഭാഷകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ സമീപനമാണ് മലയാളഐക്യവേദിക്കുണ്ടാകുക. സംസ്ഥാനത്തിന് പുറത്ത് അതതു ജനതകളുടെ മാതൃഭാഷകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുകയും മലയാള ഐക്യവേദിയുടെ അടിസ്ഥാന സമീപനത്തിന്റെ ഭാഗമായിരിക്കും. മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും തൊഴിലെടുക്കാനുമുള്ള അവകാശത്തെ അടിസ്ഥാനപരമായ മനുഷ്യാവകാശമായി വേദി പരിഗണിക്കുന്നു. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ ഭാഗവുമാണിത്. ഇന്ത്യന്‍ ഭരണഘടന സങ്കല്‍പിക്കുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് സമൂഹനിര്‍മിതിക്ക് ഭാഷാപരമായ ജനാധിപത്യാവകാശങ്ങള്‍ സുപ്രധാനമായ ഒരു ഘടകമാണെന്നു വേദി കരുതുന്നു. ഇന്ത്യയിലെയും മൂന്നാം ലോകത്തെയും അധിനിവേശത്തിനു വിധേയമായതും വിധേയമായിക്കൊണ്ടിരിക്കുന്നതുമായ മാതൃഭാഷകളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുമായി വേദി സാഹോദര്യം സൂക്ഷിക്കും. സംസ്ഥാനത്തിനു പുറത്ത് മലയാളത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ക്ക് മലയാളഐക്യവേദിയുമായി ബന്ധപ്പെടാം.
2. ഐക്യവേദിയുടെ ഘടന
ഐക്യവേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനു പറ്റിയ വിശാലവും ജനാധിപത്യപരവുമായ ഘടനയാണ് വേദിക്കുണ്ടായിരിക്കുക. ഓരോ പ്രദേശത്തെയും പൊതുജീവിതത്തിലിടപെട്ട് മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കുകയും മാതൃഭാഷാവിദ്യാലയങ്ങളും വിദ്യാഭ്യാസവും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള പ്രാഥമികമായ കൂട്ടായ്മയായ പ്രാദേശിക സമിതികള്‍ക്കു പുറമേ സംസ്ഥാനതല പ്രവര്‍ത്തക സമിതിയുടെ കീഴില്‍വരുന്ന വിവിധ ഉപസമിതികളും വേദിക്ക് ഉണ്ടായിരിക്കും. ഭരണഭാഷയെന്ന നിലയിലും വിജ്ഞാനഭാഷയെന്ന നിലയിലും വിദ്യാഭ്യാസമാധ്യമമെന്ന നിലയിലും മാതൃഭാഷയുടെ പുരോഗതിയെ സവിശേഷമായി വിലയിരുത്തുകയാണ് ഉപസമിതികളുടെ ലക്ഷ്യം. അതതു മണ്ഡലങ്ങളില്‍ സ്വതന്ത്രവും ജൈവികവുമായ പഠനത്തിലേര്‍പ്പെടുകയും നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിക്ക് മുമ്പാകെ വെക്കുകയുമാണ് ഈ ഉപസമിതികളുടെ ചുമതല. ഭരണഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ പുരോഗതിയെ വിലയിരുത്തുന്നതിനുള്ള ഉപസമിതി ‘രണഭാഷാവേദി’യെന്ന പേരിലാണറിയപ്പെടുക. വിജ്ഞാനഭാഷയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് നാലു വ്യത്യസ്ത ഉപസമിതികളുണ്ടായിരിക്കും. ശാസ്ത്രമലയാളവേദി, സാമൂഹ്യശാസ്ത്രമലയാളവേദി, മലയാള മാധ്യമവേദി, മലയാള വിവരസാങ്കേതികവേദി എന്നിവയായിരിക്കും തുടക്കമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനഭാഷയ്ക്കുള്ള ഉപസമിതികള്‍. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ഉപസമിതികളുണ്ടായിരിക്കും. പ്രൈമറി തല മലയാളവേദി, ഹൈസ്കൂള്‍ തല മലയാളവേദി, ഹയര്‍ സെക്കന്ററി തല മലയാള വേദി, ബിരുദ തല മലയാളവേദി, ബിരുദാനന്തര തല മലയാള വേദി എന്നിവയായിരിക്കും വിദ്യാഭ്യാസ വേദികള്‍. ചുരുക്കത്തില്‍ മലയാള ഐക്യവേദിക്ക് താഴെ പറയുന്ന മട്ടിലുള്ള ബഹുതല സ്വഭാവമുണ്ടാഭായിരിക്കും:
1. അടിസ്ഥാന ഘടകമെന്ന നിലയില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാള ഐക്യവേദിയുടെ കൂട്ടായ്മകള്‍
2.സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തക സമിതി.
3. പ്രവര്‍ത്തക സമിതിയോട് നേരിട്ട് ഉത്തരവാദിത്തമുള്ള താഴെ പറയുന്ന ഉപസമിതികള്‍:
(i) ഭരണഭാഷാ വേദി
(ii) ശാസ്ത്ര മലയാളവേദി
(iii) സാമൂഹ്യശാസ്ത്രമലയാളവേദി
(iv) പ്രൈമറി തല മലയാള വേദി
(v) ഹൈസ്കൂള്‍ തല മലയാള വേദി
(vi) ഹയര്‍ സെക്കന്ററി തല മലയാള വേദി
(vii) ബിരുദതല മലയാള വേദി
(viii) ബിരുദാനന്തര തല മലയാള വേദി
(ix) മലയാള മാധ്യമവേദി
(x) മലയാള വിവരസാങ്കേതിക വേദി
3. പ്രാദേശിക സമിതി
പ്രാദേശിക വേദികളായിരിക്കും മലയാള ഐക്യവേദിയുടെ പ്രായോഗിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകം. സംസ്ഥാന പ്രവര്‍ത്തക സമിതി നിശ്ചയിക്കുന്ന പരിപാടികള്‍ക്കു പുറമെ പ്രാദേശിക സമിതികള്‍ക്ക് മലയാളഭാഷയുടെ പൊതുവായ പുരോഗതിക്കുതകുന്ന ഏതുപരിപാടിയും സ്വതന്ത്രമായി നടത്താവുന്നതാണ്. പ്രാദേശിക സമിതികള്‍ക്കും അധ്യക്ഷന്‍, കണ്‍വീനര്‍,ഖജാന്‍ജി, പ്രവര്‍ത്തക സമിതി എന്നിവ ഉണ്ടാകും. അതിലെ അംഗങ്ങളുടെ എണ്ണം അതതു സമിതികളായിരിക്കും നിശ്ചയിക്കുന്നത്. അതതു പ്രദേശങ്ങളിലെ മാതൃഭാഷാവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുതകുന്ന പരിപാടികള്‍ പ്രാദേശികവേദികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതാണ്. അതോടൊപ്പം സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളും പ്രാദേശിക വേദികള്‍ക്ക് ഏറ്റെടുത്ത് നടത്താവുന്നതാണ്. സമ്മേളനം, പ്രചരണപരിപാടികള്‍,പുസ്തകപ്രസിദ്ധീകരണം തുടങ്ങി സംസ്ഥാനതലത്തില്‍ പൊതുവായ പരിപാടികള്‍ വരുമ്പോള്‍ പ്രാദേശിക സമിതികള്‍ എല്ലാ നിലയിലും സഹകരിക്കേണ്ടതാണ്.
4. സംസ്ഥാന തല പ്രവര്‍ത്തക സമിതി
വിവിധ സമിതികളുടെ പ്രവര്‍ത്തനത്തിന് ഏകോപനം നല്‍കാന്‍ സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തക സമിതിയും അധ്യക്ഷനും കണ്‍വീനറും നാലു സെക്രട്ടറിമാരും ഖജാന്‍ജിയും ഉണ്ടായിരിക്കും. സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് ഓരോ മേഖലയുടെയും ചുമതലകള്‍ വഹിക്കുന്നത് സെക്രട്ടറിമാരായിരിക്കും.
മേഖലകള്‍:
1. കാസര്‍ഗോഡ്,കണ്ണൂര്‍, വയനാട്, കോഴിക്കോട്
2. മലപ്പുറം,പാലക്കാട്,തൃശ്ശൂര്‍
3. ഏറണാകുളം,കോട്ടയം,ഇടുക്കി,പത്തനംതിട്ട
4.. ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം
പ്രവര്‍ത്തക സമിതിയിലെ അംഗസംഖ്യ ഓരോ വര്‍ഷത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതുക്കി നിശ്ചയിക്കാവുന്നതാണ്. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ നാല്‍പത് അംഗങ്ങള്‍ ചേര്‍ന്നതായിരിക്കും പ്രവര്‍ത്തക സമിതി. നിലവിലുള്ള സാഹചര്യത്തില്‍ ഓരോ പ്രാദേശിക സമിതിയിലെയും രണ്ടു വീതം അംഗങ്ങള്‍ പ്രവര്‍ത്തക സമിതിയിലുണ്ടാകും. അതിനോടൊപ്പം ഉപസമിതികളിലെ കണ്‍വീനര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. പ്രസിഡന്റ്, ജന.സെക്രട്ടറി, കണ്‍വീനര്‍ എന്നീ ഭാരവാഹികളാകും സംസ്ഥാനതലത്തില്‍ മലയാളഐക്യവേദിക്കുണ്ടാകുക. സംസ്ഥാന തല പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കേണ്ട ചുമതല കണ്‍വീനര്‍ക്കായിരിക്കും. യോഗ നടപടികള്‍ നിയന്ത്രിക്കേണ്ടത് അധ്യക്ഷനായിരിക്കും. ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഉത്തവാദിത്തം ജന.സെക്രട്ടറിക്കായിരിക്കും.
നയപരമായ കാര്യങ്ങള്‍ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. നാലിലൊന്ന് അംഗങ്ങളെങ്കിലും ഒരു യോഗത്തില്‍ ഹാജരാകുന്ന യോഗതീരുമാനങ്ങളേ സാധുവാകൂ. അടിയന്തിര സാഹചര്യത്തില്‍ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന വിഷയങ്ങളില്‍ അധ്യക്ഷന്‍, കണ്‍വീനര്‍, സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരുമായി ചേര്‍ന്നോ അവരുടെ അറിവോടെയോ ജന.സെക്രട്ടറിക്ക് തീരുമാനങ്ങളെടുക്കാവുന്നതാണ്.
പൊതുവായ നയപരിപ്രേക്ഷ്യം, ഒരു വര്‍ഷത്തില്‍ മലയാളഭാഷയുടെ പുരോഗതിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് വാര്‍ഷിക സമ്മേളനം. ഓരോ സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും.
5. ജില്ലാ സമിതി
ഒരു ജില്ലയിലെ പ്രാദേശിക സമിതികള്‍ക്ക് ആവശ്യമാകുന്ന പക്ഷം ജില്ലകളില്‍ ജില്ലാപ്രവര്‍ത്തക സമിതിയും അതിന് അധ്യക്ഷനും കണ്‍വീനറും ഖജാന്‍ജിയുമാകാം. ജില്ലാ സമിതികളുള്ളിടത്ത് മേഖലാ സെക്രട്ടറിമാര്‍ക്ക് നേരിട്ട് ജില്ലാ സമിതികളുടെ ചുമതലയുണ്ടായിരിക്കും. അല്ലാത്തിടത്ത് പ്രാദേശിക സമിതികളെയും സംസ്ഥാനപ്രവര്‍ത്തക സമിതിയെയും ഇണക്കുന്ന ചുമതലയായിരിക്കും മേഖലാ സെക്രട്ടറിമാരുടേത്.
6. ഉപ സമിതികള്‍
ഭരണഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ നിലയെ വിലയിരുത്തുന്നതിനും സമ്പൂര്‍ണമായി ഭരണഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനാണ് ഭരണഭാഷാവേദി. ഭരണ ഭാഷ, കോടതി ഭാഷ, തൊഴിലിടത്തെ ഭാഷ, യു.പി.എസ്.സി ഉള്‍പ്പെടെ വിവിധ പരീക്ഷകളിലെ ഭാഷ എന്നിവയെ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ളതാകും ഭരണഭാഷാസമിതി.
വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ശാസ്ത്രഭാഷയുടെ പുരോഗതിക്ക് വേണ്ടി രൂപീകരിക്കപ്പെടുന്നതായിരിക്കും ശാസ്ത്രമലയാളവേദി.
വിജ്ഞാനഭാഷയെന്ന നിലയില്‍ സാമൂഹ്യശാസ്ത്രത്തിലെ സങ്കല്‍പനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ളതായിരിക്കും സാമൂഹ്യശാസ്ത്ര മലയാളവേദി.
പത്ര-ദൃശ്യമാധ്യമലോകത്ത് മലയാളത്തിന്റെ പ്രയോഗത്തെക്കുറിച്ച് അവലോകനം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സമിതിയിരിക്കും മലയാള മാധ്യമവേദി.
വിവരസാങ്കേതിക വിദ്യയുടെ മണ്ഡലത്തിലെ മലയാളത്തിന്റെ പ്രയോഗസാധ്യതകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് മലയാള വിവരസാങ്കേതിക വേദിയുടെ പ്രവര്‍ത്തന മണ്ഡലം.
വാര്‍ഷികസമ്മേളനം തിരഞ്ഞെടുക്കുന്ന ഭരണഭാഷാവേദി, ശാസ്ത്ര മലയാളവേദി, സാമൂഹ്യശാസ്ത്രമലയാള വേദി, പ്രൈമറി തല മലയാളവേദി, ഹൈസ്കൂള്‍ തല മലയാള വേദി, ഹയര്‍ സെക്കന്ററി തല മലയാള വേദി, ബിരുദ തല മലയാള വേദി, ബിരുദാനന്തര തല മലയാള വേദി, മലയാള മാധ്യമ വേദി, മലയാള വിവരസാങ്കേതിക വേദി എന്നിവയ്ക്ക് അധ്യക്ഷന്‍, കണ്‍വീനര്‍ എന്നിവരുള്‍പ്പെടെ 7 അംഗങ്ങള്‍ വീതമുള്ളതായിരിക്കും.
ഇത്തരത്തിലുള്ള ഓരോ വേദിയുടെയും അധ്യക്ഷന്‍ പൊതുമണ്ഡലത്തില്‍ ഭാഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പണ്ഡിതരാകാം(അവര്‍ പ്രാദേശികവേദികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാകണമെന്നില്ല). കണ്‍വീനര്‍മാര്‍ മലയാള ഐക്യവേദിയുടെ പ്രവര്‍ത്തകസമിതി അംഗങ്ങളായിരിക്കും. അതിലെ അംഗങ്ങള്‍ മലയാള ഐക്യവേദിയിലെ പ്രവര്‍ത്തകരുമായിരിക്കും. ഈ വേദികളിലോരോന്നിനും അതതു മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിക്ക് മുമ്പില്‍ ചര്‍ച്ചയ്ക്കു വെക്കുകയും ചെയ്യാവുന്നതാണ്. മലയാള ഐക്യവേദിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭാരവാഹികളുള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും പൊതുമണ്ഡലത്തില്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാവുന്നതും പ്രകടിപ്പിക്കാവുന്നതുമാണ്. എന്നാല്‍ ചര്‍ച്ചയ്ക്കു ശേഷം ഇത്തരം കാര്യങ്ങള്‍ മലയാളഐക്യവേദിയുടെ പേരില്‍ സര്‍ക്കാര്‍ തലത്തിലോ പൊതുമണ്ഡലത്തിലോ ഉന്നയിക്കേണ്ടത് മലയാള ഐക്യവേദിയുടെ പ്രവര്‍ത്തക സമിതിയായിരിക്കും.
7.പ്രവര്‍ത്തക സമിതിയുടയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ്
പ്രാദേശിക സമിതിയിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കേണ്ടത്. പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് സംസ്ഥാനതല ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത് ഈ പൊതുയോഗമാണ്.
8. ഭാരവാഹിത്വത്തിന്റെ കാലയളവ്
ഒരു വര്‍ഷത്തേക്കായിരിക്കും ഭാരവാഹികളുടെ കാലയളവ്. തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളിലധികം അധ്യക്ഷന്‍, കണ്‍വീനര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ഒരേ ചുമതല വഹിക്കരുത്.
9. പ്രാദേശിക സമിതകളുടെ വിശേഷചുമതലകള്‍
വേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി അടിത്തട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും വേദിയുടെ സന്ദേശങ്ങള്‍ എത്തിക്കുക.
പ്രാദേശിക സ്ഥാപനങ്ങള്‍/വായനശാലകള്‍/ ക്ളബുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടോ വേദിയുടെ നേതൃത്വത്തിലോ സംവാദങ്ങള്‍,ചര്‍ച്ചകള്‍, പ്രചരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
മാതൃഭാഷാ-സാഹിത്യപഠനവും മാതൃഭാഷാ മാധ്യമമായുള്ള പഠനവും നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനു പ്രവര്‍ത്തിക്കുക. അവയുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുക. ഇതിനായി സാമൂഹിക ബോധവല്‍ക്കരണം നടത്തുക.
മലയാള ഭാഷാ-സാഹിത്യപഠനത്തിലും മലയാളം മാധ്യമായുള്ള പഠനത്തിലും ഉന്നതവിജയങ്ങള്‍ നേടുന്ന വിദ്യാലയങ്ങളെ കുട്ടികളെ പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.
മലയാള ഭാഷാ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തികള്‍/ പ്രസ്ഥാനങ്ങള്‍ എന്നിവയു(രു)ടെ സംഭാവനകള്‍ വിലയിരുത്തുന്ന പ്രാദേശിക സദസ്സുകള്‍ സംഘടിപ്പിക്കുക.
പ്രാദേശിക വിനിമയങ്ങളുടെ -സ്ഥാപനങ്ങള്‍,കടകള്‍,വാഹനങ്ങള്‍,സമ്മേളന നഗരികള്‍ എന്നിവയുടെ- ബോര്‍ഡുകള്‍ മാതൃഭാഷയില്‍ക്കൂടി നല്‍കുന്നതിനു പ്രേരിപ്പിക്കുക
10. പ്രവര്‍ത്തന പദ്ധതി
1. ഭരണഭാഷയെന്ന നിലയിലും പഠനമാധ്യമമെന്ന നിലയിലും മലയാളത്തെ എല്ലാ നിലകളിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുക.
2. വിജ്ഞാന ഭാഷയെന്ന നിലയില്‍ മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.
3. ഏതു തലത്തിലും മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള ശേഷി കൈവരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുക. അതിന്റെ ഭാഗമായി പദകോശം,വിജ്ഞാന നിഘണ്ടുക്കള്‍ എന്നിങ്ങനെയുള്ളവ തയ്യാറാക്കുകയോ അങ്ങിനെ തയ്യാറാക്കുന്ന സമിതികളെ സഹായിക്കുകയോ ചെയ്യുക
4. മലയാളഭാഷാസാഹിത്യപഠനം നേരിടുന്ന പ്രതിസന്ധികള്‍ കണ്ടെത്തുകയും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.
5. ഔപചാരിക വിദ്യാഭ്യാസമേഖലയില്‍ കേരളത്തില്‍ സ്ഥാപിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും മലയാളം ഒന്നാം ഭാഷയാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
6.ഭാഷാപഠനത്തെ സാങ്കേതിക ഭാഷാപാഠനമാക്കാതെ ഭാഷാസാഹിത്യരപഠനമാക്കുക. ശാസ്ത്രസാങ്കേതിക-പ്രൊഫഷല്‍ വിദ്യാഭ്യാസ മണ്ഡലങ്ങളുള്‍പ്പെടെ ഏതു വൈജ്ഞാനിക പഠനമേഖലയിലുള്ളവര്‍ക്കും സാഹിത്യപഠനം നിര്‍ബന്ധമാക്കുക.
7. പ്രൈമറി തലം മുതല്‍ സര്‍വകലാശാല തലം വരെ പഠനമാധ്യമം മലയാളമാക്കുക. ഗവേഷണപ്രബന്ധങ്ങള്‍ ഉള്‍പ്പെടെ മലയാളത്തില്‍ എഴുതുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനു പ്രവര്‍ത്തിക്കുക
8. പൊതുജീവിതവ്യവഹാരങ്ങള്‍ മലയാളത്തില്‍ (അവരവരുടെ ഭാഷാഭേദങ്ങളില്‍ ഉള്‍പ്പെടെ ആഭ്യന്തര ജനാധിപത്യബോധത്തോടെ) നിലനിര്‍ത്തുന്നതിനുള്ള അവബോധനിര്‍മിതിക്കായി പ്രവര്‍ത്തിക്കുക
9. മാതൃഭാഷയ്ക്കുവേണ്ടിയുള്ള നിലപാട് ഇതരഭാഷകള്‍ക്കെതിരല്ലെന്നും എന്നാല്‍ മേല്‍-കീഴ് ബന്ധത്തില്‍ ഭാഷകളെ വിന്യസിക്കുന്ന അധികാര-വിധേയബോധത്തിനെതിരാണെന്നും വ്യക്തമാക്കുക
10. ഇതിനെല്ലാം ആവശ്യമായ തരത്തില്‍ പ്രസിദ്ധീകരണങ്ങള്‍, പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
ഈ വര്‍ഷത്തെ പരിപാടി
1. 1969 ലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നിയമത്തിനു ശേഷം ഭരണഭാഷയെന്ന നിലയില്‍ നിലവിലുള്ള നിയമങ്ങള്‍ മനസ്സിലാക്കുകയും ആ നിയമങ്ങള്‍ തന്നെ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് നിര്‍ണയിക്കുകയും ചെയ്യുക. മലയാളത്തിന്റെ ഉപയോഗം ഓരോ ഭരണവകുപ്പിലും പ്രദേശത്തും എത്രത്തോളമെന്ന് പ്രാദേശിക വേദികള്‍ ആരായുകയും വിലയിരുത്തുകയും ചെയ്യുക.
2. ഭരണഭാഷാപുരോഗതിക്കു വേണ്ടി ജില്ലാ-താലൂക്ക് തലങ്ങളിലുള്ള സര്‍ക്കാര്‍ അവലോകന സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുക.
3. ഭരണഭാഷ എന്ന നിലയില്‍ മലയാളം ഇനിയും വികസിക്കേണ്ട മേഖലകള്‍ നിര്‍ണയിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുക.
4. നവം. 1 നു മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മലയാളഭാഷയില്‍ എഴുതാനും വായിക്കാനും കഴിയുന്നവര്‍ക്കു മാത്രം പി.എസ്.സി യോഗ്യത എന്ന മാനദണ്ഡം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തുക.
5. സ്കൂള്‍ തലത്തിലെ മാതൃഭാഷാ പഠനത്തെ സംബന്ധിച്ച് ചര്‍ച്ച സംഘടിപ്പിക്കുകയും നയം രൂപീകരിക്കുകയും ചെയ്യുക.
6. മലയാളം പഠന മാധ്യമമായുള്ള പ്രഖ്യാപിതമായ മലയാളം സര്‍വകലാശാല സ്ഥാപിച്ചു കിട്ടുന്നതിനു ശ്രമിക്കുക.
7. ബിരുദ പുന:സംഘടനയുമായി ബന്ധപ്പെട്ടു വന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും മുന്‍നിര്‍ത്തി ഒരു നയം രൂപീകരിക്കുക.അതിനെ മുന്‍നിര്‍ത്തി സര്‍വകലാശാലാതലങ്ങളിലെ അക്കാദമിക സമിതികള്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ വെക്കുക.
8. ബിരുദ പുന:സംഘടനയുമായി ബന്ധപ്പെട്ടു വന്ന ചര്‍ച്ചാ ലേഖനങ്ങള്‍ ക്രോഡീകരിക്കുക.
9. വിദ്യാഭ്യാസ ഭരണഭാഷാ സംബന്ധമായ ഇന്നോളമുള്ള ഇടപെടലുകളുടെ ചരിത്രം ക്രോഡീകരിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുക. 10. മാതൃഭാഷയ്ക്കായി ചരിത്രത്തില്‍ നടന്ന ഇടപെടലുകളും ചര്‍ച്ചകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിക്കുക.
വടകര സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികള്‍
പ്രസിഡന്റ്: ഡോ. പുതുശ്ശേരി രാമചന്ദ്രന്‍
ജന.സെക്രട്ടറി: ഡോ.കെ.എം.ഭരതന്‍, മലയാളവിഭാഗം, ഗവ.കോളജ്, മാഹി.
കണ്‍വീനര്‍: ഡോ.പി. പവിത്രന്‍
മേഖലാ സെക്രട്ടറിമാര്‍: കെ.കെ.സുബേര്‍, വി.പി.മാര്‍ക്കോസ്, ഡോ.ഷംഷാദ് ഹുസൈന്‍, പി. സുരേഷ്
ഉപസമിതികള്‍:
(1) ഭരണഭാഷാ വേദി
ചെയര്‍മാന്‍: ഡോ.എം.ആര്‍. രാഘവവാര്യര്‍
കണ്‍വീനര്‍: ഇ. ദിനേശന്‍
(ii) ശാസ്ത്ര മലയാളവേദി കണ്‍വീനര്‍: ഡോ.ടി.വി. സജീവ്
(iii) സാമൂഹ്യശാസ്ത്രമലയാളവേദി
ചെയര്‍മാന്‍:ഡോ.ടി.വി. മധു
കണ്‍വീനര്‍:ഒ.ബി. രൂപേഷ്
(iv) പ്രൈമറി തല മലയാള വേദി
കണ്‍വീനര്‍: സി. അരവിന്ദന്‍
(v) ഹൈസ്കൂള്‍ തല മലയാള വേദി
കണ്‍വീനര്‍: വി. ബാബുരാജ്
(vi) ഹയര്‍ സെക്കന്ററി തല മലയാള വേദി
ചെയര്‍മാന്‍: കല്‍പറ്റ നാരായണന്‍
കണ്‍വീനര്‍: സോമന്‍ കടലൂര്‍
(vii) ബിരുദതല മലയാള വേദി
ചെയര്‍മാന്‍: എന്‍. പ്രഭാകരന്‍
കണ്‍വീനര്‍: ഡോ. അജു നാരായണന്‍
(viii) ബിരുദാനന്തര തല മലയാള വേദി
ചെയര്‍മാന്‍:കെ.പി. മോഹനന്‍
കണ്‍വീനര്‍: ഡോ. സുനില്‍ പി ഇളയിടം
(ix) മലയാള മാധ്യമവേദി
ചെയര്‍മാന്‍: ഡോ.എം.എന്‍. കാരശ്ശേരി
(x) മലയാള വിവരസാങ്കേതിക വേദി
ചെയര്‍മാന്‍:എന്‍.എം. ഹുസൈന്‍
കണ്‍വീനര്‍:സി.എം. ഷണ്‍മുഖദാസ്
(നയരേഖ ചര്‍ച്ചാഘട്ടത്തിലാണ്. നയരേഖ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 2009 ഡിസം 31 നകം ജന. സെക്രട്ടറിക്ക് ലഭിക്കണം.
വിലാസം: ഡോ.കെ.എം.ഭരതന്‍, മലയാളവിഭാഗം, ഗവ.കോളജ് മാഹി. മാഹി. ഇ.മെയില്‍: sureshgaya@gmail.com)
Tuesday, May 26, 2009
ആശങ്കകള്‍ തുടരുന്നു
അനുബന്ധം രണ്ടില്‍ മൂന്നാം പേജിലെ 4.5 ല്‍ കോമണ്‍ കോഴ്സുകളുടെ ഘടന വിശദമാക്കിയിരിക്കുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍:
1. ഇന്നു നിലവിലുള്ള രീതിയില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയുമായി സങ്കല്പിക്കപ്പെട്ട വിഷയങ്ങളുടെ സ്ഥാനത്തു പുതുതായി വരുന്ന കോമണ്‍ കോഴ്സുകളുടെ എണ്ണം പത്തുതന്നെ.
ആദ്യത്തെ 4 കോഴ്സുകള്‍ ഇംഗ്ലീഷ് ഭാഷാ കോഴ്സുകളാണ്.
അഞ്ചും ആറും, ഇംഗ്ലീഷ് ഒഴിച്ചുള്ള ‘അഡീഷണല്‍ ലാങ്ഗ്വേജ്’ കോഴ്സുകള്‍.
ഏഴു മുതല്‍ പതിന്നാലു വരെയുള്ള ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു കോഴ്സുകള്‍.
2. ആദ്യത്തെ 4 കോഴ്സുകള്‍ നിര്‍ബന്ധിതമായി പഠിക്കേണ്ടവയാണ്. മലയാളമുള്‍പ്പെടെ ബാക്കി ഭാഷകള്‍ വരുന്ന അഞ്ചും ആറും കോഴ്സുകളും നിര്‍ബന്ധിതംതന്നെ. എന്നാല്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന ഇന്നത്തെ രീതിതന്നെ തുടര്‍ന്നിരിക്കുന്നു. അതായത് ഇപ്പോഴുള്ള ‘രണ്ടാം ഭാഷ’യുടെ അവസ്ഥതന്നെ. മാത്രമല്ല, ആ സ്ഥാനത്തുണ്ടായിരുന്ന ഭാഷാസാഹിത്യവിഷയങ്ങളില്‍ പകുതി ജനറല്‍ കോഴ്സുകളിലേക്കു മാറ്റിയ അവസ്ഥയ്ക്കും വ്യത്യാസമൊന്നുമില്ല.
3. പിന്നെ 8 ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന നാലെണ്ണം കൂടി കുട്ടികള്‍ പഠിക്കണം. അതില്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ പരിധിയില്‍ വരുന്ന കോഴ്സുകള്‍ക്കാണ് മുന്‍തൂക്കം.
പറഞ്ഞുവന്നത് മലയാളപഠനം ഇപ്പോഴുള്ള അവസ്ഥയില്‍നിന്നുതന്നെ ആവുന്നത്ര കുറയ്ക്കുന്ന ആദ്യരൂപരേഖയില്‍നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ല എന്നുതന്നെയാണ്. കൂടാതെ മറ്റൊന്നുകൂടിയുണ്ട്.ജനറല്‍ കോഴ്സുകളുടെ കാര്യത്തില്‍ അതാതു കോളേജിന്റെ തലത്തില്‍ നിലവില്‍വരുന്ന മോനിട്ടറിങ്ങ് കമ്മിറ്റിക്കാണ് ‘റ്റീച്ചിങ് വര്‍ക്ക്’ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം. ഇതാകട്ടെ, അതതു കോളേജില്‍ നിലനില്‍ക്കുന്ന ‘സ്റ്റാഫ് പാറ്റേണി’നനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. അതായത് മലയാളവിഭാഗത്തിന്റെ പരിധിയില്‍വരുന്ന പരിമിതമായ കോഴ്സുകള്‍ പോലും അതില്‍ പരിഗണിക്കപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.
ഇതുവരെ ഇക്കാര്യത്തിലുണ്ടായ മുഴുവന്‍ പ്രതിഷേധങ്ങള്‍ക്കും ഒരു വിലയും കല്പിക്കാത്ത തരത്തില്‍ രൂപപ്പെടുത്തിയ പുതിയ രൂപരേഖയോട് ഇനിയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ രൂപപ്പെട്ടിട്ടുള്ള വിവിധ മലയാളവേദികളുടെയും മറ്റു ഭാഷാസ്നേഹികളുടെയും അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
Tuesday, May 19, 2009
മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കരുത്- മലയാളവേദി മുഖ്യമന്ത്രിക്ക് ഭീമഹരജി നല്‍കി
കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദ പുന:സംഘടന സാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതാണ് എന്നു കാണിച്ച് ഡോ.സുകുമാര്‍ അഴീക്കോട്, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സേതു, ഡോ.എം.ആര്‍.രാഘവവാര്യര്‍, സാറാ ജോസഫ്, സുഗതകുമാരി,ഹൃദയകുമാരി, ഡോ.ടി.ബി.വേണുഗോപാലപ്പണക്കര്‍ തുടങ്ങി സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളുമുള്‍പ്പെടുന്ന ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പിട്ട ഭീമഹരജി കേരളമുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു. മലയാളവേദി രക്ഷാധികാരി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.പവിത്രന്‍, തിരുവനന്തപുരം മലയാളവേദിയുടെ ചെയര്‍മാന്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ് ഹരജി നല്‍കിയത്. രണ്ടുവര്‍ഷങ്ങളിലായി മൂന്നു പേപ്പറിലായി ഇപ്പോള്‍ പഠിക്കുന്ന മലയാളസാഹിത്യം ആറുമാസത്തെ ഒറ്റ പേപ്പറായി ചുരുക്കിയിരിക്കുകയാണെന്നും മലയാളഭാഷയുടെ പഠനസമയം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ച സാഹിത്യകൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു പുറത്തേക്കു പോകും. മലയാളസാഹിത്യത്തെ മാത്രമല്ല ഇംഗ്ളീഷ് ഉള്‍പ്പെടെ എല്ലാ ഭാഷകളുടെ സാഹിത്യത്തെയും പുതിയ പരിഷ്കരണത്തില്‍ അവഗണിച്ചിരിക്കുകയാണ്. മലയാളഭാഷയും സാഹിത്യവും ബിരുദതലത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രമായി നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത് എന്ന് ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തമിഴ്,കന്നഡ,തെലുങ്കു ഭാഷകള്‍ക്കായി അതതു സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ ഉണ്ടായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാപഠനത്തിനായി ഇത്തരമൊരു സംവിധാനമില്ലാത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന മറ്റൊരു നിവേദനവും മുഖ്യമന്ത്രിക്ക് നല്‍കി.
മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെ മലയാളവേദി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,
രക്ഷാധികാരി.
ഡോ.പി. പവിത്രന്‍,
കോ-ഓര്‍ഡിനേറ്റര്‍.
മലയാളവേദി.
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്
2009 ജൂലൈയില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നതിനായി കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദതല പുന:സംഘടനയില്‍ ഭാഷാസാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതിനെതിരെ ഡോ.സുകുമാര്‍ അഴീക്കോട്, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സാറാ ജോസഫ്, ഡോ.എം.ആര്‍ രാഘവവാര്യര്‍,സുഗതകുമാരി,സേതു, എം.എന്‍.കാരശ്ശേരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി ഹൃദയകുമാരി, ഡി.വിനയചന്ദന്‍, കെ.പി.ശങ്കരന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയ പ്രമുഖസാഹിത്യ-സാംസ്കാരിക നായകരും ഭാഷാസ്നേഹികളുമുള്‍പ്പെടെ ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പുവെച്ച ഒരു നിവേദനം സമര്‍പ്പിക്കുകയാണ്.
ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു. രണ്ടാംഭാഷയെന്ന നിലയില്‍ ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ച കൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു വെളിയിലേക്കു പോകും. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ നമ്മുടെ സാഹിത്യകൃതികള്‍ വഹിച്ച പങ്ക് അങ്ങേക്ക് അറിവുള്ളതാണല്ലോ. അതിനാല്‍ അവയെ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്ന തരത്തിലുള്ള ഒരു പരിഷ്കരണം ഉണ്ടാവുകയെന്നാല്‍ കേരളം നടന്നുവന്ന വഴികളെ പുതുതലമുറയില്‍ നിന്ന് മറച്ചുപിടിക്കുക എന്നാണല്ലോ അര്‍ത്ഥം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം വന്നത് ഇത്തരത്തിലുള്ള പരിഷ്കരണമാണെന്നത് ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു;
1. രണ്ടാം ഭാഷയെന്ന നിലയില്‍ മലയാളത്തിന് ഇന്ന് നിലവിലുള്ള പഠനസമയം പൂര്‍ണമായും മലയാളഭാഷാസാഹിത്യപഠനത്തിനുതന്നെ തിരിച്ചു നല്‍കുക.
2. സാഹിത്യ-സൌന്ദര്യാത്മകവിഷയങ്ങളെ കേവലം പ്രയോജനാത്മക യുക്തിയില്‍ നോക്കിക്കാണുന്ന സമീപനത്തില്‍ മാറ്റംവരുത്തുക. അതിനെ ആധുനികകേരളത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നായി തിരിച്ചറിയുന്ന സമീപനം കയ്യൊഴിയാതിരിക്കുക.
3.മാതൃഭാഷാസാഹിത്യപഠനം സ്വയം ആഴത്തിലുള്ള സാമൂഹ്യബോധത്തെയും വിമര്‍ശനാവബോധത്തെയും പ്രതിനിധീകരിക്കുന്നതാണ്. അതിനാല്‍ മലയാളഭാഷയും സാഹിത്യവും നിര്‍ബന്ധവിഷയമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തരമായ ശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തതയോടെ
ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.പി. പവിത്രന്‍
തിരുവനന്തപുരം
12. 05. 2009
Thursday, April 30, 2009
മലയാളവേദിക്ക് ചെന്നൈയിലെ ഭാഷാസ്നേഹികളുടെ ഐക്യദാര്‍ഢ്യം: ചെന്നൈയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസമന്ത്രിക്കു നല്‍കുന്ന നിവേദനം
പ്രമേയം
ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്,
ഉന്നതവിദ്യാഭ്യാസം ജനാധിപത്യവത്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍, 'വ്യത്യസ്ത രാഷ്ട്രീയസാഹചര്യങ്ങളില്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ' ഉന്‍മൂലനം ചെയ്യാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. സമിതി മുന്നോട്ടുവെച്ച ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ പുനസ്സംഘടനയ്ക്കുള്ള രേഖ അതിന് ഉത്തമദൃഷ്ടാന്തമാണ്. കേരളസംസ്കാരവും മലയാളഭാഷയും സാഹിത്യവും പൊതുവിഷയങ്ങളാക്കണം എന്നുള്ള ജനാഭിലാഷത്തെ പാടേ നിഷേധിച്ചുകൊണ്ട് ഭാഷയ്ക്കും സാഹിത്യത്തിനും നാമമാത്രപ്രാധാന്യം നല്‍കുന്ന നിലപാടാണ് രേഖയിലൂടെ അവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. മലയാളമുള്‍പ്പെടെയുള്ള രണ്ടാംഭാഷകളില്‍നിന്ന് ഇപ്പോഴത്തെ മൂന്നു പേപ്പറുകള്‍ക്കു പകരം ഒരു സെമസ്റ്ററിലേക്ക് സാഹിത്യപഠനം ഒതുക്കിക്കളഞ്ഞു. അതായത് രണ്ട് വര്‍ഷം പഠിക്കാനുള്ള സാഹിത്യം ആറുമാസമാക്കി ചുരുക്കിയെര്‍ഥം. സൌന്ദര്യപക്ഷത്ത് പിരീയഡ് കുറഞ്ഞുപോയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നാണ് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായ തോമസ് ജോസഫ് പറയുന്നത്(മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രില്‍, 2009 :19 ) സാഹിത്യപഠനം വഴി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട മനോന്നമനത്തെയും സാംസ്കാരികാവബോധത്തെയും നിഹനിക്കുന്ന നീക്കമാണിത്. ഇതില്‍നിന്ന് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ പിന്തിരിയണം. മലയാളപഠനത്തിന്റെ സാധ്യതകളും മാനങ്ങളും ഉള്‍ക്കൊണ്ട് ഭാഷയെ വികസിപ്പിക്കുന്നത് നല്ല കാര്യമാണെങ്കിലും അത് ഭാഷയുടെ സൌന്ദര്യശാസ്ത്രത്തെ ബലി കഴിച്ചുകൊണ്ടാകരുത്.
21. 04. 2009 ന് ചെന്നൈയില്‍ ഒത്തുചേര്‍ന്ന ഭാഷാസ്നേഹികളായ മറുനാടന്‍ മലയാളികള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ ഈ നീക്കത്തില്‍ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇതേ ലക്ഷ്യവുമായി സജീവവും സക്രിയവുമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മലയാളവേദികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കൂടി താങ്കളുടെ പരിഗണനയ്ക്കായി ഈ യോഗം മുന്നോട്ടുവെയ്ക്കുന്നു:
1. ഒന്നാം ഭാഷയായി സ്കൂള്‍തലത്തില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണം
2. ചോയ്‌സ് ബെയ്‌സ് ക്രെഡിറ്റ് സിസ്റ്റത്തില്‍ സാഹിത്യം എല്ലാ വര്‍ഷവും ഒരു കോര്‍ സബ്ജക്ട് ആയിരിക്കണം.
3. ബിരുദതലത്തിലെ സാഹിത്യപഠനം ഭാഷാനൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനുപരിയായി സാംസ്കാരികവും സൌന്ദര്യശാസ്ത്രപരവുമായി മനുഷ്യനെ ഉയര്‍ത്താനുള്ള ഉപാധിയാണെന്ന സത്യം പുതിയ പാഠ്യപദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉന്നതവിദ്യാഭ്യാസസമിതി മനസ്സിലാക്കണം.
4. വിജ്ഞാനഭാഷ എന്ന നിലയിലും മലയാളത്തെ ഉയര്‍ത്തിക്കൊണ്ടുവരണം.
5. സാഹിത്യ-സാംസ്കാരികസത്ത ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പാഠ്യപദ്ധതി പുനര്‍നിര്‍ണയം ചെയ്യണം.
ഈ കാര്യങ്ങളിലെല്ലാം താങ്കളുടെ ശ്രദ്ധ പതിയണമെന്നും അനുകൂലനടപടികള്‍ എടുക്കണമെന്നും ഈ യോഗം താങ്കളോട് ആവശ്യപ്പെടുന്നു.
ഈ പ്രമേയം അംഗീകരിച്ചുകൊണ്ട് താഴെ പറയുന്നവര്‍ ഈ പ്രമേയത്തില്‍ ഒപ്പ് വെയ്ക്കുന്നു. ഡോ.സി.ജി.രാജേന്ദ്രബാബു, ഡോ.ഇ.കെ.പുരുഷോത്തമന്‍, ഡോ.വി.ജയപ്രസാദ്, ഡോ.ജി.പ്രഭ, ഡോ.പി.എം.ഗിരീഷ്, ഡോ.എം.പി.ദാമോദരന്‍, ഡോ.കെ.ജെ.അജയകുമാര്‍, ഡോ.എ.രാധാമണിയമ്മ, സര്‍വ്വശ്രീ :പി.കെ അബ്ദുല്‍റഹിമാന്‍, എ.മോഹന്‍കുമാര്‍, വിനോദ്കുമാര്‍, ടി.പി.വിശ്വനാഥന്‍ നമ്പ്യാര്‍, എം.ടി.ബേബി, എം.എ.വിജയന്‍, ടി.അനീഷ്, അജീഷ്പ്രഭാകരന്‍, ബിബു.പി.എന്‍.,അരുണ്‍തോമസ്, മന്‍സൂര്‍അലി, ഉണ്ണികൃഷ്ണന്‍. ശ്രീമതിമാര്‍: സുഹാസിനി. എ.സി, മഞ്ജു.ജി.നായര്‍, , ദീപ മേരി ജോസഫ്, നിര്‍മ്മല. എം.പി, ലിജാ അരവിന്ദ്, രമേഷ് കുമാര്‍, സുബൈദ, ഫെബിന, റോസി, സബിത, അമ്പിളി, ഹര്‍ഷ.
വിപുലമാകുന്ന മലയാളക്കൂട്ടായ്മ- മൂവാറ്റുപുഴ, മീനങ്ങാടി, കണ്ണൂര്‍ എന്നിവിടങ്ങളിലും മലയാളവേദി
മൂവാറ്റുപുഴ
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാവനിതാകോളജില്‍ 24. 04. 2009 നു നടന്ന യോഗത്തില്‍ വെച്ച് മലയാളവേദി രൂപീകരിച്ചു. നിലവിലുള്ള ബിരുദപുനസംഘടനയില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം കുറച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡോ. പി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.വിന്‍സന്റ് മാളിയേക്കല്‍ ( നിര്‍മല കോളജ് മൂവാറ്റുപുഴ) കണ്‍വീനറും കെ വി ശശി, ജിനീഷ് ലാല്‍രാജ്, പായിപ്ര മദനന്‍, മദനമോഹനന്‍, പ്രവീണ്‍, ഷാബു കെ വര്‍ഗീസ് എന്നിവര്‍ അംഗങ്ങളുമായി പ്രവര്‍ത്തക സമിതി തെരഞ്ഞെടുക്കപ്പെട്ടു . മെയ് 12 നു വിപുലമായ കണ്‍വെന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചു.
മീനങ്ങാടി
വയനാട്ടില്‍ മീനങ്ങാടി ഗവ.ബോയ്സ് സ്കൂളില്‍ 29. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ വെച്ച് മലയാളവേദി രൂപീകരിച്ചു. ജോസഫ് ജോബ് കണ്‍വീനറായി 11 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ജോസഫ് സ്കറിയ, വി.കെ,ബാബുരാജ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലയില്‍ കൂടുതല്‍ വേദികള്‍രൂപീകരിക്കുന്നതിന് നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍
കണ്ണൂരില്‍ ജില്ലാ ലൈബ്രറി ഹാളില്‍ 28. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍,ഹയര്‍ സെക്കന്ററി, കോളജ് അധ്യാപകരുള്‍പ്പെടെ അറുപതിലേറെ പേര്‍ സംബന്ധിച്ചു. എന്‍.പ്രഭാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. എ. വി. പവിത്രന്‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രിക്കുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണം ആരംഭിച്ചു.
Tuesday, April 21, 2009
മലയാളവേദിസംസ്ഥാന തലയോഗം -തൃശ്ശൂര്‍ 2009 ഏപ്രില്‍ 19
കേരളപാഠ്യപദ്ധതി ചട്ടക്കൂട് 2007 ( കെ സി എഫ് 2007)ലെ കരടുനിര്‍ദ്ദേശത്തിനെതിരേ
കേരളപാഠ്യപദ്ധതി ചട്ടക്കൂട് 2007 ന്റെ കരടു നിര്‍ദ്ദേശത്തില്‍ പ്ളസ് റ്റു തലത്തില്‍ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകള്‍ പഠിക്കേണ്ടതില്ലെന്ന നിലപാട് ഉണ്ടായിരുന്നു. ഈ നിലപാട് തിരുത്തുന്നതിനു വേണ്ടി പ്ളസ് റ്റു തലത്തിലുള്ള അധ്യാപകര്‍ മുന്‍കയ്യെടുത്ത് 2007 മെയ് മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്കൂളിലും കോഴിക്കോട് സാമൂതിരി ഹൈ സ്കൂളിലും മലപ്പുറത്ത് തേഞ്ഞിപ്പാലത്ത് കാലിക്കറ്റ് സര്‍വകലാശാലാ പരിസരത്തും പാലക്കാടും വിവിധയോഗങ്ങള്‍ ചേരുകയും അഭിപ്രായരൂപീകരണം നടത്തുകയും ചെയ്തു. അതിന്റെ വിവിധ യോഗങ്ങളില്‍ എം.ടി.വാസുദേവന്‍ നായര്‍, ഡോ.എം .ആര്‍. രാഘവവാര്യര്‍, റഷീദ് കണിച്ചേരി,ആഷാ മേനോന്‍, ഡോ.പി.കെ.തിലക് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. തൃശ്ശൂരിലെ പ്ളസ് റ്റു തലത്തിലെ അധ്യാപകര്‍ മുന്‍കയ്യെടുത്ത് ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്ന ഒപ്പുശേഖരണം നടത്തുകയും സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ പ്രമുഖരുള്‍പ്പെടെയുള്ളവരുടെ ഒപ്പു ശേഖരിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ആ നിര്‍ദ്ദേശത്തില്‍നിന്നു സര്‍ക്കാര്‍ പിറകോട്ടുപോകുകയും മലയാളഭാഷയുള്‍പ്പെടെയുള്ള ഭാഷകളുടെ പഠനം പ്ളസ് റ്റു തലത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ കരടു രേഖ
ഇപ്പോള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ബിരുദപഠനവുമായി ബന്ധപ്പെട്ടുള്ള കരടുരേഖ കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസുകളുടെ മുന്‍കയ്യില്‍ കോളജ് അധ്യാപകരെ വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്ത് അംഗീകരിപ്പിക്കാനുള്ള നീക്കമാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ നടന്നത്.
സര്‍വകലാശാലാ അക്കാദമിക സമിതികളുടെ സ്വയം ഭരണത്തിനു നേരെയുള്ള വെല്ലുവിളി ഈ സമീപനത്തിലുണ്ട് എന്നതിനു പുറമേ ഈ നിര്‍ദ്ദേശങ്ങളില്‍ ഭാഷാപഠനത്തിനു പൊതുവെയും സാഹിത്യപഠനത്തിനു വിശേഷിച്ചും പ്രാധാന്യം കുറച്ചിരിക്കുകയുമാണ്. അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടാത്ത മട്ടില്‍ അവര്‍ക്ക് പിരീഡുകള്‍ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും പഠിപ്പിക്കേണ്ട വിഷയങ്ങളില്‍നിന്ന് ഭാഷാസാഹിത്യപഠനത്തിന്റെ മേഖല കുറച്ചിരിക്കുകയും അതിനു പകരം മറ്റു വിഷയങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയുമാണ്. രണ്ടുവര്‍ഷങ്ങളിലായി പഠിപ്പിച്ചിരുന്ന സാഹിത്യം ഇപ്പോള്‍ ആറു മാസം വരുന്ന ഒറ്റ സെമസ്റ്ററില്‍ ഒതുക്കിയിരിക്കുകയാണ്. ഭാവിയില്‍ ഇത് അധ്യാപകരുടെ എണ്ണത്തെയും ബാധിക്കുന്ന മട്ടിലായിത്തീരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരേ വിവിധ ബോര്‍ഡ് യോഗങ്ങളില്‍ പ്രതിഷേധങ്ങളുണ്ടായി. തൃശ്ശൂരില്‍ കേരളവര്‍മ കോളജില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ മലയാളം ബോര്‍ഡ് വിളിച്ചുകൂട്ടിയ യോഗത്തില്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് മൂന്ന് അധ്യാപകര്‍ യോഗം ബഹിഷികരിക്കുകയുണ്ടായി.
മലയാളവേദികളുടെ രൂപീകരണം
മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പഠനത്തിനു സംഭവിക്കുന്ന ശോഷണം കേവലം അധ്യാപകരുടെ തൊഴില്‍ പ്രശ്നം മാത്രമല്ല, കേരളത്തെ ഒരു ജനാധിപത്യസമൂഹമായി നിലനിര്‍ത്തുന്ന അടിത്തറയെത്തന്നെ ബാധിക്കുന്ന കാര്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പൊതുസമൂഹത്തിലേക്ക് ഈ പ്രശ്നം ഉയര്‍ത്തപ്പെട്ടത്. ഭാഷാസ്നേഹികള്‍, സാഹിത്യസാംസ്കാരിക പ്രവര്‍ത്തകര്‍, സ്കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലം വരെ മലയാളം പഠിപ്പിക്കുന്ന അധ്യാപകര്‍ എന്നിവരുടെ മുന്‍കയ്യില്‍ പ്രാദേശിക വേദികള്‍ രൂപീകരിച്ച് ജനശ്രദ്ധയില്‍ ഈ പ്രശ്നംകൊണ്ടുവരികയും അവരെക്കൂടി ഈ പ്രശ്നത്തില്‍ പങ്കാളികളാക്കുകയുമാണ് ചെയ്തത്.
1. പൊന്നാനി
ഈ നിലയിലുളള ആദ്യത്തെ വേദിയുടെ രൂപീകരണം 2009 മാര്‍ച്ച് 21 നു മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ ചേര്‍ന്നു. പി പി രാമചന്ദ്രന്‍ , സി അശോക് കുമാര്‍, ഡോ.ഷംഷാദ് ഹുസൈന്‍, ഡോ.എല്‍,സുഷമ തുടങ്ങിയവര്‍ പങ്കാളികളായാണ് അവിടെ സമിതി രൂപീകരിച്ചത്.
2. പേരാമ്പ്ര
മാര്‍ച്ച് 21 നുതന്നെ കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സി കെ ജി ഗവ കോളജില്‍ യോഗം നടന്നു. ഡോ.സി.ജെ .ജോര്‍ജ്, ഡോപി.സോമനാഥന്‍, എ പ്രദീപ് കുമാര്‍, വി,ബാബുരാജ് തുടങ്ങിയവര്‍ പങ്കാളികളായ യോഗമാണ് അവിടെ നടന്നത്.
3. വടകര
മാര്‍ച്ച് 22 നു വടകരയില്‍ ന്യൂ സാഗര്‍ കോളജില്‍ അറുപതോളം പേര്‍ പങ്കെടുത്ത യോഗം നടന്നു. കല്‍പറ്റ നാരായണന്‍, വീരാന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ വെച്ച് മലയാളവേദിയെന്ന പേരില്‍ ഡോ.കെ.എം.ഭരതന്‍ കണ്‍വീനറായി ഏഴംഗ പ്രവര്‍ത്തകസമിതിയുള്‍പ്പെടെയുള്ളവരെ തെരഞ്ഞെടുത്തു. സമിതി 27 നു വൈകുന്നേരം വടകര ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം ചേരുകയും പൊതുജനങ്ങളില്‍നിന്ന് ഈ പ്രശ്നത്തില്‍ നൂറു കണക്കിന് ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തു.
4. കൊയിലാണ്ടി
മാര്‍ച്ച് 29 നു കൊയിലാണ്ടി ഗവ.ബോയ്സ് ഹൈ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് പി.സുരേഷ് കണ്‍വീനറായി സമിതി രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസതലത്തില്‍ മാത്രമല്ല പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍തന്നെ മലയാളപഠനത്തില്‍ മാറ്റങ്ങളുണ്ടാക്കിയ ഗുണദോഷങ്ങള്‍ പരിശോധിക്കപ്പെടണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തില്‍ അധ്യാപകര്‍ സ്വയം ആത്മപരിശോധനയ്ക്കും തയ്യറാവണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
5. കോഴിക്കോട്
ഏപ്രില്‍ 3 നു കോഴിക്കോട് മോഡല്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. എം എന്‍ കാരശ്ശേരി, പ്രൊഫ.കെ.വി. തോമസ് എന്നിവരുള്‍പ്പെടെ മുപ്പതോളം പേര്‍ സംബന്ധിച്ചു. ഡോ.കെ.എം.ഭരതന്‍ വിഷയം അവതരിപ്പിച്ചു. ഡോ.പി വി പ്രകാശ് ബാബു കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു.പതിനൊന്നംഗ പ്രവര്‍ത്തകസമിതിക്കും രൂപം നല്‍കി.
6. കോട്ടയം
ഏപ്രില്‍ 5 നു കോട്ടയം ബസേലിയസ് കോളജില്‍വെച്ചു നടന്ന യോഗത്തില്‍ വെച്ച് മനോജ് കുറൂര്‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. ഡോ.പി. പവിത്രന്‍, ഡോ. പി. ഗീത, എ. വി. ശ്രീകുമാര്‍, ഡോ. എസ്. എസ്. ശ്രീകുമാര്‍, എം. ആര്‍. രേണുകുമാര്‍, രേഖാരാജ്, ജി. ഉഷാകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ സെക്രട്ടറി പ്രൊഫ.തോമസ് ജോസഫ് യോഗത്തില്‍ സംബന്ധിക്കുകയും ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നയം വിശദീകരിക്കുകയും ചെയ്തു. വിശദീകരണത്തെ യോഗത്തില്‍ സംബന്ധിച്ച മറ്റംഗങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും സംവാദത്തിനു കാണിച്ച സന്നദ്ധതയെ സ്വാഗതം ചെയ്തു. സര്‍വകലാശാലാ സമിതികള്‍ക്ക് ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ പുന:പരിശോധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് തോമസ് ജോസഫ് പറഞ്ഞത്. എന്നാല്‍ പ്രായോഗികതലത്തില്‍ അത് സംഭവിക്കുന്നില്ലെന്ന കാര്യം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
7. തിരുവനന്തപുരം
ഏപ്രില്‍ 10 ന് തിരുവനന്തപുരത്ത് ട്രിവാന്‍ഡ്രം ഹോട്ടലില്‍ നടന്ന യോഗത്തില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ തുടങ്ങി മുപ്പതോളം പേര്‍ പങ്കെടുത്തു. കേരളസര്‍വകലാശാലയുടെ മലയാളം ബോര്‍ഡ് ചെയര്‍മാന്‍ ഡോ.സ്റ്റീഫന്‍, അംഗം ഡോ.രമാഭായിയമ്മ എന്നിവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു. അധ്യാപകരുടെ തൊഴില്‍ സമയം കുറയുന്നില്ലെങ്കിലും ഭാഷാസാഹിത്യവിഷയങ്ങള്‍ക്ക് പുതിയ പരിഷ്കരണത്തില്‍ സ്ഥാനം കുറച്ചതില്‍ യോഗം പ്രതിഷേധിക്കുകയും ഈ പരിഷ്കരണത്തില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ ചെയര്‍മാനും അജയപുരം ജ്യോതിഷ് കുമാര്‍ കണ്‍വീനറുമായി മലയാളവേദി രൂപീകരിച്ചു.
മാനന്തവാടി, ആലുവ, കണ്ണൂര്‍, മൂവാറ്റുപുഴ, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലും വേദി രൂപീകരിക്കാന്‍ ധാരണയായിട്ടുണ്ട്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും നിലനില്‍പുമായി ബന്ധപ്പെട്ട വിശാല തലങ്ങളിലാണ് സമിതികള്‍ നിലവില്‍വരുന്നത്. ഭാഷാ സ്നേഹികള്‍, സ്കുള്‍ പ്ളസ് റ്റു കോളജ് സര്‍വകലാശാലാ അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ സമിതികള്‍ രൂപപ്പെടുന്നത്. ഈ സമിതികളുടെ പ്രതിനിധികളും സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്ത ഇടങ്ങളില്‍ നിന്നുള്ള ഭാഷാസ്നേഹികളും അധ്യാപകരും ഗവേഷകരും മറ്റും ഉള്‍പ്പെടുന്ന സംസ്ഥാനതലയോഗമാണ് ഏപ്രില്‍ 19 നു തൃശ്ശൂരില്‍ ചേര്‍ന്നത്.
മലയാളവേദി സംസ്ഥാനതലയോഗം തൃശ്ശൂര്‍ ഏപ്രില്‍ 19
തൃശ്ശൂരിലെ കേരളസംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തില്‍ 2009 ഏപ്രില്‍ 19 നു ചേര്‍ന്ന യോഗത്തില്‍ 37 പേര്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തവര്‍: വി. ജി.തമ്പി, പി.രാമന്‍,ഗീത, പി.പവിത്രന്‍, റോസി തമ്പി, സോമനാഥന്‍ പി, ടി വി സജീവ്, കെ.എം.ഭരതന്‍, ഷംഷാദ് ഹുസൈന്‍, ബിലു സി നാരായണന്‍, ആര്‍ സുരേഷ്, വി.അശോക് കുമാര്‍, പി.സുരേഷ്, വി.പി.മാര്‍ക്കോസ്, ജോസഫ് കെ ജോബ്, എ.പ്രദീപ് കുമാര്‍, പി വി പ്രകാശ് ബാബു, സജീവ് പി വി, കെ.വി.സലീന, വി.ബാബുരാജ്, ഇ.ദിനേശന്‍, ഹേമ ജോസഫ്, എം.ആര്‍ മഹേഷ്, പി.മധുസൂദനന്‍, സി.വി.സുധീര്‍, സി ആദര്‍ശ്, അണിമ വി പി, കെ പി രാജേഷ്, രൂപേഷ് ഒ ബി, രമേശന്‍ പി, പ്രദീപന്‍ എം.വി, അജിത കെ, അമ്പിളി എ ആര്‍, പ്രദീപ്‌കുമാര്‍ എന്‍ വി, വി അബ്ദുള്‍ ലത്തീഫ്, കെ.എം.ഭരതന്‍, ഹരി പി, ഷിജു ആര്‍, ഹരി പി.
ബിരുദതലപുന:സംഘടന- ഭാവിപരിപാടികള്‍
1. ബിരുദതലപുന:സംഘടനയിലെ മലയാളഭാഷാസാഹിത്യങ്ങളോടുള്ള അവഗണനയ്ക്കെതിരെയുള്ള ഒപ്പുശേഖരണം ഏപ്രില്‍ 30 നു മുമ്പ് പൂര്‍ത്തിയാക്കണം. മെയ് ആദ്യവാരത്തില്‍ തിരുവനന്തപുരത്തു വെച്ച് പത്രസമ്മേളനം നടത്തണം. ഒപ്പിട്ട നിവേദനം മന്ത്രിക്ക് നല്‍കണം.
2. അതതു പ്രദേശങ്ങളില്‍ മലയാളവേദികള്‍ ചര്‍ച്ചകളും സെമിനാറുകളും നടത്തുക.
3. അനുകൂലമായ തീരുമാനമില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുക.
മലയാളവേദിയുടെ പരിപ്രേക്ഷ്യം
1. മലയാളം മാധ്യമമായുള്ള വിദ്യാലയങ്ങള്‍ നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുക.
2. മലയാള ഭാഷാസാഹിത്യപഠനം ഇംഗ്ളീഷ് മാധ്യമമായതുള്‍പ്പെടെ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമാക്കുക.
3. മലയാള ഭാഷാസാഹിത്യപഠനം എല്ലാ തലങ്ങളിലും ഇന്നു നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുകയും പഠനവിധേയമാക്കുകയും പരിഹാരനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുകയും ചെയ്യുക.
4. വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനുള്ള അടിയന്തിര ശ്രമങ്ങള്‍ നടത്തുക.
മലയാളവേദിക്ക് പ്രവര്‍ത്തക സമിതി
മലയാളവേദിക്ക് സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ഇനി രൂപപ്പടുന്ന പ്രാദേശിക തലത്തിലുള്ള മലയാളവേദികളുടെ കണ്‍വീനര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. സംസ്ഥാനതല പ്രവര്‍ത്തക സമിതി നിലനില്‍ക്കെത്തന്നെ പ്രാദേശിക വേദികള്‍ക്ക് സ്വതന്ത്രമായ പഠനപ്രവര്‍ത്തനങ്ങളും ചര്‍ച്ചകളും പരിപാടികളുമായി മുന്നോട്ടുപോകാവുതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ളതായിരിക്കും പ്രവര്‍ത്തക സമിതി.
അംഗങ്ങള്‍: പി രാമന്‍, പി സുരേഷ്, മനോജ് കുറൂര്‍, കെ.എം. ഭരതന്‍, ടി വി സജീവ്, വി അശോക് കുമാര്‍, പി വി പ്രകാശ് ബാബു, എ പ്രദീപ് കുമാര്‍, ആര്‍ സുരേഷ്, അജയപുരം ജ്യോതിഷ് കുമാര്‍, ജോസഫ് ജോബ്, അജിത കെ, ഹേമ ജോസഫ്, രൂപേഷ് ഒ ബി.
കോ- ഓര്‍ഡിനേറ്റര്‍: പി പവിത്രന്‍
നവംബര്‍ ഒന്നിനു മലയാളവേദി സംസ്ഥാനതല കണ്‍വെന്‍ഷന്‍
കേരളത്തിലും പുറത്തുമുള്ള മലയാളഭാഷാസ്നേഹികളെയും പ്രവര്‍ത്തകരെയും ആകെ പങ്കെടുപ്പിച്ചു കൊണ്ട് 2009 നവംബര്‍ ഒന്നിനു സംസ്ഥാന തല കണ്‍വെന്‍ഷന്‍ നടത്താനും തൃശ്ശൂര്‍ സമ്മേളനം തീരുമാനിച്ചു.
Tuesday, April 14, 2009
പി. പവിത്രന്റെ ലേഖനത്തിന് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി നല്‍കുന്ന മറുപടിയെപ്പറ്റി
Monday, April 13, 2009
ചില പ്രധാനകണ്ണികള്‍
കേരളസംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസനയം: കരടുരേഖ
ബിരുദതലത്തിലുള്ള കോഴ്സുകളുടെ പുന:സംഘടനയ്ക്കായി നിയോഗിക്കപ്പെട്ട സമിതിയുടെ റിപ്പോര്‍ട്ട്
ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ ബിരുദതലത്തിലുള്ള കോഴ്സുകള്‍ക്കായി പുന:സംഘടിപ്പിച്ച സിലബസ്
ഉന്നതവിദ്യാഭ്യാസരംഗത്തെ അന്തര്‍ദ്ദേശീയരംഗവുമായി ബന്ധിപ്പിച്ചുകൊണ്ട് പരീക്ഷാനടത്തിപ്പിലും മറ്റും ഉണ്ടാവേണ്ട പരിഷ്ക്കരണങ്ങളെപ്പറ്റി യു. ജി. സി. യുടെ ശുപാര്‍ശ
2008 നവംബര്‍ 28, 29 തീയതികളില്‍ യുനെസ്കോ പാരീസില്‍ സംഘടിപ്പിച്ച സെമിനാറില്‍ യൂറോപ്പിലെ Leuven സര്‍വകലാശാലയിലെ ഗവേഷകനായ സോളമന്‍ അരുള്‍രാജ് ഡേവിഡ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉന്നതവിദ്യാഭ്യാസരംഗത്തെ കരിക്കുലം രൂപീകരണത്തില്‍ ആഗോളവത്കരണത്തിന്റെ സ്വാധീനം എന്ന വിഷയത്തില്‍ അവതരിപ്പിച്ച പ്രബന്ധത്തിന്റെ രൂപരേഖ
Saturday, April 11, 2009
മലയാളവേദി തിരുവനന്തപുരത്ത്
2009 ഏപ്രില്‍ 10 ന് തിരുവനന്തപുരത്തു കൂടിയ യോഗത്തില്‍ ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ (രക്ഷാധികാരി), ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ (ചെയര്‍മാന്‍), അജയപുരം ജ്യോതിഷ് കുമാര്‍ (കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
കേരളത്തിലെ ബിരുദതലവിദ്യാഭ്യാസത്തിന്റെ പുന:സംഘടനയ്ക്കായി ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. ഡോ. പി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രൊഫ. എന്‍. ഡി. ഹരിദാസന്‍, ഡോ. വത്സലാ ബേബി, ഡോ. സുധീര്‍ കിടങ്ങൂര്‍, ഡോ. സി. ആര്‍. പ്രസാദ്, സി. എസ്. ജയചന്ദ്രന്‍, ഡോ. ആര്‍. ബി. രാജലക്ഷ്മി, ഡോ. എം. എന്‍. രാജന്‍, ഡോ. എസ്. ഷിഫ, എ. ജി. ഒലീന, പ്രൊഫ. പുലിക്കുളം സുരേന്ദ്രന്‍, ഡോ. സി. സ്റ്റീഫന്‍, ഡോ. ഇ. രമാഭായി അമ്മ, ഡോ. സോമന്‍, ഗീഥാ, അജിത് ജി. കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
Thursday, April 9, 2009
ചങ്ങമ്പുഴ പുറത്ത് പൌരധര്‍മം അകത്ത്
[ഫാസിസ്റ്റുകളെ സൃഷ്ടിക്കാന്‍ ആര്‍ക്കാണ് തിടുക്കം? എന്ന തലക്കെട്ടില്‍ 2009 മാര്‍ച്ച് 29 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്]
ആഗോളവല്‍ക്കരണം അക്കാദമികളെ പ്രയോജനവാദവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അക്കാദമിക മുതലാളിത്തം (academic capitalism) കടന്നുവന്നിരിക്കുന്നു. ഇംഗ്ളണ്ടിലും അമേരിക്കയിലും ആസ്ത്രേലിയിയിലും കാനഡയിലും അക്കാദമികളെ എങ്ങിനെ മുതലാളിത്തം ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നുവെന്നും അക്കാദമിക മുതലാളിത്തം എന്ന ഒരു സമീപനംതന്നെ അവിടെ വ്യാപകമാകുന്നുവെന്നും സൂചിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.ആസ്ത്രേലിയന്‍ സര്‍വകലാശാലകളില്‍ പരിഷ്കരണത്തിന്റെ ഭാഗമായി വന്ന നിര്‍ദ്ദേശം വൈസ് ചാന്‍സലര്‍ക്കു പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്ന തസ്തിക ഉണ്ടാക്കാനാണ്.വിദ്യാഭ്യാസം ഒരു വാണിജ്യ പ്രവര്‍ത്തനമായി കണക്കാക്കണം എതുമാണ് നിര്‍ദ്ദേശം.
അന്നന്നുള്ള ആഗോളതൊഴില്‍ സാധ്യതകള്‍ക്കനുസരിച്ച് വിദ്യാഭ്യാസമണ്ഡലത്തെ ദീര്‍ഘകാലികമായി ആസൂത്രണം ചെയ്യുതിന്റെ അപകടം ആഗോളസാമ്പത്തികമാന്ദ്യം വ്യക്തമാക്കിക്കഴിഞ്ഞു. ഐ ടി - ബി ടി ക്കനുസരിച്ച് എല്ലാം മാറ്റിത്തീര്‍ക്കണമെന്ന വാദത്തിന്റെ പൊള്ളത്തരം അത് വ്യക്തമാക്കുന്നു. പ്രാദേശികമായ പ്രതിരോധത്തില്‍ ഊന്നുന്ന ഒരു കരിക്കുലമാണ് ഇന്ന് പ്രൈമറി സെക്കന്ററി തലത്തില്‍ കേരളത്തില്‍ മുന്നോട്ടുവെക്കപ്പെട്ടിരിക്കുന്നത്. പരിമിതികള്‍ പലതുമുണ്ടെങ്കിലും പല തലങ്ങളിലും പാളിച്ചയുണ്ടെങ്കിലും വിമര്‍ശനാവബോധമുള്ള, ഇടപെടല്‍ശേഷിയുള്ള വിദ്യാര്‍ഥിയെ നിര്‍മിക്കുക എന്ന അതിന്റെ പ്രഖ്യാപിത ലക്ഷ്യം ശരിതന്നെയാണ്.എന്നാല്‍ വിമര്‍ശനാവബോധത്തെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാട് ശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും യുക്തികള്‍ക്കപ്പുറത്തേക്ക് കടന്നിട്ടില്ല. ഈ പരിമിതി പതിന്‍മടങ്ങായി വികസിച്ച് മാനവികശാസ്ത്രങ്ങളെന്നു പേരിട്ടിട്ടുള്ള ഭാഷയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തെ അപ്പാടെ വിഴുങ്ങുന്ന കാഴ്ചയാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങളില്‍ ഇപ്പോള്‍ കാണുന്നത്. നിര്‍ഭാഗ്യവശാല്‍ ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ മുന്‍കയ്യിലാണ് ഇത് നടക്കുന്നത്.
ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിന്റെ രൂപീകരണത്തെത്തെ ആശങ്കയോടെയാണ് അക്കാദമിക സമൂഹം തുടക്കത്തിലേ കണ്ടത്. വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സര്‍വകലാശാലയുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റത്തിനുള്ള ഉപാധിയായി ഇതു മാറുമോ എന്ന ഭീതിയാണ് അന്നുതന്നെ നിലനിന്നത്.എന്നാല്‍ സര്‍വകലാശാലയുടെ അടിസ്ഥാന ധര്‍മങ്ങളിലേക്ക് കടന്നുകയറാതെ ഉപദേശ സ്വഭാവം മാത്രമുള്ളതായിരിക്കും കൌണ്‍സില്‍ എന്നുള്ള ഉത്തരമാണ് അന്നു നല്‍കപ്പെട്ടത്. സ്വകാര്യ-സ്വാശ്രയ സ്ഥാപനങ്ങള്‍ ജനാധിപത്യമൂല്യങ്ങള്‍ അവഗണിക്കുകയും എല്ലാം ലാഭാധിഷ്ഠിതവുമാവുകകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ കൌണ്‍സിലിന് ജനാധിപത്യാവകാശങ്ങളുടെ കാവലാളായി നില്‍ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിച്ചവരുമുണ്ട്. ജാതി-മത മാനേജ്മെന്റുകളുടെ താത്പര്യങ്ങള്‍ക്കെതിരെ അതിന് നീങ്ങാന്‍ കഴിയുമെന്നതായിരുന്നു ഒരു പ്രതീക്ഷ. പല സര്‍വകലാശാലകളിലെയും നിക്ഷിപ്ത താത്പര്യങ്ങള്‍ കൊണ്ട് നടക്കാതെ പോയ ജനാധിപത്യവല്‍ക്കരണം, സമകാലീകരണം തുടങ്ങിയ കാര്യങ്ങളില്‍ ചില ചര്‍ച്ചകളെങ്കിലും തുടങ്ങിവെക്കും എന്നും കരുതപ്പെട്ടു.
എന്നാല്‍ ഇപ്പോള്‍ സംഭവിച്ചത് അതിന്റെ നിഷേധാത്മക വശങ്ങളുടെ വികാസമാണ്. ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ പുന:സംഘടനക്കുള്ള രേഖ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ ഇപ്പോള്‍ ചര്‍ച്ചക്കായി മുന്നോട്ടുവെച്ചിരിക്കുന്നു. ഈ രേഖയില്‍ ഘടനാപരമായി ഒരു പരിവര്‍ത്തനവും വരുത്താന്‍ വിവിധ സര്‍വകലാശാലകളിലെ അക്കാദമിക സമിതികള്‍ക്ക് അവകാശമില്ല എന്നിടത്താണ് അക്കാദമിക സ്വാതന്ത്ര്യത്തിനു നേരെയുള്ള നിഷേധമായി ഈ രേഖ മാറുന്നത്.
പുതിയ വിഷയങ്ങള്‍ കടന്നുവരികയും പഴയത് പലതും എടുത്തുമാറ്റപ്പെടുകയും ചെയ്തിരിക്കുന്നു. പത്തുപുതിയ പൊതുവിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയും ഫിലോസഫി ഓഫ് സയന്‍സുമുണ്ട്.കേരളസംസ്കാരവും മലയാളഭാഷയും സാഹിത്യവും പൊതുവിഷയമാകണമെന്നും മലയാളം ഒന്നാം ഭാഷയാകണമെന്നും ഇക്കാലങ്ങളിലെല്ലാം ഉയര്‍ന്ന നിര്‍ദ്ദശങ്ങള്‍ കൌണ്‍സില്‍ കണക്കിലെടുത്തിട്ടില്ല.പകരം സംസ്കാരവും നാഗരികതയും എന്ന പേപ്പറിലെ ഒരു ചെറിയ ഭാഗം മാത്രമാണ് കേരള സംസ്കാരം. അതാകട്ടെ ഏതു രണ്ടാംഭാഷക്കാര്‍ക്കും അവരുടെ രീതിയില്‍ അവതരിപ്പിക്കാവുതുമാണ്.
ഭാഷയും സാഹിത്യവും പഠിപ്പിക്കേണ്ടതില്ലെന്നതാണ് രേഖയിലെ അടിസ്ഥാന നിലപാട്. മലയാളം ഉള്‍പ്പെടെയുള്ള രണ്ടാം ഭാഷകളില്‍ ഇപ്പോഴത്തെ മൂന്നു പേപ്പറുകള്‍ക്കു പകരം ഒരു സെമസ്റ്ററില്‍ സാഹിത്യപഠനം ഒതുക്കിയിട്ടുണ്ട്.ഇംഗ്ളീഷില്‍ ഇനി മുതല്‍ സാഹിത്യമേയില്ല. കൊളോണിയല്‍ സാഹചര്യങ്ങളില്‍ ഇംഗ്ളീഷിനുണ്ടായിരുന്ന ധര്‍മമല്ല ഇന്നുള്ളത് എന്നത് ശരിതന്നെ. അതിന്റെ വിനിമയ ശേഷിക്ക് പ്രാധാന്യം നല്‍കുകയുമാകാം.യൂറോ-അമേരിക്കന്‍ കേന്ദ്രീകരണത്തില്‍ നിന്നു ഭിന്നമായി നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങളിലേക്കും മൂന്നാംലോകമുള്‍പ്പെടെയുള്ള സാഹിത്യമേഖലയിലേക്കും മലയാളിക്ക് കടുചെല്ലാവുന്ന മട്ടില്‍ പുതുക്കപ്പെടേണ്ടിയിരുന്നതിന് പകരം സമ്പൂര്‍ണമായി സാഹിത്യത്തിന്റെ നിഷേധമാണ് അവിടെ കാണുത്.
ഇത്തരം ഒരു മാറ്റം വരുത്തുതിന്റെ പിന്നിലെ ദര്‍ശനം എന്താണ്? ആഗോളവല്‍ക്കരണത്തിനു നേരെയുള്ള പ്രതിരോധത്തിന്റെ യുക്തിയാണോ അതിന് വിധേയമാകുന്നതിന്റെ യുക്തിയാണോ ഈ പരിഷ്കരണങ്ങള്‍ക്കുപിന്നിലുള്ളത്?വിമര്‍ശനാത്മക വിദ്യാഭ്യാസം എന്ന പ്രഖ്യാപിത ലക്ഷ്യത്തിനുതകുന്ന മട്ടില്‍ ജ്ഞാനശാസ്ത്രപരമായ അടിത്തറ ഈ പരിഷ്കരണങ്ങള്‍ക്കുണ്ടോ? അറിവിന്റെ മണ്ഡലത്തില്‍വന്ന പുതിയ സര്‍ഗാത്മകമായ തിരിച്ചറിവുകളെ ഈ പരിഷ്കരണം കണക്കിലെടുത്തിട്ടുണ്ടോ? കലയുടെയും സാഹിത്യത്തിന്റെയും ജ്ഞാനശാസ്ത്രപരവും ജനാധിപത്യപരവുമായ ധര്‍മങ്ങളെ സംബന്ധിച്ച അജ്ഞതയാണ് ഉന്നതവിദ്യഭ്യാസ കൌണ്‍സിലിന്റെ രേഖയെ നിഷേധാത്മകമാക്കുന്ന പ്രധാനപ്പെട്ട ഘടകം. അതാണ് ആഗോളവല്‍ക്കരണത്തിന്റെ പൊതു അജണ്ടയുമായി അതിനെ യോജിപ്പിച്ചു നിര്‍ത്തുന്നത്; ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാനയുക്തിയെ ബലപ്പെടുത്തുതിനുള്ള ഉപാധിയായി ഈ രേഖയെ മാറ്റുന്നത്.പോസിറ്റിവിസത്തിന്റെ പൊതുവായ പരിമിതിയാണിത്.
ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാനയുക്തി
ആഗോളവല്‍ക്കരണത്തിന്റെ അടിസ്ഥാനയുക്തി കിടക്കുന്നത് മുതലാളിത്തത്തിലാണ്. മുതലാളിത്തത്തിന്റെ യുക്തിയാകട്ടെ പ്രത്യക്ഷവാദ(positivism)പരമാണ്. പ്രത്യക്ഷവാദം എന്നാല്‍ പ്രകൃതിശാസ്ത്രത്തിന്റെ പദ്ധതികളുടെ രീതിയില്‍ ലോകത്തിലെ എല്ലാ അനുഭവങ്ങളെയും നോക്കിക്കാണുക എന്നാണ്.
എല്ലാറ്റിനെയും ചരക്കും വസ്തുക്കളുമാക്കി മാറ്റുന്ന മുതലാളിത്തത്തിന്റെ യുക്തിയെ ആധുനികതായുക്തി എന്നാണ് വിളിക്കപ്പെടാറ്. ഉപകരണയുക്തി (instrumental reason) ആണത്. യന്ത്രത്തെ കൈകാര്യം ചെയ്യുന്നതുപോലെ എല്ലാറ്റിനെയും കൈകാര്യം ചെയ്യുക എന്നതാണ് അതിന്റെ രീതി. യുക്തി പ്രയോഗിക്കുന്ന ആള്‍ക്കു മാത്രമാണ് അസ്തിത്വമുള്ളതെന്നും ബോധമുള്ളതെന്നും യുക്തി പ്രയോഗിക്കപ്പെടുന്ന വസ്തുവിന് ബോധമില്ലെന്നുമുള്ള വിഷയി/വിഷയപരമായ വിഭജനത്തിലാണ് ഇത് കെട്ടിപ്പൊക്കിയിട്ടുള്ളത്. പ്രകൃതിയെ അത് ബോധമില്ലാത്തതായി കരുതി.പ്രകൃതിയുടെ മേല്‍ എന്തും മനുഷ്യന് ചെയ്യാം വന്നത് ആധുനിക പ്രകൃതിശാസ്ത്രത്തിന്റെ അടിത്തറ ഉപകരണയുക്തിയിലാണ് കുടികൊള്ളുന്നത് എന്നതിനാലാണ്. പ്രകൃതിശാസ്ത്രത്തില്‍ അത് വമ്പിച്ച മുന്നേറ്റമുണ്ടാക്കിയെന്നത് നേര്.
ഈ യുക്തി പ്രകൃതിക്കു മേല്‍ മാത്രമല്ല മുതലാളിത്തത്തിന്റെയും കോളനീകരണത്തിന്റെയും ഘട്ടത്തില്‍ മനുഷ്യര്‍ക്കുമേലും ഉപയോഗിക്കപ്പെട്ടു. കീഴടക്കുന്ന പ്രദേശങ്ങളിലെ മനുഷ്യര്‍ മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം സ്വയം ബോധമില്ലാത്തവരാണ്. തങ്ങള്‍ക്കു തങ്ങളുടെ ആധിപത്യരീതിക്കനുസരിച്ച് ആസൂത്രണം ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ മാത്രമാണവര്‍. അവര്‍ക്ക് സ്വയമായ വിഷയിത്വം (subjectivity) ഇല്ലതന്നെ. ആധിപത്യം പ്രയോഗിക്കുവരുടെ കര്‍ത്തൃസ്ഥാനം മാത്രം നിലനില്‍ക്കുകയും മറ്റെല്ലാ കര്‍ത്തൃസ്ഥാനങ്ങളെയും നിഷേധിക്കുകയുമാണ് അതിന്റെ രീതി. ഭരണകൂടത്തിന്റെ നോട്ടപ്പാടില്‍നിന്നുള്ള കാഴ്ച മാത്രമാണ് സാധുവായ ഒരേയൊരു നോട്ടപ്പാട്. ആ നോട്ടപ്പാടിനെ സ്വാംശീകരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ ചെയ്യേണ്ടത്. മറ്റെല്ലാറ്റിനെയും ആ നോട്ടപ്പാടിനനുസരിച്ച് ക്രമീകരിക്കുന്ന ജ്ഞാനശാസ്ത്രപരമായ ഏകാധിപത്യമാണ് അത് അടിച്ചേല്‍പിക്കുന്നത്.
എല്ലാ വിജ്ഞാനശാഖകളെയും ഈ ആധുനികതായുക്തിയില്‍ മാറ്റിത്തീര്‍ക്കുകയാണ് മുതലാളിത്തം ചെയ്തത്. എല്ലാറ്റിനെയും അളവുകളും കണക്കുകളും മാത്രമാക്കി ചുരുക്കിക്കൊണ്ടുവരികയാണ് അത് ചെയ്തത്. അളക്കാന്‍ കഴിയാത്തതൊന്നും അതിനെ സംബന്ധിച്ച് നിലനില്‍ക്കുന്നില്ല. എല്ലാറ്റിനെയും വസ്തുക്കളാക്കി മാറ്റുന്നതിന്റെ ആധിപത്യപരമായ ആഹ്ളാദം ആണ് അത് ലോകത്തിനുമേല്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത്. ശാസ്ത്രത്തെയും സാമൂഹ്യശാസ്ത്രത്തെയും എല്ലാം അത് ഇത്തരത്തിലുള്ള വസ്തുരതി(fetishism)പരമായ ഘടകങ്ങളായി മാറ്റിയെഴുതി. പ്രപഞ്ചാനുഭവമെന്നത് അളവുകളുള്ള സ്ഥലകാലങ്ങള്‍ മാത്രമാണെന്നും ഈ സ്ഥലകാലങ്ങളില്‍ കൃത്യമായ അളവുകളുള്ള രൂപങ്ങള്‍ നിറയ്ക്കപ്പെട്ട്രിരിക്കുകയാണെന്നുമുള്ള യാന്ത്രികതയെ ആണ് പ്രപഞ്ചബോധമായി അത് പ്രക്ഷേപിച്ചത്. പ്രപഞ്ചത്തിന്റെ ഈ യാന്ത്രികത സമൂഹത്തിലേക്കും ആരോപിച്ചപ്പോള്‍ ഭരണകൂടം കേന്ദ്രമായി നടത്തപ്പെടുന്ന വസ്തുവല്‍ക്കരണപ്രക്രിയയായി സാമൂഹ്യജീവിതം മാറി. ഭരണകൂടത്തെ അകത്ത് സ്വാംശീകരിച്ച് ആധിപത്യത്തിന്റെ കൊച്ചുപതിപ്പുകളായി എല്ലാ വ്യക്തികളെയും മാറ്റുക എന്നതാണ് മുതലാളിത്തപരമായ അറിവിന്റെ രീതിശാസ്ത്രം. താന്‍ കേന്ദ്രമായി അപരനെ തന്റെ ലക്ഷ്യങ്ങള്‍ക്കുള്ള കോളനിയായി കരുതുന്ന അളവിന്റെ രീതിശാസ്ത്രമാണ് അറിവെന്ന പേരില്‍ ലോകത്തില്‍ മുതലാളിത്തം പ്രക്ഷേപിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ന് നാം ക്രിറ്റിക്കല്‍ പെഡഗോജിയെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെ മാതൃകയില്‍ വാര്‍ക്കപ്പെട്ട സാമൂഹ്യശാസ്ത്രങ്ങള്‍ സ്വയം വിമര്‍ശനശേഷിയുള്ളതാണെന്നും നാം ധരിക്കുന്നു. ആഗോളവല്‍ക്കരണത്തില്‍ അടിസ്ഥാനശാസ്ത്രങ്ങളും സാമൂഹ്യശാസ്ത്രങ്ങളും പിന്തള്ളപ്പെടുന്നു എന്ന പ്രവണതയെ മുന്‍നിര്‍ത്തി സംസാരിക്കുമ്പോള്‍ നാം സാമൂഹ്യശാസ്ത്രത്തിന്റെ വിമര്‍ശനശേഷിയെക്കുറിച്ച് പറയാറുണ്ട്. പ്രത്യക്ഷത്തില്‍ ഇത് ശരിയാണ്. എന്നാല്‍ പലപ്പോഴും സാമൂഹ്യശാസ്ത്രങ്ങളും നിലവിലുള്ള ഭരണകൂടത്തിന്റെ ആവശ്യങ്ങളെ അബോധത്തില്‍ തൃപ്തിപ്പെടുത്തുന്നതാണ്. പാശ്ചാത്യ അക്കാദമികളിലെ പല സാമൂഹ്യശാസ്ത്രവിഷയങ്ങള്‍ പോലും എങ്ങിനെ കോളനീകരണം ഉള്‍പ്പെടെയുള്ള അവിടത്തെ ഭരണകൂടങ്ങളുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവ് ഇക്കഴിഞ്ഞ കാലയളവില്‍ രൂപപ്പെട്ടിട്ടുണ്ട്.
ഈ തിരിച്ചറിവാണ് പ്രകൃതിശാസ്ത്രങ്ങളെ മാത്രമല്ല സാമൂഹ്യശാസ്ത്രങ്ങളെപ്പോലും അതിനു പുറത്തുകടന്ന് വിമര്‍ശിക്കേണ്ട ആവശ്യകതയിലേക്ക് പാശ്ചാത്യസംസ്കാര പഠിതാക്കളെ എത്തിച്ചത്. ഈ തിരിച്ചറിവ് സംസ്കാരപഠനം എറിയപ്പെടുന്ന മേഖലയുടെ ജന്‍മത്തിനും കാരണമായ സാഹചര്യങ്ങളിലൊന്നാണ്. സംസ്കാരപഠനം (cultural studies) എന്ന് ഇന്നു വിളിക്കപ്പെടുന്ന മേഖല സാമൂഹ്യശാസ്ത്രത്തിനകത്തുനിന്ന് സ്വയം രൂപപ്പെട്ടതാണെന്ന തെറ്റിദ്ധാരണ പുലര്‍ത്തുവര്‍ ഈ വിമര്‍ശനാത്മകതയുടെ വശത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ്. സാമൂഹ്യശാസ്ത്രത്തിന്റെ അധികാരസ്വഭാവത്തെപ്പോലും പ്രശ്നവല്‍ക്കരിക്കുന്ന മട്ടില്‍ വിമര്‍ശനാവബോധം വികസിച്ചത് കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തില്‍നിന്നുള്ള ഉള്‍ക്കാഴ്ചകളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ്. ആഴത്തിലുള്ള വിമര്‍ശനാത്മകതയാണ് കലയും സാഹിത്യവും മുന്നോട്ടുവെക്കുന്നത്.അതുകൊണ്ടു തന്നെയാണ് നിലവില്‍ കലയ്ക്കും സാഹിത്യത്തിനുമുള്ള സ്ഥാനം കുറച്ചുകൊണ്ട് ക്രിറ്റിക്കല്‍ പെഡഗോജിയെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ലെന്നു പറയുന്നത്.
വിമര്‍ശനാത്മക വിദ്യാഭ്യാസത്തില്‍ കലയ്ക്കും സാഹിത്യത്തിനുമുള്ള സ്ഥാനം
സൌന്ദര്യത്തിന്റെ മണ്ഡലമാണ് സാംസ്കാരികമായ വിമര്‍ശനത്തിന്റെ ഏറ്റവം ആഴത്തിലുള്ള മണ്ഡലം എന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചവരാണ് മാര്‍ക്ക് ഹോക് ഹീമറും തിയോഡര്‍ അഡോര്‍ണോയും. അവരുടെ പ്രബുദ്ധതയുടെ വൈരുധ്യാത്മകത എന്ന പുസ്തകം മുതലാളിത്ത ആധുനികതയുടെ ഉപകരണയുക്തിക്കു നേരെയുള്ള വിമര്‍ശനവും അതിനു പകരം സൌന്ദര്യാത്മകതയുടെ പ്രതിരോധസ്വഭാവത്തെ ഉറപ്പിക്കുതുമാണ്.
ആധുനികതയുടെ സാര്‍വലൌകികതയ്ക്കുവേണ്ടിയുള്ള അധികാരപരമായ താത്പര്യത്തെക്കുറിച്ച് അഡോര്‍ണോയും ഹോക് ഹീമറും പറയുന്നുണ്ട്. അധികാരപരമായ ഒരു കണ്‍ഫോമിറ്റി അതാവശ്യപ്പെടുന്നുമുണ്ട്. ഉദ്ദേശ്യാധിഷ്ഠിതമായ പ്രവര്‍ത്തനത്തെ ഉപകരണാത്മകമായ പ്രവര്‍ത്തനമായി അത് ചുരുക്കി. ഗുണപരമായ തലങ്ങളെ മുഴുവന്‍ ഒഴിവാക്കി അളവിന്റെ മട്ടിലേക്ക് ചുരുക്കി. മൂല്യത്തെ വസ്തുതകളാല്‍ പകരം വെച്ചു. പ്രകൃതിയെയും സമൂഹത്തെയും കീഴടക്കുന്നതിനുള്ളതായിരുന്നു ഈ പദ്ധതി.
ആധുനിക മനുഷ്യനിര്‍വചനത്തോടൊപ്പം ഉയര്‍ുവന്നതാണ് സൌന്ദര്യാത്മകതയുടെ മണ്ഡലം. മനുഷ്യന്‍ ഉപകരണം ഉണ്ടാക്കുന്ന ജീവിയാണ് എന്നും മനുഷ്യന്‍ രാഷ്ട്രീയ ജീവിയാണ് എന്നും മറ്റുമുള്ള നിര്‍വചനങ്ങള്‍ക്കൊപ്പം പ്രധാനമാണ് മനുഷ്യന്‍ സൌന്ദര്യാനുഭൂതിയുള്ള ഒരു ജീവിയാണ് എന്നത്. ആധുനിക ചിന്തയുടെ ഘട്ടത്തില്‍ത്തന്നെ സൌന്ദര്യാവബോധം മനുഷ്യാവബോധത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടിരുന്നു. സൌന്ദര്യശാസ്ത്രം (Aesthetics)എന്ന പദം 1750 ല്‍ ബോംഗാര്‍ടന്‍ നല്‍കിയതാണ്.യുക്തിയെക്കാള്‍ താണപടിയിലുള്ള ഒന്നായാണ് അദ്ദേഹം അതിനെ കണ്ടത് (സാഹിത്യവും കലയും യുക്തിയെക്കാള്‍ താണപടിയാണെന്നു കരുതുന്നവര്‍ ചരിത്രപരമായി ബോംഗാര്‍ടന്റെ ഘട്ടത്തിലെത്തിയിട്ടേ ഉള്ളൂ എന്ന് പറയേണ്ടിവരും). യുക്തിക്ക് തുല്യമായ നിലയില്‍ തികച്ചും വ്യത്യസ്തമായ മറ്റൊരു മാനുഷിക സിദ്ധിയായി തത്വചിന്തയില്‍ സൌന്ദര്യാവബോധത്തെ സ്ഥാപിച്ചത് ഇമ്മാനുവേല്‍ കാന്റാണ്.
സെന്‍സസ് കമ്മ്യണിക്കസ് ഏയ്സ്തെറ്റിക്കസ് ആയാണ് മനുഷ്യനെ കാന്റ് നിര്‍വചിച്ചതെന്നും അതിനെ സെന്‍സസ് കമ്മ്യൂണിക്കസ് ലോജിക്കസ് ആയി തെറ്റിദ്ധരിച്ചത് പില്‍ക്കാല ചിന്തകരാണെന്നും കാസ്കാര്‍ഡി പ്രബുദ്ധതയെ സംബന്ധിച്ച തന്റെ പഠനത്തില്‍ (പ്രബുദ്ധതയയുടെ പ്രത്യാഘാതങ്ങള്‍) പറയുന്നുണ്ട്. മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തിന്റെ ആത്മനിഷ്ഠതയുടെ എല്ലാ മണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുതായിരുന്നു കാന്റിന് സൌന്ദര്യാവബോധം എന്ന സമീപനം. ആഹ്ളാദവേദനകളെ മനുഷ്യവസ്ഥയുടെ അനിവാര്യമായ ഭാഗമായി തത്വചിന്താപരമായി കാന്റ് തന്റെ മൂന്നാം ക്രിറ്റിക്കില്‍(ക്രിറ്റിക് ഓഫ് ജഡ്ജ്മെന്റ്) ഉറപ്പിച്ചിരുന്നുവെന്ന് കാസ്കാര്‍ഡി സൂചിപ്പിക്കുന്നുണ്ട്. ചുരുക്കത്തില്‍ പ്രകൃതിശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും മണ്ഡലത്തിലെ ഉപകരണയുക്തിയെ നിരാകരിക്കുതിനുള്ള മറുമരുന്ന് കിടക്കുന്നത് കലയുടെയും സാഹിത്യത്തിന്റെയും മണ്ഡലത്തിലാണ് എന്നുള്ളത് നേരത്തെയുള്ള തിരിച്ചറിവാണ്.
കാന്റില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട ജര്‍മന്‍ കവിയും ചിന്തകനുമായ ഷില്ലര്‍ തന്റെ കത്തുകളില്‍ സൌന്ദര്യാത്മകതയുടെ വിദ്യാഭ്യാസപരമായ പ്രാധാന്യം എടുത്തു പറയുന്നുണ്ട്. എല്ലാം പ്രയോജനവാദത്തിലേക്ക് ചുരുക്കിക്കൊണ്ടിരുന്ന കാലത്താണ് പ്രയോജനവാദത്തിനെതിരെ നില്‍ക്കണം കല എന്ന വീക്ഷണം ഷില്ലറെപ്പോലുള്ളവര്‍ മുന്നോട്ടുവെച്ചത്. സൌന്ദര്യാത്മക വിദ്യാഭ്യാസത്തെപ്പറ്റി (On The Aesthetic Education of Man: 1794)എന്ന പേരില്‍ എഴുതപ്പെട്ട ഒരു കൂട്ടം കത്തുകളിലും ലേഖനങ്ങളിലും കേവലയുക്തിയുടെ പരിമിതികളെ ചൂണ്ടിക്കാണിച്ചുകൊണ്ട് സൌന്ദര്യാത്മകതയുടെ പ്രാധാന്യം ഷില്ലര്‍ ഉറപ്പിച്ചു പറഞ്ഞു.
ആവശ്യകതയില്‍നിന്നും ഉയര്‍ന്നു നില്‍ക്കണം കല എന്ന കാഴ്ച്പ്പാടാണ് ഷില്ലര്‍ ഉയര്‍ത്തുന്നത്. ഉപയോഗിതയാണ് ഈ കാലത്തിന്റെ വലിയ വിഗ്രഹം(ഐഡോള്‍) എന്നു ഷില്ലര്‍. ഉപയോഗിത എന്നാല്‍ ആ കാലത്തെ മുതലാളിത്തത്തിന്റെ ആവശ്യകത എന്നാണര്‍ത്ഥം. 'രാഷ്ട്രീയമണ്ഡലത്തിലെ പ്രശ്നങ്ങള്‍ക്കുള്ള ഉത്തരത്തിനും സൌന്ദര്യാത്മകതയുടെ മണ്ഡലം പിന്തുടരേണ്ടതുണ്ട്. കാരണം സൌന്ദര്യത്തിലൂടെയാണ് നാം സ്വാതന്ത്ര്യത്തിലേക്ക് എത്തുന്നത്'.
ആധുനികത മനുഷ്യനു നല്‍കിയ പിളര്‍പ്പിനെ മറികടക്കാന്‍ കല ആവശ്യമാണെന്ന വീക്ഷണം ഷില്ലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഈ താളപ്പൊരുത്തം ഉണ്ടാക്കിയെടുക്കാന്‍ ഭരണകൂടത്തിന് സാധിക്കുമോ എന്ന ചോദ്യം ഷില്ലര്‍ ഉന്നയിക്കുന്നുണ്ട്. ഈ പിളര്‍പ്പിനെ ഭരണകൂടത്തിലൂടെ മറികടക്കാന്‍ മനുഷ്യനു കഴിയില്ല എന്നു ഷില്ലര്‍ ഫറയുന്നുണ്ട്. അതായത് പൌരധര്‍മമോ ഭരണഘടനയോ പഠിച്ചതുകൊണ്ട് മനുഷ്യന്റെ ഭാവുകത്വപരമായ ഐക്യം രൂപപ്പെടുത്താന്‍ കഴിയില്ല. മസ്തിഷ്കത്തില്‍ അവസാനിക്കു വഴി ഹൃദയത്തിലൂടെ കടുപോകണം. ഈ കാലത്തിന്റെ ഏറ്റവും അടിയന്തിര കര്‍ത്തവ്യം ആ ഭാവുകത്വം പഠിപ്പിക്കലാണ് എന്ന് ഷില്ലര്‍ പറഞ്ഞു. രാഷ്ട്രീയമായ അഴിമതിയുടെയും മാലിന്യത്തിന്റെയും ഘട്ടത്തിലും വിശുദ്ധമായി നിലനില്‍ക്കുന്ന തുറന്ന സ്രോതസ്സാണത്. ഈ ഉപകരണം സൌന്ദര്യമെന്ന കലയാണ്. അതിന്റെ സ്രോതസ്സ് അതിന്റെ അനന്തമായ മാതൃകകളായി നമുക്കു മുന്നില്‍ തുറന്നുകിടക്കുന്നു എന്ന് ഷില്ലര്‍ പറയുന്നു. കല അര്‍ത്ഥപൂര്‍ണമായ ശില്‍പങ്ങളില്‍ സത്യത്തെ സൂക്ഷിച്ചിരിക്കുന്നു. സത്യം കലയെന്ന മിഥ്യയ്ക്കു പിറകില്‍ മറഞ്ഞിരുന്ന് ഇപ്പോഴും ജീവിക്കുന്നു. ഈ പകര്‍പ്പില്‍ നിന്നായിരിക്കും നാളെ സത്യങ്ങള്‍ വീണ്ടെടുക്കപ്പെടുക എന്നും ഷില്ലര്‍ പ്രതീക്ഷിച്ചു.
ഫ്രഞ്ചു വിപ്ളവം അതിന്റെ ലക്ഷ്യങ്ങളിലെത്താന്‍ പരാജയപ്പെട്ട് നിരാശാജനകമായിത്തീര്‍ന്ന ഒരു കാലത്താണ് ഷില്ലര്‍ കലയുടെ മണ്ഡലത്തില്‍ മാനവികതയുടെ രക്ഷ അന്വേഷിച്ചത് എന്നത് പ്രധാനമാണ്. ഭരണകൂട രാഷ്ട്രീയം കൊണ്ടു മാത്രം നേടാവുന്നതല്ല സമൂഹ്യമായ മോചനം എന്ന തിരിച്ചറിവാണ് ഷില്ലര്‍ ചരിത്രപരമായി മുന്നോട്ടുവെച്ചത്. കേരളത്തില്‍ ആധുനികതയുടെ ഘട്ടത്തില്‍ത്തന്നെ ഉപകരണാത്മകയുക്തിയെ സംബന്ധിച്ച പരിമിതി വ്യക്തമാക്കപ്പെട്ടിരുന്നു. കല ഉപകരണയുക്തിക്കപ്പുറത്തുള്ള മറ്റൊരു മണ്ഡലമാണെന്ന ധാരണ കുമാരനാശാനുണ്ടായിരുന്നു. കാവ്യകല അഥവാ ഏഴാമിന്ദ്രിയം എന്ന പേരില്‍ ആശാന്‍ ഒരു കവിതതന്നെ എഴുതിയിട്ടുണ്ട്.യുക്തിബോധവും സൌന്ദര്യബോധവും എന്ന പേരില്‍ മാരാര്‍ എഴുതിയ ലേഖനം സൌന്ദര്യമണ്ഡലത്തിനകത്ത് അതിന്റേതായ യുക്തി കണ്ടെത്താന്‍ കഴിയുമോ എന്ന അന്വേഷണമായിരുന്നു.യുക്തിയുടെ പ്രാഥമികത്വത്തെക്കുറിച്ച് പറയുമ്പോഴും മാരാര്‍ കലാനിര്‍മിതിയിലെ അബോധതത്വങ്ങളെക്കുറിച്ച് ബോധവാനായിരുന്നു.എന്നാല്‍ ഉപകരണയുക്തിക്കപ്പുറത്ത് പ്രവര്‍ത്തിക്കുന്ന കലയുടെ മണ്ഡലത്തെക്കുറിച്ച് ആഴത്തിലവബോധം ഉണ്ടായിരുന്ന വ്യക്തി കേസരി ബാലകൃഷ്ണപിള്ളയുമായിരുന്നു. അതു കൊണ്ടാണ് അരാജകമെന്ന് ആക്ഷേപിക്കപ്പെട്ടതെങ്കിലും അദ്ദേഹം പാശ്ചാത്യ ആധുനികതയുടെ സാഹിത്യസൃഷ്ടികളെ കേരളത്തില്‍ പരിചയപ്പെടുത്തുകയും ഉപകരണബോധത്തിനപ്പുറത്തുള്ള മണ്ഡലത്തിലേക്ക് സാഹിത്യത്തെക്കൊണ്ടുപോകുകയും ചെയ്തത്. തകഴിയുള്‍പ്പെടെയുള്ള നമ്മുടെ നവോത്ഥാന എഴുത്തിന്റെ സ്രോതസ്സായി അത് പരിണമിക്കുകയാണല്ലോ ഉണ്ടായത്.
കല ആധുനിക വിദ്യാഭ്യാസത്തില്‍ എത്രത്തോളം പ്രധാനമാണ് എന്ന ചര്‍ച്ചയും കേരളത്തില്‍ അക്കാലത്ത് ഉയര്‍ന്നുവന്നിരുന്നു. വിദ്യാഭ്യാസത്തില്‍ നാടകത്തിനുള്ള സ്ഥാനം എന്ന ഒരു ലേഖനം സി ജി അനന്തന്‍ പിള്ള ബി എ 1928 ല്‍ എഴുതുന്നുണ്ട്(ഗുരുനാഥന്‍ മാസിക). കലാലയങ്ങളില്‍ നാടകശാലകള്‍ എത്ര അനിവാര്യമാണ് എന്ന് അദ്ദേഹം വാദിക്കുന്നുമുണ്ട്.
സൌന്ദര്യം-ആധുനികമായ ആത്മബോധത്തിന്റെ വിമര്‍ശനം
ചരിത്രവും പൌരധര്‍മവും കൊണ്ട് സൌന്ദര്യാത്മകതയെ പകരം വെക്കാമോ? സൌന്ദര്യാത്മകതയെ ചരിത്രശാസ്ത്രം കൊണ്ട് പകരം വെക്കാന്‍ കഴിയില്ല. ചരിത്രത്തെ ചരിത്രപരിണാമത്തെ അനുഭൂതിയാക്കുന്ന പ്രക്രിയ നടക്കുന്നില്ലെങ്കില്‍ ചരിത്രം യാന്ത്രികഭൌതികശാസ്ത്രങ്ങള്‍ പോലെ വസ്തുനിഷ്ഠം മാത്രമായിത്തീരും.
മുതലാളിത്ത യുക്തി രൂപം കൊണ്ടത് പാശ്ചാത്യപ്രബുദ്ധതയുടെ ഘട്ടത്തിലാണല്ലോ. പ്രബുദ്ധതാപരമായ ആധുനികത മുന്നോട്ടുവെച്ച ആത്മതത്വത്തെ വെല്ലുവിളിക്കാന്‍ നിലവിലുള്ള സാമൂഹ്യശാസ്ത്രത്തിനു സാധ്യമല്ലതന്നെ. സാംസ്കാരിക ഭൌതികവാദത്തിന്റെയും കേന്ദ്രമായി നില്‍ക്കുന്നത് ലോകം കീഴടക്കുന്ന ആധുനികതയുടെ 'ഞാന്‍' (ego)എന്ന ബോധമാണ്. ഈഗോവിനെ ചരിത്രപരവും സാമൂഹ്യശാസ്ത്രപരവുമായി വികസിപ്പിക്കാന്‍ മാത്രമേ അതിനു കഴിയൂ. വ്യക്തിപരവും കുടുബപരവുമായ ഈഗോവിനെ അക്കാദമികവും സ്ഥാപനപരവുമായ ഈഗോ ആയി അതിന് വികസിപ്പിക്കാന്‍ കഴിയും.ആ നിലയില്‍ പ്രൊഫഷണല്‍ എക്സലന്‍സ് ഉണ്ടായി എന്നും വരും.സ്ഥാപനോന്‍മുഖവും അധികാരോന്‍മുഖവുമായ ഈ ഈഗോവിനെ വിമര്‍ശിക്കാനോ അപനിര്‍മിക്കാനോ ഉള്ള ഒരു സംവിധാനവും നിലിവിലുള്ള സാമൂഹ്യശാസ്ത്ര-ചരിത്രപദ്ധതികള്‍ക്കില്ല.അതിന് ഈഗോവിന്റെ അടിസ്ഥാനപ്രവണതകളെ ചോദ്യം ചെയ്യാന്‍ കഴിയില്ല.
ആകാശത്തേക്കു കുതിക്കുന്ന (മുതലാളിത്തത്തിണ്റ്റെ യുക്തിയായി ഇന്ന് വികസിച്ചെത്തിയ) അപ്പൊളോണിയന്‍ ഈഗോവിനെ ഉത്സവാത്മകതയുടെ സാമൂഹ്യബന്ധത്തിലേക്ക് നിരന്തരം തിരിച്ചുകൊണ്ടുവരുന്ന വിമര്‍ശനാത്മകമായ വികാരമണ്ഡലമായി ഫ്രഡറിക് നീഷെ കലയുടെ മണ്ഡലത്തെ തിരിച്ചറിഞ്ഞിരുന്നു.
കാള്‍ മാര്‍ക്സാകട്ടെ സാഹിത്യത്തിന്റെ മണ്ഡലത്തെ വിലകുറച്ചു കണ്ട സമകാലിക പണ്ഡിതരുടെ ആത്മഗൌരവസിദ്ധാന്തങ്ങളെ വിമര്‍ശിക്കുകയാണ് ചെയ്തത്. ഫ്രഞ്ച് എഴുത്തുകാരിയുടെ പാരീസിലെ രഹസ്യങ്ങള്‍ എ പ്രേമനോവലിനെ അതിന്റെ വിഷയത്തിന്റെ പേരില്‍ പരിഹസിച്ച ബോവറെ വിശുദ്ധകുടുംബത്തില്‍ മാര്‍ക്സ് വിമര്‍ശിക്കുകയും വികാരജീവിതത്തെ മനുഷ്യാവസ്ഥയുടെ അടിസ്ഥാനമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. ഈഗോവിനെ മാത്രം കേന്ദ്രീകരിക്കുന്ന ആത്മതത്വത്തിന്റെ ഉപകരണയുക്തിയെ സൈദ്ധാന്തികമായിത്തനെ വിമര്‍ശിക്കുതിന്റെ ഭാഗമായിരുു മാര്‍ക്സിന്റെ ഈ ഇടപെടല്‍.അന്നത്തെ ജര്‍മനിയില്‍ ബോവര്‍ ശുദ്ധ ഈഗോവിനെയാണ് മുന്നോട്ടുവെച്ചതെങ്കില്‍ കേരളത്തില്‍ ഇപ്പോള്‍ അക്കാദമിക ഈഗോ(academic ego)വാണ് അടിസ്ഥാനമാക്കുന്നത് എന്നതാണ് വ്യത്യാസം.ഹെഗലിയനായ ബോവര്‍ക്ക് ചരിത്രബോധത്തില്‍ കുറവുണ്ടായിരുന്നില്ല.എന്നാല്‍ ആത്മവിമര്‍ശനപരമായ സൌന്ദര്യാവബോധത്തിന്റെ കാര്യത്തില്‍ വലിയൊരു അഭാവം ബോവറിലുണ്ടായിരുന്നു. അഭിരുചിയെ വിമര്‍ശനാത്മകമായി നോക്കിക്കാണാന്‍ വിസമ്മതിക്കുന്ന ചിന്താപദ്ധതി അബോധമായി പിന്തിരിപ്പനും അധികാരോന്‍മുഖവുമായ അഭിരുചികളാല്‍ നിയന്ത്രിക്കപ്പെടുതായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.മാര്‍ക്സിന്റെ ഈ വിമര്‍ശനസമീപനത്തെയാണ് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ മുന്നോട്ടുകൊണ്ടുപോയത്.
ഇറ്റലിയില്‍ ഫാസിസത്തിന്റെ തുടക്കകാലത്ത് നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചുള്ള ഗ്രാംചിയുടെ വിമര്‍ശനം അതിന്റെ പ്രയോജനവാദത്തിലെ ഊന്നലിനെ മുന്‍നിര്‍ത്തിയായിരുന്നു. പഴയ പാഠ്യപദ്ധതിയുടെ പരിമിതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍തന്നെ ഗ്രീക്ക് ,ലാറ്റിന്‍ തുടങ്ങിയ ക്ളാസിക് ഭാഷകളുടെ പഠനം പഴയ പദ്ധതിയുടെ മെച്ചമായിരുന്നുവെന്ന് പോസിറ്റിവിസത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന ഗ്രാംചി എടുത്തുകാട്ടിയിരുന്നു. സംസ്കാരാവബോധത്തിന്റെ ഭാഗമായാണ് ഗ്രാംചി ഭാഷാപഠനത്തെ കണ്ടത്.വെറും വിവരങ്ങള്‍(information) മാത്രം നല്‍കുന്ന അധ്യാപകന്‍ മോശപ്പെട്ട അധ്യാപകനാണെന്ന് ഗ്രാംചി പറയുന്നുണ്ട്. ഗ്രാംചിയെ പിടിച്ച് ആണയിട്ടുകൊണ്ടാണല്ലോ നാം എപ്പോഴും സംസാരിക്കുന്നത്. ആത്മബോധ്യങ്ങളുള്ള അധ്യാപകന്‍ എന്ന സങ്കല്‍പത്തെത്തയൊണ് താന്‍ മുന്നോട്ടുവെക്കുന്നതെന്നും ഇന്ന് അവതരിപ്പിക്കപ്പെടുന്ന വെറും ഫെലിസിറ്റേറ്റര്‍ എന്ന സങ്കല്‍പം താന്‍ അവതരിപ്പിച്ചിട്ടില്ലെന്നും പൌലോ ഫ്രെയറും പറയുന്നുണ്ട്.
അബോധമായി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സൌന്ദര്യാവബോധത്തിന്റെ സാമൂഹ്യസാംസ്കാരികാടിത്തറയെയാണ് അടുത്ത കാലത്ത് പിയറി ബോര്‍ദ്യുവുള്‍പ്പെടെയുള്ളവര്‍ ചിന്താവിഷയമാക്കിയത്. ആധുനികതയുടെ ശുദ്ധസൌന്ദര്യാത്മകതയെ പ്രശ്നവല്‍ക്കരിക്കുമ്പോഴും അവര്‍ സമൂഹത്തിന്റെ അവബോധനിര്‍മിതിയില്‍ സൌന്ദര്യത്തിനുള്ള പങ്ക് വ്യക്തമാക്കുകയാണ് ചെയ്തത്. സാമൂഹ്യവൈരുധ്യത്തിന്റെ ആഴത്തിലുള്ള സംഘര്‍ഷത്തിന്റെ മണ്ഡലമായി സൌന്ദര്യത്തിന്റെ മണ്ഡലത്തെ തിരിച്ചറിയുക തന്നെയൊണ് ചെയ്തത്. അതു കൊണ്ടുതന്നെ വിമര്‍ശനാവബോധത്തിന്റെ കേന്ദ്രസ്ഥാനമായി സൌന്ദര്യമണ്ഡലത്തെ അവര്‍ നോക്കിക്കാണുകയും ചെയ്തു.
സാഹിത്യഭാഷയും സാമാന്യഭാഷയും തമ്മിലുള്ള വ്യത്യസ്തതയെ ചോദ്യം ചെയ്ത ഉത്തരാധുനികരും സാഹിത്യത്തിന്റെയും കലയുടെയും വിധ്വംസകശേഷിയെ അംഗീകരിച്ചവരോ സൌന്ദര്യത്തിന്റെ മണ്ഡലം ആഴത്തിലുള്ള സാമൂഹ്യസംഘര്‍ഷത്തിന്റെ മേഖലയായി കലയുടെ മണ്ഡലത്തെ കണ്ടവരോ ആണ്.
അല്‍ത്തൂസറിനോടൊപ്പം മൂലധനം വായിക്കുമ്പോള്‍ എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ പങ്കാളിയായിരുന്ന ഴാക് റാന്‍സിയേ(Jacques Ranciere -1968 ലെ പാരീസ് വിദ്യാര്‍ത്ഥികലാപത്തോട് അല്‍ത്തൂസര്‍ എടുത്ത നിഷേധാത്മകമായ നിലപാടിന്റെ പേരില്‍ റാന്‍സിയേ അല്‍ത്തൂസറുമായി തെറ്റിപ്പിരിയുകയായിരുന്നു) എഴുതിയ സൌന്ദര്യത്തിന്റെ രാഷ്ട്രീയം, സൌന്ദര്യം രാഷ്ട്രീയമാണ് (The Politics of Aesthetics, Aesthetics is Potitics) എന്നീ പുസ്തകങ്ങള്‍ പ്രയോജനവാദികള്‍ ശ്രദ്ധിക്കേണ്ടതാണ്. കലയെയും സാഹിത്യത്തെയും മാറ്റിനിര്‍ത്തിക്കൊണ്ട് വിദ്യാഭ്യാസമണ്ഡലത്തെ സംസ്കാരപഠനപരമായി നോക്കിക്കാണുക എന്നു പറയുന്ന വാദത്തിന്റെ പൊള്ളത്തരം അപ്പോള്‍ വ്യക്തമാകും.കാന്റിന്റെ കാലം മുതലുള്ള സൌന്ദര്യാത്മകതയുടെ വിപ്ളവപരതയെ മുന്‍നിര്‍ത്തിയാണ് ഈ സമകാലിക ഫ്രഞ്ചു മാര്‍ക്സിസ്റ്റ് തന്റെ വാദങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിമര്‍ശനാത്മകവിദ്യാഭ്യാസത്തിന്റെ നെടുംതൂണാണ് കലയെയും സാഹിത്യത്തെയും സംബന്ധിച്ച പഠനം. എല്ലാ രാഷ്ട്രീയാവബോധപരമായ മാറ്റത്തിനും മുന്നോടിയായി സൌന്ദര്യാവബോധത്തില്‍ മാറ്റമുണ്ടാകുന്നു എന്നാണ് അദ്ദേഹം വാദിക്കുന്നത്.പുതിയ സൌന്ദര്യശാസ്ത്രത്തിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ടാണ് പുതിയ രാഷ്ട്രീയാവബോധം ഉണ്ടാകുന്നത്.
സാഹിത്യത്തിന്റെയും കലയുടെയും മണ്ഡലത്തെ വസ്തുതാവിവരണപരമായ ചരിത്രസംസ്കാരപഠനങ്ങളാല്‍ മാറ്റിവെക്കുമ്പോള്‍ സംഭവിക്കുതെന്താണ്? അനുഭൂതിയുടെ മണ്ഡലത്തെ ചരിത്രത്തിന് പുറത്തേക്ക് കളയുകയാണ്. ചരിത്രശാസ്ത്രത്തെ വിമര്‍ശിക്കുന്ന സംസ്കാര പഠിതാക്കള്‍തന്നെ ദൈനംദിനജീവിത സംസ്കാരത്തിന്റെ ആനുഭൂതിക ലോകത്തെ പ്രതിനിധീകരിക്കുന്നത് സാഹിത്യമാണ് എന്ന നിലപാടിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ചരിത്രം അതിന്റെ അമൂര്‍ത്തമായ സംവര്‍ഗങ്ങളില്‍ നിന്നു മോചിപ്പിക്കപ്പെടുമ്പോള്‍ അത് ദൈനംദിന ജീവിതത്തോടടുക്കുന്നു. ജ്ഞാനവസ്തുവിന്റെ വിദൂരതയെ നിരാകരിച്ച് അത് അനുഭവപരമാകുന്നു. ചരിത്രത്തെ ചരിത്രപരിണാമത്തെ അനുഭൂതിയാക്കുന്ന പ്രക്രിയ നടക്കുന്നില്ലെങ്കില്‍ ചരിത്രം യാന്ത്രികഭൌതികശാസ്ത്രങ്ങള്‍ പോലെ വസ്തുനിഷ്ഠം മാത്രമായിത്തീരും. വസ്തുനിഷ്ഠതയുടെ യാന്ത്രികതയെ പ്രതിരോധിക്കുന്ന മണ്ഡലമാണ് ഇവിടെ സൌന്ദര്യത്തിന്റെ തലം. യാന്ത്രിക ഭൌതികവാദത്തിന്റെ വിമര്‍ശനം തന്നെയാണതിലുള്ളത്.
വിദ്യാര്‍ത്ഥിയുടെ ആത്മനിഷ്ഠതലത്തെ ഇളക്കിമറിച്ച് ആഴത്തിലുള്ള അവബോധപരിണാമമുണ്ടാക്കുന്നത് കലയും സാഹിത്യവും സംബന്ധിച്ച പഠനത്തിന്റെ സന്ദര്‍ഭത്തിലാണ്. അവിടെ മാത്രമാണ് ആത്മനിഷ്ഠതതന്നെ വിമര്‍ശിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവുണ്ടാകുന്നുള്ളൂ. സംസ്കാരത്തെ സാമൂഹ്യശാസ്ത്രദൃഷ്ടിയില്‍നിന്ന് വിമര്‍ശിക്കുന്നതിനെക്കാള്‍ എത്രയോ ആഴത്തിലുള്ളമാണ് ചിന്താവിഷ്ടയായ സീതയും പാടുന്ന പിശാചും കുടിയൊഴിക്കലും ആധുനികനാഗരികതയുടെ അനുഭവ രീതിയെത്തന്നെ എങ്ങിനെ വിമര്‍ശിച്ചുവെന്ന് പഠിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍. മനുഷ്യനാഗരികതയുടെ നിര്‍മിതിയുടെ ഉപാധികള്‍ സാമൂഹ്യശാസ്ത്രം പറയുമ്പോള്‍ അതിന്റെ അനുഭൂതിഘടനകളെ സൌന്ദര്യശാസ്ത്രം വെളിപ്പെടുത്തുന്നു. ജൈവികമായ കാമത്തെ എങ്ങിനെ പ്രേമം എന്ന അനുഭൂതിയിലേക്ക് ആശാന്‍ കവിത പരിവര്‍ത്തിപ്പിച്ചുവെന്ന് അറിയുമ്പോഴാണ് അനുഭൂതിലോകം ചരിത്രവല്‍ക്കരിക്കപ്പെടുന്നത്. ഇക്കാലത്ത് അത് ദൃശ്യമാധ്യമങ്ങളിലേക്കും വ്യാപിക്കും. കോര്‍പേറ്റ് യുഗത്തില്‍ കല മുതലാളിത്തത്തിന്റെ ഉപകരണമാകുന്നതും പൊതുസമ്മതങ്ങള്‍ നിര്‍മിക്കപ്പെടുന്നതും ചര്‍ച്ചയ്ക്കു വിധേയമാകും. വിമര്‍ശനാത്മകമായ സൌന്ദര്യശാസ്ത്രം ആത്മനിഷ്ഠതയുടെ ചരിത്രവും അതിന്റെ വിമര്‍ശനവുമാണ് കൈകാര്യം ചെയ്യുത്.
സൌന്ദര്യാത്മകതയുടെ മണ്ഡലത്തില്‍ ആധുനികീകരിക്കപ്പെടാത്ത ഒരു സമൂഹം മറ്റെല്ലാ തലത്തിലും ഭൌതികമായി വികസിച്ചാലും പിന്തിരിപ്പനായിരിക്കും. എന്നു മാത്രമല്ല അവികസിതമായ ഒരു സൌന്ദര്യബോധവും വികസിതമായ സാങ്കേതിക വിദ്യയും ചേരുമ്പോള്‍ രൂപപ്പെടുന്നത് ഫാസിസമായിരിക്കും. കൌമാരത്തില്‍തന്നെ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിലേക്കു മാത്രമായി ചുരുക്കപ്പെടുന്നതോടെ വിദ്യാര്‍ഥിസൌന്ദര്യാത്മകതയുടെ മണ്ഡലത്തില്‍ പിന്തിരിപ്പനും പുരുഷാധിപതിയും ഫാസിസ്റ്റും ആയിത്തീരാനുള്ള സാധ്യത ഏറെയാണ്. സാമൂഹ്യചലനങ്ങളെ സംബന്ധിച്ച വസ്തുതകള്‍ ചര്‍ച്ച ചെയ്യപ്പെട്ടാലും ക്ളാസ് മുറികളില്‍ സൌന്ദര്യശാസ്ത്രപരമായി വിച്ഛേദങ്ങള്‍ പ്രതിഫലിക്കുന്നില്ലെങ്കില്‍ അത്തരം ക്ളാസുകള്‍ വിമര്‍ശനാത്മകമായിരിക്കുകയില്ല.
ചരിത്രത്തിലെ മാറ്റങ്ങളെ അനുഭവപരമായ മാറ്റങ്ങളായി അവതരിപ്പിക്കുന്നത് കലയാണ്. ഫ്യൂഡലിസവും സവര്‍ണാധിപത്യവും തകര്‍ന്നത് സാമൂഹ്യശാസ്ത്രം കണക്കുകള്‍ നിരത്തിയാണ് പറയുക. എാല്‍ കലയും സാഹിത്യവും അതിനെ അനുഭവരൂപങ്ങളിലൂടെ പറയും. കണക്കുകളിലൂടെ പറയുമ്പോള്‍ അത് കേട്ടിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ അനുഭവഘടനയില്‍ യാതൊരു മാറ്റവുമുണ്ടാകണമെന്നില്ല. അയാളുടെ വ്യക്തിത്വത്തെ അത് ബൌദ്ധിക തലത്തില്‍ മാത്രമേ സ്പര്‍ശിക്കുകയുള്ളൂ. എന്നാല്‍ കലയിലൂടെ വരുമ്പോള്‍ അത് വ്യക്തിത്വത്തിന്റെ സമഗ്രതയെ അയാളുടെ സാമൂഹ്യബന്ധത്തെ അനുഭവരീതിയെ മുഴുവന്‍ സ്വാധിനിക്കും.തന്നോടുതന്നെയുള്ള വിമര്‍ശനം, തന്റെ അനുഭവരീതിയോടുതന്നെയുള്ളവിമര്‍ശനം സാധ്യമാകുന്നത് കലയിലൂടെയും സാഹിത്യത്തിലൂടെയുമാണ്. കസവ് എവിടെ അവസാനിക്കുന്നു ശരീരം എവിടെ ആരംഭിക്കുന്നു എന്നു തിരിച്ചറിയാത്ത ഇന്ദുലേഖയില്‍നിന്ന് രണ്ടിടങ്ങഴിയിലെ ചിരുതയിലേക്കുള്ള മാറ്റത്തില്‍ സംഭവിക്കുന്നത് സൌന്ദര്യാനുഭവത്തിലുള്ള മാറ്റമാണ്. ചിരുതയുടെ വെയിലിലിറങ്ങി അധ്വാനിക്കുന്നതിലുള്ള അവളുടെ ഉത്സാഹവും ശേഷിയുമാണ് കോരനില്‍ കാമുകത്വമുണര്‍ത്തുത്. ഇതറിയുന്ന ഒരു വിദ്യാര്‍ഥിയില്‍ അയാളുടെ സൌന്ദര്യബോധവും നീതിബോധവും സാമൂഹ്യബോധവും ഒരു അനുഭവ സമഗ്രതയില്‍ ഒന്നിച്ചു സംബോധന ചെയ്യപ്പെടുകയാണ്.
സൌന്ദര്യാനുഭവം വര്‍ണവര്‍ഗലിംഗ പ്രത്യയശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടതാണ്.എന്നാല്‍ അതുകൊണ്ട് അത് നിലനില്‍ക്കാത്തതാണെന്നു വരുന്നില്ല. വിശേഷസന്ദര്‍ഭങ്ങളില്‍ രൂപം മാറുമെങ്കിലും വിവിധ രൂപങ്ങള്‍ കൈക്കൊള്ളുമെങ്കിലും പൊതുവായ ഒന്ന് എന്ന നിലയില്‍ അത് അവിടെ എപ്പോഴുമുണ്ട്. അതാണ് മനുഷ്യസിദ്ധി എന്ന നിലയില്‍ ആധുനിക മനുഷ്യാവസ്ഥയുടെ അനിവാര്യഭാഗമായി അതിനെ മാറ്റുന്നത്. സൌന്ദര്യാനുഭവത്തെ മനുഷ്യാവസ്ഥയുടെ ഭാഗമായി തിരിച്ചറിയാത്ത ഒരാള്‍ അതിന്റെ ചരിത്രപരതയും തിരിച്ചറിയുകയില്ല. സനാതനമെന്നു ധരിക്കപ്പെടുന്ന യാഥാസ്ഥിതിക സൌന്ദര്യബോധത്തിന്റെ തടവിലായിരിക്കും അയാള്‍ ഉണ്ടാകുക.
ജൈവ ബുദ്ധിജീവിയുടെ നിര്‍മിതിയില്‍ സൌന്ദര്യാബോധമണ്ഡലത്തിലെ സമരം പ്രധാനമാണ്. സൌന്ദര്യാവബോധത്തില്‍ മാറ്റം വരാതെയുള്ള രാഷ്ട്രീയാവബോധം തൊലിപ്പുറം മാത്രം സ്പര്‍ശിക്കുതായിരിക്കും. സംഘടനാപരമായി എത്ര തന്നെ പുരോഗമനപരമായി തോന്നിച്ചാലും അത് അനുഭൂതിയുടെ മണ്ഡലത്തില്‍ പിന്തിരിപ്പനായിരിക്കും. പൌരധര്‍മം പഠിപ്പിക്കുത് നല്ലതു തന്നെ. എന്നാല്‍ സൌന്ദര്യപരമായ തലത്തിലെ അവബോധപരമായ മാറ്റമില്ലെങ്കില്‍ അത് മോരും മുതിരയും പോലെ ചേര്‍ച്ചയില്ലാതെ നില്‍ക്കുകയേ ഉള്ളൂ. രാഷ്ട്രയുക്തിയാണ് പ്രധാനമെന്നും സാമൂഹ്യബന്ധവും സാമൂഹ്യാനുഭവവും അപ്രധാനമാണെന്നുമുള്ള വാദത്തിലേക്കാണ് അത് എത്തിക്കുക. ആത്യന്തികമായി അതിന്റെ ഫലം ഫാസിസ്റ്റ് അവബോധവുമായിരിക്കും.
ഉപകരണയുക്തിയില്‍ ചരിത്രപഠനം പോലും അളവുകളുടെ മണ്ഡലത്തില്‍ തളഞ്ഞുകിടക്കാം. പഠനതാത്പര്യമെന്നത് വസ്തുരതി,സമ്പാദ്യരതി, ശേഖരണരതി (ഉടമസ്ഥതാബോധം) എന്നിവ മാത്രമായിത്തീരും. അത് സാമൂഹ്യതയെയല്ല ഉടമസ്ഥതാപരമായ അഹങ്കാരത്തെ മാത്രമാണ് വളര്‍ത്തുക. അത് മുതലാളിത്തത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടുന്ന വ്യക്തികളെ മാത്രമേ സൃഷ്ടിക്കുകയുള്ളൂ. സാമൂഹ്യാനുഭൂതിയെ സ്വാംശീകരിക്കുന്ന വ്യക്തികളെയല്ല, കേവലമായി ബയോഡാറ്റ വര്‍ധിപ്പിക്കാന്‍ മത്സരിക്കുന്ന വ്യക്തികളെയാണത് അക്കാദമികരംഗത്തും ഉണ്ടാക്കുക. കലയെ നിഷേധിച്ചുകൊണ്ട് ഒരു ആധുനിക ജനാധിപത്യസോഷ്യലിസ്റ്റ് മൂല്യമുള്ള ഒരു സമൂഹം, നിരന്തരമായ വിമര്‍ശനാത്മകതയെ നിലനിര്‍ത്താന്‍ കഴിയുന്ന ഒരു സമൂഹം നിര്‍മിക്കുക സാധ്യമല്ല.
തുടക്കത്തില്‍ സൂചിപ്പിച്ച ഇന്നത്തെ പ്രൈമറി സെക്കന്ററി തലത്തിലെ സാഹിത്യപഠനത്തിലും സാഹിത്യത്തെ കേവലം ഉപകരണപരമായും സാമൂഹ്യശാസ്ത്രപരവുമായും മാത്രമാണ് വീക്ഷിക്കപ്പെടുന്നതെന്നു കാണാം. ശാസ്ത്രത്തെ സംബന്ധിച്ചും സാമൂഹ്യശാസ്ത്രത്തെ സംബന്ധിച്ചുമുള്ള നിലപാടുകള്‍ക്കപ്പുറത്ത് ശാസ്ത്രസാഹിത്യപരിഷത്തിനും സൌന്ദര്യാത്മകതയുടെ വിമര്‍ശന ശേഷിയെക്കുറിച്ചുള്ള ധാരണയില്ലാത്തതാണ് ഇതിന് അടിസ്ഥാനകാരണം. സാഹിത്യം കേവലം ഉപകരണപരമായി മാത്രമായി മനസ്സിലാക്കപ്പെടുത്. ഈ യുക്തി കൊണ്ട് ആഗോളവല്‍ക്കരണത്തിന് ബദല്‍ നിര്‍മിക്കാന്‍ ശ്രമിക്കുക സാധ്യമല്ല. മാത്രമല്ല മുതലാളിത്തയുക്തിയെ പുനരുല്‍പാദിപ്പിക്കുക മാത്രമാണ് അതു കൊണ്ടുണ്ടാകുക.
ആത്മനിഷ്ഠതയ്ക്ക് ചരമക്കുറിപ്പ് എഴുതുമ്പോള്‍, സാഹിത്യവും കലയും പ്രതിനിധീകരിക്കുന്ന ആത്മവിമര്‍ശനത്തിന്റെയും വികാരത്തിന്റെയും വഴികള്‍ അക്കാദമികളില്‍ അടയ്ക്കുന്നതോടെ തുറക്കപ്പെടുന്നത് അമൃതാനന്ദമയിയിലും ശ്രീശ്രീ രവിശങ്കറിന്റെ ലോകവുമായിരിക്കും. ആധ്യാത്മക പ്രഭാഷണത്തിലേക്കും ഭക്തി സീരിയലുകളിലേക്കും മാത്രമായി ഒരു ജനതയുടെ മാനസിക ലോകത്തെ അടയ്ക്കുന്ന പ്രക്രിയയായിരിക്കും.
കലയും സാഹിത്യവും നിര്‍ബന്ധിതവിഷയങ്ങളാകുന്നത് പ്ളസ് റ്റു വരെ മതി എന്നാണ് ഒരു വാദം. സാഹിത്യപഠനം അനുഭൂതിയുടെ മണ്ഡലമാണ്. ആഴത്തിലുള്ള അനുഭൂതികളെ തിരിച്ചറിയുവാനുള്ള പ്രായം അതു കഴിഞ്ഞുള്ള കാലമാണ്. കുമാരനാശാന്റെ കവിത പതിനഞ്ചുവയസ്സുകാരന് മനസ്സിലാകുന്നതിന് ഒരു പരിധിയുണ്ട്.ബ്ലേയ്കിന്റെ ഭാവമണ്ഡലത്തിലേക്ക് ആ പ്രായത്തില്‍ ഒരാള്‍ കടക്കുന്നില്ല. വികാരപരമായ ആധുനികീകരണം നടക്കണമെങ്കില്‍ മുതിര്‍ പ്രായത്തിലാണ് സാഹിത്യത്തിലെ ഇത്തരം വിഷയങ്ങള്‍ പഠിപ്പിക്കപ്പെടേണ്ടത്. അക്ഷരാഭ്യാസത്തിന്റെയും വാക്കും വാചകവും ഉറയ്ക്കുതിന്റെയും ഘട്ടത്തില്‍ വെച്ച് അവസാനിപ്പിക്കേണ്ടതാണ് സാഹിത്യപഠനം എന്ന വീക്ഷണം സാഹിത്യത്തെ സംബന്ധിച്ച കാര്യത്തില്‍ വിദ്യാഭ്യാസപണ്ഡിതര്‍ പ്രാഥമികധാരണയ്ക്കപ്പുറം പോയിട്ടില്ലെന്നാണ് കാണിക്കുന്നത്.
കലയുടെ മണ്ഡലവുമായി ബന്ധമില്ലാത്ത കലയ്ക്കും സാഹിത്യത്തിനും അന്യമായ ഒരു സാമൂഹ്യനേതൃത്വമാണ് നമുക്കുണ്ടാകുന്നതെങ്കില്‍ അത് സമൂഹത്തെ സംബന്ധിച്ചിടത്തളം വിനാശകരമായിരിക്കും. കുമാരനാശാന്റെ കവിത വായിച്ചിട്ടില്ലാത്ത ഒരു രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നേതൃത്വവും കേരളത്തിനുണ്ടാവുകയാണെങ്കില്‍ അത് ഭീകരമായിരിക്കും. വികാരപരമായി ആധുനികീകരിക്കപ്പെടാത്തതും എന്നാല്‍ ഉപകരണയുക്തിയില്‍ ആധുനികോത്തരതയെ സ്വീകരിക്കുന്നതുമായ ഒരു വികൃതസമൂദായമായിരിക്കുമത്. ബുദ്ധിയെ സാമൂഹ്യബന്ധമാക്കി മാറ്റുന്ന, പ്രജ്ഞയെ കരുണയും മൈത്രിയുമാക്കുന്നതിനുള്ള സംവിധാനം കലയിലും സാഹിത്യത്തിലുമാണ് കുടികൊള്ളുത്.
സ്വന്തം ശരീരത്തിന്റെ അതിജീവനത്തിനുള്ള വ്യക്തിയുടെ അന്ധമായ ജൈവികമായ സാമര്‍ത്ഥ്യത്തെ സാമൂഹ്യബന്ധമാക്കി മാറ്റുകയാണ് കല ചെയ്യുത്. ജീവരക്തത്തെ മുലപ്പാലാക്കുന്ന ഈ വിദ്യയാണ് കലയുടെയും സാഹിത്യത്തിന്റെയും.
അമ്മ തന്‍ നെഞ്ചുഞരമ്പില്‍ക്കൂടി
ചെമ്മേ ചെഞ്ചോരയെത്തന്നെ
അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി
എന്ന് കവി പറഞ്ഞിരിക്കുന്നത് ഈ വികാരത്തിനാണ്. ഇതിനുള്ള വിദ്യാഭ്യാസം ഇല്ലാതെ വരുമ്പോള്‍ അപരനെ തന്റെ ഉയര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിക്കുന്നതോ തന്റെ വളര്‍ച്ചയുടെ ഉപകരണമോ മാത്രമായി കാണുന്ന മുതലാളിത്ത യുക്തിയായിരിക്കും നമ്മുടെ കലാലയങ്ങളെയും സമൂഹത്തെയും ഭരിക്കുന്നത്. അതിനെ കലാലയത്തിലെങ്കിലും ക്ളാസ് മുറികളിലെങ്കിലും അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തിന്റെ മണ്ഡലത്തിലെങ്കിലും ചെറുത്തുനില്‍ക്കാന്‍ കലാസാഹിത്യവിദ്യാഭ്യാസം ആവശ്യമാണ്.പ്ളസ് റ്റൂ തലം കഴിഞ്ഞ് സാഹിത്യം എന്തിനാണ് പഠിപ്പിക്കുത് എന്നു ചോദിക്കുന്ന പണ്ഡിതര്‍ക്ക് ഭാഷ ഒരുപകരണം മാത്രമാണ്. ചോരയില്‍നിന്ന് ചോരയെ മാത്രമേ അവര്‍ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയൂ. ചോരയെ മുലപ്പാലാക്കുന്ന കലയുടെ ആ രാസവിദ്യ അവര്‍ക്ക് അജ്ഞാതമാണെന്ന് പറയേണ്ടിയിരിക്കുന്നു.
Wednesday, April 8, 2009
ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെംബെര്‍ സെക്രട്ടറിയുടെ മറുപടി- ചില ചിന്തകളും
സമകാലികമലയാളം വാരികയില്‍ ഡോ. പി. ഗീത എഴുതിയ ‘ഭാഷയ്ക്കും സാഹിത്യത്തിനും ഒരു ചരമക്കുറിപ്പ്’ എന്ന ലേഖനത്തിനു മറുപടിയായി ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെംബെര്‍ സെക്രട്ടറി എഴുതിയ കത്താണു മുകളില്‍. അദ്ദേഹം ഇക്കാര്യത്തില്‍ നിരന്തരം സംവാദത്തില്‍ ഏര്‍പ്പെടുന്നതിനെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു. പക്ഷേ അപ്പോഴും, ഇതിലെ ചില കാര്യങ്ങളെങ്കിലും വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്നു പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.
മലയാളം ഇപ്പോള്‍ ഡിഗ്രിതലത്തില്‍ ഒന്നാം ഭാഷയല്ല, രണ്ടാം ഭാഷയാണ് എന്നതു ശരിയാണ്. വിദ്യാഭ്യാസത്തെ സംസ്കാരികമായി വിലയിരുത്തുമ്പോള്‍ക്കാണുന്ന അത്തരം ന്യൂനതകള്‍ തിരുത്തുന്നതിനാണല്ലൊ ഈ പുന:സംഘടന വേണ്ടിവരുന്നത്. എന്നാല്‍ പുതിയ കരിക്കുലത്തില്‍ ഒന്നാം ഭാഷയെന്നോ രണ്ടാം ഭാഷയെന്നോ ഉള്ള വിവേചനമില്ല എന്നുകേട്ടപ്പോള്‍ അമ്പരപ്പു തോന്നി. കാരണം കോമണ്‍ കോഴ്സുകളിലെ 8 എ.യുടെ സിലബസ് ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ വെബ് സൈറ്റില്‍നിന്നു ഡൌണ്‍ലോഡ് ചെയ്തത് എന്റെ കൈയിലുണ്ട്. അതില്‍ രണ്ടാം ഭാഷയെന്നുതന്നെയാണ് വ്യവഹരിച്ചിരുന്നത്. കാണുക:
ഇതേ കോഴ്സിന്റെ സിലബസ് ഇപ്പോഴും ഇന്റെര്‍നെറ്റിലുണ്ട്. അതില്‍ 'COMMUNICATION SKILLS IN LANGUAGES OTHER THAN ENGLISH'എന്നാണു പ്രയോഗം! അതായത് ആദ്യം പ്രസിദ്ധീകരിച്ചിരുന്നതു മാറ്റി ‘രണ്ടാം ഭാഷ’ ഇല്ലായ്മ ചെയ്തിട്ടുണ്ട്. അതായത് മറ്റാരും തെറ്റുധാരണ പരത്തിയതല്ല, എന്തെങ്കിലും ധാരണ പരക്കുംമുന്‍പേ തിരുത്തിയതാണിത്. എങ്കിലും ഈ തിരുത്തലിനെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.
പക്ഷേ അപ്പോഴും പഴയ വീഞ്ഞുതന്നെ പുതിയ കുപ്പിയില്‍. ഇംഗ്ലീഷ് പഠനം നിര്‍ബന്ധിതമാണ്. മലയാളം പഴയതുപോലെ തന്നെ തെരഞ്ഞെടുക്കാവുന്ന പല ഭാഷകളിലൊന്നും. ഇനി വിദ്യാര്‍ഥികളെക്കൂടി തെരഞ്ഞെടുപ്പില്‍ പങ്കാളികളാക്കുകയാണെന്നാണു ന്യായമെങ്കില്‍ അത് ഇംഗ്ലീഷിനു ബാധകമാകാത്തതെന്താണ്? ‘അറിവിന്മേല്‍ അധ്യാപകനുള്ള അധീശത്വ’മൊന്നും അവിടെ ബാധകമല്ലേ? യു. ജി. സി. യുടെ പൊതുസമീപനമായ അന്തര്‍ദ്ദേശീയതയുടെ യുക്തിയില്‍ ഇംഗ്ലീഷിനാണു പ്രാധാന്യമെങ്കിലും ഭാഷാന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുന്നതു ചെറുക്കുക എന്ന സാംസ്കാരികമായ യുക്തിയില്‍ മലയാളത്തിനാണു പ്രാധാന്യം. ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മുന്നോട്ടുവച്ചിരിക്കുന്ന മറ്റു പഠനവിഷയങ്ങളെല്ലാം സാഹിത്യ-സൌന്ദര്യശാസ്ത്രപഠനത്തിന്റെ ഇടമാണ് കവര്‍ന്നെടുത്തിരിക്കുന്നത് എന്ന കാര്യവും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. മറ്റേതു വിഷയം സിലബസില്‍ ഉള്‍പ്പെടുത്തണമെങ്കിലും ഭാഷാ-സാഹിത്യസംബന്ധിയായ വിഷയങ്ങളുടെ ഇടം കൈയേറുകയെന്നതാണ് വിദ്യാഭ്യാസപരിഷ്ക്കാരങ്ങളുടെ പേരില്‍ വരുത്തുന്ന ഏതു നടപടികളുടെയും പൊതുനയമാക്കി മാറ്റിയിരിക്കുന്നത്. ഭാഷയ്ക്കും സാഹിത്യത്തിനും ചരമക്കുറിപ്പെഴുതേണ്ട അവസ്ഥ അങ്ങനെ വന്നുചേരുന്നതാണ്.
മറ്റു കാര്യങ്ങളില്‍, ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ പൊതുസമീപനത്തെക്കുറിച്ചു മറ്റൊരു പോസ്റ്റിന്റെ കമന്റില്‍ ഞാന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിക്കട്ടെ:
വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമായി മാത്രം കാണുന്ന ഒരു സമീപനം ഇന്ത്യയിലെ അധികാരികള്‍ വച്ചുപുലര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. വ്യക്തിത്വവികസനം സൌന്ദര്യബോധം, സാംസ്കാരികമായ വളര്‍ച്ച എന്നിവയൊക്കെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി കരുതിയിരുന്ന കാലം കഴിഞ്ഞുവെന്നുതന്നെ തോന്നുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടാവണമെന്നു വിഭാവനം ചെയ്യുന്ന സംസ്കാരപഠനത്തിന്റെ അവസ്ഥതന്നെ നോക്കുക. സൌന്ദര്യശാസ്ത്രത്തിനു വിപരീതമായ സംഗതിയാണു സംസ്കാരപഠനം എന്ന തലതിരിഞ്ഞ സമീപനമാണ് അതില്‍ കാണുന്നത്. സംസ്കാരപഠനം എന്ന പഠനമേഖലതന്നെ ഭാഷ, സാഹിത്യം, കല എന്നിവയുടെ ജ്ഞാനവിഷയമെന്തെന്ന ആലോചനയില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പ്രാഥമികമായ സംഗതിപോലും മറച്ചുവച്ചുകൊണ്ട്, സിദ്ധാന്തത്തെ അതില്‍ത്തന്നെ ഉള്ളടങ്ങുന്ന വ്യവഹാരമായി അവതരിപ്പിച്ചുകൊണ്ട്, വലിയ സാദ്ധ്യതയുള്ള ആ പഠനമേഖലയെത്തന്നെ പരിമിതപ്പെടുത്തുന്ന അവസ്ഥയാണ് ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളില്‍ കാണാനാവുന്നത്. റെയ്മണ്ട് വില്യംസ് നാടകാവതരണത്തെക്കുറിച്ചും അഡോര്‍ണോ, എഡ്വേര്‍ഡ് സയ്ദ്, റൊളാങ് ബാര്‍ത് തുടങ്ങിയവര്‍ സംഗീതത്തെക്കുറിച്ചും ടെറി ഈഗ്‌ള്‍ടണ്‍ കവിതയെക്കുറിച്ചും ഉംബര്‍ടോ എക്കോ സാഹിത്യത്തെയും സൌന്ദര്യത്തെയും വൈരൂപ്യത്തെക്കുറിച്ചുമൊക്കെ നടത്തിയ പഠനങ്ങള്‍ സംസ്കാരപഠനത്തിന്റെതന്നെ സാധ്യതകള്‍ ഉപയോഗിച്ചു നിര്‍വഹിച്ചതാണെന്നോര്‍ക്കുക. എന്നാല്‍ ഇതെന്തോ സാമൂഹികശാസ്ത്രത്തിന്റെ ഭാഗമായ ഒരു പഠനപദ്ധതിയാണെന്നു തോന്നിപ്പിക്കുകയും ആഗോളീകരണത്തെക്കുറിച്ച് ഉത്കണ്ഠപ്പെട്ടുകൊണ്ടുതന്നെ ആഗോളവത്കരണനയങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയെന്ന ഒരു വിചിത്രസമീപനം പുതിയ സിലബസില്‍ വ്യക്തമാണ്. ഭാവനയും സര്‍ഗാത്മകതയുമൊക്കെ അനാവശ്യമോ അധികപ്പറ്റോ ആണെന്ന പ്രയോജനവാദപരമായ യുക്തിയാണ് അതില്‍ പ്രതിഫലിക്കുന്നത്. ഡോ. പി. ഗീത മലയാളം വാരികയിലും ഡോ. പി. പവിത്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങളിലും ഡോ. പി. സോമനാഥന്‍, ഡോ. സി. ജെ. ജോര്‍ജ് എന്നിവര്‍ ഇന്റെര്‍നെറ്റില്‍ത്തന്നെ തുടരുന്ന ചര്‍ച്ചകളിലും തര്‍ജ്ജനിയുടെ മുഖപ്രസംഗങ്ങളിലും ഇതിന്റെ വിവിധവശങ്ങള്‍ വിവരിച്ചിട്ടുണ്ട്. സാങ്കേതികശാസ്ത്രത്തിന്റെ സാധ്യതകള്‍പോലും സര്‍ഗാത്മകതയും ഭാവനയുമായൊന്നും ബന്ധപ്പെടുത്താതെ വരണ്ട യാന്ത്രികതയാണ് ഈ കാലത്തിന്റെ ആവശ്യകതയെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് സിലബസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനസാങ്കേതികവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ മുംബൈയിലെ Indian Institute of Technologyയിലെ പല കോഴ്സുകള്‍ക്കും സൌന്ദര്യശാസ്ത്രം പഠനവിഷയമാണ്. ഇവിടെ നോക്കുക.
നമ്മുടെ സര്‍വ‘കലാ’ശാലകളില്‍ സാഹിത്യത്തിനും സൌന്ദര്യശാസ്ത്രത്തിനുമൊക്കെ എന്തേ ഇത്ര അയിത്തം?
ഇക്കാര്യങ്ങളില്‍ മറ്റുള്ളവരുടെകൂടി അഭിപ്രായങ്ങള്‍ ക്ഷണിക്കട്ടെ.
Sunday, April 5, 2009
മലയാളവേദി കോട്ടയത്ത്
(മാതൃഭൂമി 6. 5. 2009)
കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മലയാളഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം ക്രമേണ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്താകട്ടെ മലയാളം നിര്‍ബന്ധിതമായ ഒരു പഠനവിഷയമല്ല. ഒന്നാം ഭാഷയായ ഇംഗ്ലീഷിനു കീഴില്‍ വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രണ്ടാം ഭാഷകളിലൊന്നാണത്. അതായത് ഹിന്ദി, സംസ്കൃതം, അറബി, ഫ്രഞ്ച്, സുറിയാനി എന്നിങ്ങനെയുള്ള മറ്റു ഭാഷകളുടെ പദവി മാത്രമാണ് കേരളത്തില്‍ മലയാളത്തിനുള്ളത്. മലയാളത്തെ ഒന്നാം ഭാഷയായിത്തന്നെ പരിഗണിക്കുക, ഭാഷാ-സാഹിത്യപഠനം പ്രൊഫഷനല്‍ വിദ്യാഭാസരംഗത്തേക്കുകൂടി വ്യാപിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും വിദഗ്ധനിര്‍ദ്ദേശങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ബിരുദതലത്തിലുള്ള വിദ്യാഭ്യാസത്തെ പുന:സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപവത്ക്കരിക്കപ്പെട്ടത്. എന്നാല്‍ ഭാഷയും സാഹിത്യവും അവഗണിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാകുമെന്ന ഭാഷാസ്നേഹികളുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നിലവിലുള്ള അവഗണനയ്ക്ക് ആക്കം കൂട്ടുന്ന ഒരു നിലപാടാണ് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ കൈക്കൊണ്ടത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നിലവിലുള്ള പരിമിതമായ ഇടം പോലും നഷ്ടമാകുന്ന തരത്തിലുള്ള ഒരു പുന:സംഘടനയാണ് കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.മലയാളഭാഷാസ്നേഹികളും വിദ്യാഭ്യാസപ്രവര്‍ത്തകരും അത്യധികം ഉത്ക്കണ്ഠയോടെ നോക്കിക്കാണുന്ന ഈ പ്രശ്നത്തില്‍ സജീവമായ ചര്‍ച്ചകള്‍ കേരളമൊട്ടാകെത്തന്നെ നടന്നുവരുന്നുണ്ട്. വടകര, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇതിനകംതന്നെ മലയാളവേദി എന്ന പൊതുപ്പേരില്‍ കൂട്ടായ്മകള്‍ സംഘടിക്കപ്പെട്ടു. 2009 ഏപ്രില്‍ 5 ന് കോട്ടയം ബസേലിയസ് കോളേജില്‍ നടന്ന ഭാഷാസ്നേഹികളുടെ കൂട്ടായ്മ മലയാളവേദി എന്നപേരില്‍ത്തന്നെ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നു.
കോട്ടയത്തു നടന്ന യോഗത്തില്‍ ഡോ. പി. പവിത്രന്‍, ഡോ. പി. ഗീത, ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍, ഡോ. എസ്. എസ്. ശ്രീകുമാര്‍, പ്രൊഫ. എം. ജി. ചന്ദ്രശേഖരന്‍, എ. വി. ശ്രീകുമാര്‍, എം.ഡി. സുരേഷ് ബാബു, എം. ആര്‍. രേണുകുമാര്‍, രേഖാ രാജ്, പ്രൊഫ. വി. എ. ഫിലിപ്പ്, ജോണി ജെ. പ്ലാത്തോട്ടം, ജി. ഉഷാകുമാരി, എം. ടി. ജയലാല്‍, മനോജ് കുറൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി പ്രൊഫ. തോമസ് ജോസഫ് യോഗത്തില്‍ പങ്കെടുത്ത് കൌണ്‍സിലിന്റെ നിലപാടുകള്‍ വിശദീകരിച്ചു. കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടു വച്ചിട്ടുള്ളത് ശുപാര്‍ശകള്‍ മാത്രമാണെന്നും അതത് സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഭാഷാ-സാഹിത്യപ്രവര്‍ത്തകരുടെ ഉത്കണ്ഠകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കിലും ഈ പ്രശ്നത്തെ സംബന്ധിച്ച് നേരിട്ടൊരു സംവാദത്തിന് കൌണ്‍സില്‍ സെക്രട്ടറി തയ്യാറായത് സ്വാഗതാര്‍ഹമാണ്.
മലയാളവേദിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കട്ടെ.
ഈ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ചിലയിടങ്ങള്‍കൂടി കാണുക:
മലയാളവേദി വടകര
പടിയിറക്കപ്പെടുന്ന മലയാളം
അധിനിവേശചരിത്രത്തിന്റെ പ്രയോഗം ഭാഷയിലും സാഹിത്യത്തിലും: ഒരു ഡമോണ്‍സ്ട്രേഷന്‍
എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം.