2009 മെയ് പന്ത്രണ്ടാം തീയതി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വിവിധസര്‍വകലാശാലകളുടെ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസകൌണ്സില് സെക്രട്ടറിയും പങ്കെടുത്ത മീറ്റിങ്ങില്‍ തയ്യാറാക്കിയ പരിഷ്ക്കരിച്ച രൂപരേഖയുടെ അനുബന്ധം ഒന്നും അനുബന്ധം രണ്ടും നോക്കുക.
അനുബന്ധം രണ്ടില്‍ മൂന്നാം പേജിലെ 4.5 ല്‍ കോമണ്‍ കോഴ്സുകളുടെ ഘടന വിശദമാക്കിയിരിക്കുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍:
1. ഇന്നു നിലവിലുള്ള രീതിയില്‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയുമായി സങ്കല്പിക്കപ്പെട്ട വിഷയങ്ങളുടെ സ്ഥാനത്തു പുതുതായി വരുന്ന കോമണ്‍ കോഴ്സുകളുടെ എണ്ണം പത്തുതന്നെ.
ആദ്യത്തെ 4 കോഴ്സുകള്‍ ഇംഗ്ലീഷ് ഭാഷാ കോഴ്സുകളാണ്.
അഞ്ചും ആറും, ഇംഗ്ലീഷ് ഒഴിച്ചുള്ള ‘അഡീഷണല്‍ ലാങ്ഗ്വേജ്’ കോഴ്സുകള്‍.
ഏഴു മുതല്‍ പതിന്നാലു വരെയുള്ള ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു കോഴ്സുകള്‍.
2. ആദ്യത്തെ 4 കോഴ്സുകള്‍ നിര്‍ബന്ധിതമായി പഠിക്കേണ്ടവയാണ്. മലയാളമുള്‍പ്പെടെ ബാക്കി ഭാഷകള്‍ വരുന്ന അഞ്ചും ആറും കോഴ്സുകളും നിര്‍ബന്ധിതംതന്നെ. എന്നാല്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന ഇന്നത്തെ രീതിതന്നെ തുടര്‍ന്നിരിക്കുന്നു. അതായത് ഇപ്പോഴുള്ള ‘രണ്ടാം ഭാഷ’യുടെ അവസ്ഥതന്നെ. മാത്രമല്ല, ആ സ്ഥാനത്തുണ്ടായിരുന്ന ഭാഷാസാഹിത്യവിഷയങ്ങളില്‍ പകുതി ജനറല്‍ കോഴ്സുകളിലേക്കു മാറ്റിയ അവസ്ഥയ്ക്കും വ്യത്യാസമൊന്നുമില്ല.
3. പിന്നെ 8 ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന നാലെണ്ണം കൂടി കുട്ടികള്‍ പഠിക്കണം. അതില്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ പരിധിയില്‍ വരുന്ന കോഴ്സുകള്‍ക്കാണ് മുന്‍തൂക്കം.
പറഞ്ഞുവന്നത് മലയാളപഠനം ഇപ്പോഴുള്ള അവസ്ഥയില്‍നിന്നുതന്നെ ആവുന്നത്ര കുറയ്ക്കുന്ന ആദ്യരൂപരേഖയില്‍നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ല എന്നുതന്നെയാണ്. കൂടാതെ മറ്റൊന്നുകൂടിയുണ്ട്.ജനറല്‍ കോഴ്സുകളുടെ കാര്യത്തില്‍ അതാതു കോളേജിന്റെ തലത്തില്‍ നിലവില്‍വരുന്ന മോനിട്ടറിങ്ങ് കമ്മിറ്റിക്കാണ് ‘റ്റീച്ചിങ് വര്‍ക്ക്’ വിഭജിച്ചു നല്‍കുന്നതിനുള്ള അധികാരം. ഇതാകട്ടെ, അതതു കോളേജില്‍ നിലനില്‍ക്കുന്ന ‘സ്റ്റാഫ് പാറ്റേണി’നനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. അതായത് മലയാളവിഭാഗത്തിന്റെ പരിധിയില്‍വരുന്ന പരിമിതമായ കോഴ്സുകള്‍ പോലും അതില്‍ പരിഗണിക്കപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.
ഇതുവരെ ഇക്കാര്യത്തിലുണ്ടായ മുഴുവന്‍ പ്രതിഷേധങ്ങള്‍ക്കും ഒരു വിലയും കല്പിക്കാത്ത തരത്തില്‍ രൂപപ്പെടുത്തിയ പുതിയ രൂപരേഖയോട് ഇനിയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ രൂപപ്പെട്ടിട്ടുള്ള വിവിധ മലയാളവേദികളുടെയും മറ്റു ഭാഷാസ്നേഹികളുടെയും അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.
Tuesday, May 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment