Sunday, December 13, 2009

മലയാളവേദികള്‍ ചേര്‍ന്ന്‌ മലയാള ഐക്യവേദി രൂപീകരിച്ചു

2009 മാര്‍ച്ച്‌ മുതല്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ രൂപീകരിക്കപ്പെട്ട ഭാഷാസ്നേഹികളുടെ കൂട്ടായ്മയായ മലയാളവേദികളുടെ പ്രവര്‍ത്തകര്‍ 2009 നവംബര്‍ 14, 15 തീയതികളില്‍ വടകരയില്‍ ചേര്‍ന്ന്‌ മലയാള ഐക്യവേദി എന്ന പേരില്‍ ഒരു നയരേഖയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. വിദ്യാഭ്യാസവും ഭരണവും മാതൃഭാഷയില്‍ എന്ന പേരില്‍ ഒരു സമ്മേളനവും സെമിനാറും ഇതിന്റെ ഭാഗമായി നടന്നു.

നയരേഖാചര്‍ച്ച
നവം. 14 ന്‌ രാവിലെ ചേര്‍ന്ന നയരേഖാ ചര്‍ച്ചയില്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അധ്യക്ഷനായി. ജോ മാത്യൂസ്‌ ,ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ സംസാരിച്ചു. പി.പവിത്രന്‍ ചര്‍ച്ചയ്ക്കുള്ള നയരേഖ അവതരിപ്പിച്ചു. ഡോ.പി.സോമനാഥന്‍,എം.എം.സോമശേഖരന്‍,ഡോ.ഷംഷാദ്‌ ഹുസൈന്‍, എ.വി.പവിത്രന്‍, ഡോ.സോമന്‍ കടലൂര്‍‌‍, വി.ബാബുരാജ്‌, തോമസ്‌ പനക്കുളം, കെ.കെ.സുബൈര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി,സുരേഷ്‌ സ്വാഗതവും സലിം.കെ.ഞക്കനാല്‍ നന്ദിയും പറഞ്ഞു.

ഭരണഭാഷ
ഉച്ചയ്ക്ക്‌ ചേര്‍ന്ന ഭരണഭാഷാ സെമിനാറില്‍ ഡോ.എഴുമറ്റൂര്‍‌‍ രാജരാജവര്‍മ്മ അധ്യക്ഷത വഹിച്ചു. ഡോ. എം.ആര്‍.രാഘവവാര്യര്‍ (ഭരണഭാഷ), അഡ്വ.കെ.രാംകുമാര്‍ ( കോടതി ഭാഷ ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പഴയ മലയാളത്തില്‍ത്തന്നെ ഭരണഭാഷയ്ക്ക്‌ വേണ്ട ലളിതമായ അനേകം വാക്കുകളുണ്ടെന്നും നാം അത്‌ ഉപയോഗിക്കുന്നില്ലെന്നും ഡോ.രാഘവവാര്യര്‍ ചൂണ്ടിക്കാട്ടി. എത്രയോ കാലം മലയാളമായിരുന്നു ഭരണഭാഷ. കോടതിഭാഷ മലയാളമാകാത്തതിനാല്‍ സ്വന്തം കക്ഷിക്കെതിരെ വക്കീല്‍ വാദിച്ചാല്‍പോലും കക്ഷി അത്‌ തിരിച്ചറിയാത്ത സംഭവങ്ങളുണ്ടെന്ന്‌ അഡ്വ.രാംകുമാര്‍ പറഞ്ഞു.കോടതിഭാഷ മലയാളമാക്കണമെന്ന്‌ അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭരണഭാഷയ്ക്കു വേണ്ടി നടന്ന പ്രവര്‍ത്തനങ്ങള്‍ ഭാഷയും ഭരണഭാഷയും എന്ന കൃതിയുടെ കര്‍ത്താവുകൂടിയായ ഡോ.എഴുമറ്റൂര്‍‌‍ വിശദീകരിച്ചു. മലയാളിക്ക്‌ ഇന്ന്‌ ഭാഷാഭിമാനമില്ലാതായിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എം.അജയന്‍ സ്വാഗതവും പുറന്തോടത്ത്‌ ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനസമ്മേളനം
വൈകിട്ട്‌ പി.വത്സല സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. മാതൃഭാഷയെ സ്നേഹിക്കാത്തവര്‍ക്ക്‌ രാജ്യത്തെ സ്നേഹിക്കാനാവില്ലെന്ന്‌ പി.വത്സല പറഞ്ഞു. സര്‍ഗാത്മകത മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. മലയാളം ഒരു ഭാഷ മാത്രമല്ല ഒരു സംസ്കാരം തന്നയാണ്‌ എന്ന്‌ ഡോ.രാഘവന്‍ പയ്യനാട്‌ വിശദമാക്കി. മാതൃഭാഷയുടെ നിലനില്‍പ്‌ സ്വത്വബോധവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഭാഷ എങ്ങിനെ നമ്മുടെ മനസ്സിനെ രൂപീകരിക്കുന്നുവെന്ന്‌ ഡോ.എം.എന്‍.കാരശ്ശേരി വിശദീകരിച്ചു. ‘ലൌ ജിഹാദ്‌’ എന്ന ഒറ്റ വാക്കിന്‌ എങ്ങിനെ സമൂഹത്തില്‍ ധ്രവീകരണം ഉണ്ടാക്കാന്‍ കഴിയുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ച അദ്ദേഹം മലയാളം എന്ന ഭാഷയാണ്‌ കേരളസമൂഹത്തെ ഐക്യപ്പെടുത്തുന്നത്‌ എന്ന്‌ വിശദീകരിച്ചു. മലയാളം സര്‍വകലാശാലയുടെ പ്രാധാന്യം എം.സി.വടകര ചൂണ്ടിക്കാട്ടി. മലയാളത്തിന്‌ മാത്രമാണ്‌ ദക്ഷിണേന്ത്യയില്‍ ഒരു സര്‍വകലാശാല ഇല്ലാത്തത്‌.
ഡോ.കെ.എം.ഭരതന്‍ സ്വാഗതവും എന്‍.വി.പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.

കവി സമ്മേളനം
സന്ധ്യക്ക്‌ നടന്ന കാവ്യോത്സവം വടക്കന്‍ പാട്ടുകാരി കുന്നോത്ത്‌ മാണി ഉദ്ഘാടനം ചെയ്തു.വീരാന്‍ കുട്ടി അധ്യക്ഷത വഹിച്ചു. കറ്റോടി ദയരപ്പന്‍ പുലിയങ്കം വെട്ടിയ പാട്ടുകഥ അവര്‍ അവതരിപ്പിച്ചു. കല്‍പറ്റ നാരായണന്‍, കെ.ആര്‍.ടോണി, ശിവദാസ്‌ പുറമേരി, രാധാമണി അയിങ്കലത്ത്‌, ഗിരിജ പി.പാതേക്കര, ഗഫൂര്‍‌‍ കരുവണ്ണൂര്‍‌‍, നാസര്‍ ഇബ്രാഹിം എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.
ശിവദാസ്‌ പുറമേരി സ്വാഗതവും എം.വി.പ്രദീപന്‍ നന്ദിയും പറഞ്ഞു.

വിദ്യാലയങ്ങളിലെ മാതൃഭാഷാപഠനം
നവംബര്‍ 15 ന്‌ രാവിലെ നടന്ന വിദ്യാലയങ്ങളിലെ മാതൃഭാഷാ പഠനം എന്ന സെമിനാറില്‍ ടി.രാധാകൃഷ്ണന്‍(പീരുമേട്‌ എ ഇ ഒ) അധ്യക്ഷത വഹിച്ചു. നാളെയുടെ ഭാഷാപഠനം എന്ന വിഷയം അവതരിപ്പിച്ച ഡോ.പി.കെ.തിലക്‌ ഇന്നലെകളില്‍ നിന്നും ഇന്നില്‍ നിന്നും വേണ്ടതു മാത്രം സ്വീകരിച്ച്‌ ഭാവിയുടെ നിര്‍മിതിയാണ്‌ ലക്ഷ്യമാക്കേണ്ടത്‌ എന്ന്‌ പറഞ്ഞു. കരിക്കുലത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍ പ്രയോഗത്തില്‍ വരുമ്പോള്‍ മാറിപ്പോവുന്നതെങ്ങിനെ എന്ന്‌ അദ്ദേഹം വിശദീകരിച്ചു. സി. അരവിന്ദന്‍ (പഠനരീതിയിലെ പ്രശ്നങ്ങള്‍) മലയാളംക്ളാസുകളില്‍ അധ്യാപകര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ മാതൃഭാഷാപഠനത്തില്‍ അടിയന്തിരമായി ഇടപെടലുകള്‍ ഉണ്ടാകണമെന്ന്‌ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍-എയ്ഡഡ്‌ സ്കൂളുകളിലും ഇംഗ്ളീഷ്‌ മീഡിയം ഡിവിഷന്‍ വരുന്നതോടെ മലയാളത്തിന്റെ ഭാവിക്കു വരുന്ന അപകടവും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിജ്ഞാനഭാഷ
ഉച്ചയ്ക്ക്‌ നടന്ന വിജ്ഞാനഭാഷ സെമിനാറില്‍ ഡോ.എം.ജി.എസ്‌ നാരായണന്‍ അധ്യക്ഷനായിരുന്നു. മലയാളവും മലയാളിയും മുമ്പില്ലാത്തവിധം ലോകത്തില്‍ അംഗീകാരം നേടിക്കഴിഞ്ഞിട്ടുണ്ടെന്ന്‌ എം.ജി.എസ്‌ പറഞ്ഞു. മാതൃഭാഷയില്‍ വിജ്ഞാനം നിര്‍മിക്കുമ്പോള്‍ ശാസ്ത്രസാങ്കേതിക കാര്യങ്ങളില്‍ അത്‌ കണ്ടുപിടിച്ച ഭാഷയിലെ പദങ്ങള്‍ ഉപയോഗിക്കാമെന്ന്‌ എം.ജി.എസ്‌ നിര്‍ദ്ദേശിച്ചു. ഡോ.ടി.വി സജീവ്‌ (ശാസ്ത്രഭാഷ) അന്യഭാഷയിലെ ശാസ്ത്രീയമായ അറിവ്‌ എങ്ങിനെ അന്യത്വമുണ്ടാക്കുന്നുവെന്ന്‌ വിശദീകരിച്ചു. ആഗോളവല്‍ക്കരണത്തിന്റെ മൂലധനരൂപത്തിനും സ്ഥാപനങ്ങള്‍ക്കുമനുസരിച്ച്‌ വികസിക്കുന്ന ഭാഷാപരമായ അന്യവല്‍ക്കരണം തദ്ദേശീയരെയും തദ്ദേശഭാഷയെയും അറിവിന്റെ മേഖലയില്‍ നിന്ന്‌ പുറത്താക്കുകയും ചെയ്യുന്നു. ഭാഷാ സാങ്കേതികത എന്ന പ്രബന്ധമവതരിപ്പിച്ച കെ.എച്ച്‌. ഹുസൈന്‍ മലയാളത്തിന്റെ ലിപി ചരിത്രത്തെ മുന്‍നിര്‍ത്തി ഇനി നടക്കേണ്ട ഇടപെടലുകള്‍ എന്തെന്ന്‌ വിശദീകരിച്ചു. ടൈപ്പിംഗ്‌ വന്ന ഘട്ടത്തിലെ ലിപി പരിഷ്കരണങ്ങള്‍ കമ്പ്യൂട്ടര്‍ വന്ന ഈ ഘട്ടത്തില്‍ അതേ പടി നിലനിര്‍ത്തേണ്ടതില്ലെന്നും മലയാളത്തിലെ തനതു ലിപി ഉപയോഗിക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. വേണു കക്കട്ടില്‍ സ്വാഗതവും ഒ.ബി. രൂപേഷ്‌ നന്ദിയും പറഞ്ഞു.

സാഹിത്യപഠനം
ഉച്ചയ്ക്കു ശേഷം നടന്ന സാഹിത്യപഠന സെമിനാറില്‍ ഡോ.വി.സി.ശ്രീജന്‍ അധ്യക്ഷനായിരുന്നു. മലയാളഭാഷ മാത്രമല്ല മാനവിക വിഷയങ്ങള്‍ മുഴുവന്‍ ഇന്ന്‌ ഭീഷണിയെ നേരിടുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തും ഈ അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. പി.ഗീത ( സാഹിത്യപഠനത്തിലെ പ്രതിസന്ധി) വിദ്യഭ്യാസ പരിഷ്കരണം ഉള്ളടക്കത്തിലും രീതിയിലും സാഹിത്യപഠനത്തെ എങ്ങിനെ എതിരായി ബാധിക്കുന്നുവെന്ന്‌ വിശദീകരിച്ചു. പരിഷ്കരണത്തിന്റെ പേരില്‍ കടന്നുവരുന്ന പുതിയ വിഷയങ്ങള്‍ മലയാളപഠനത്തിന്റെ പഠനസമയത്തെയാണ്‌ അപഹരിക്കുന്നത്‌. സാഹിത്യപഠനത്തിലെ സര്‍ഗാത്മകത എന്ന വിഷയം അവതരിപ്പിച്ച കല്‍പറ്റ നാരായണന്‍ ഭാഷ എങ്ങിനെ ജീവിതാവബോധത്തെ ബാധിക്കുന്നുവന്ന്‌ പറഞ്ഞു. സാഹിത്യപഠനത്തില്‍ മാത്രമാണ്‌ മനുഷ്യന്‍ പൂര്‍ണരൂപത്തില്‍ സംബോധന ചെയ്യപ്പെടുന്നത്‌ എന്നും അതിനാല്‍ സാഹിത്യപഠനത്തിനേല്‍ക്കുന്ന പരിക്ക്‌ ജീവിതത്തിനേല്‍ക്കുന്ന പരിക്കാണെന്നും കല്‍പറ്റ ചൂണ്ടിക്കാട്ടി.
കെ.പി.ഗോപിനാഥ്‌ സ്വാഗതവും ഹരീഷ്‌ സി.പി. നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട്‌ എം.മുകുന്ദന്‍ മലയാളത്തെ ആധുനികീകരിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. ആഗോളവല്‍ക്കരണത്തിന്‌ ഭാഷയെയും സംസ്കാരത്തെയും നശിപ്പിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ മാതൃഭാഷ നശിക്കുന്നുണ്ടെങ്കില്‍ അത്‌ നമ്മുടെ ഉദാസീനത കൊണ്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. അധ്യക്ഷത വഹിച്ച ഡോ.കെ.പി.മോഹനന്‍ വിനിമയോപാധി എന്ന നിലയില്‍ മാതൃഭാഷയുടെ പ്രാധാന്യവും അപരന്റെ ഭാഷയെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. ഭരണഭാഷയെന്ന നിലയില്‍ നിലവിലുള്ള നിയമങ്ങള്‍ പോലും ജനങ്ങള്‍ അറിയുന്നില്ലെന്നും അതിന്‌ വേദി ശ്രമിക്കണമെന്നും പറഞ്ഞു. ഇംഗ്ളീഷിനു‌ നേരത്തെയുണ്ടായിരുന്ന പദവി സാമാന്യജനജീവിതത്തില്‍ ഇന്ന്‌ ഇല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പി.രഞ്ജിത്‌ കുമാര്‍ സ്വാഗതവും ഒ.പി.ശ്രീധരന്‍ നന്ദിയും പറഞ്ഞു.

മലയാളഐക്യവേദി- നയരേഖ
(2009 നവംബര്‍ 14, 15 തീയതികളില്‍ ‘വിദ്യാഭ്യാസവും ഭരണവും മാതൃഭാഷയില്‍’ എന്ന പേരില്‍ വടകരയില്‍ നടന്ന സമ്മേളനത്തിലും സെമിനാറിലും ചര്‍ച്ചയ്ക്കായി അവതരിപ്പിച്ച രേഖ )

1. ആമുഖം
മാതൃഭാഷയെന്ന നിലയില്‍ മലയാളത്തെ പൊതുജീവിതത്തിലും വിദ്യാഭ്യാസത്തിലും ഭരണത്തിലും നിലനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും താത്പര്യമുള്ള വ്യക്തികളുടെ ഒരു കൂട്ടായ്മയായിരിക്കും മലയാളഐക്യവേദി. സംസ്ഥാനത്തിനകത്തെ ഭാഷാന്യൂനപക്ഷ(കന്നഡ,തമിഴ്‌)ങ്ങളുടെ ജനാധിപത്യപരമായ അവകാശത്തെ സംരക്ഷിക്കുന്നതും ആദിവാസികളുള്‍പ്പെടെയുള്ളവരുടെ മാതൃഭാഷകളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതുമായ സമീപനമാണ്‌ മലയാളഐക്യവേദിക്കുണ്ടാകുക. സംസ്ഥാനത്തിന്‌ പുറത്ത്‌ അതതു ജനതകളുടെ മാതൃഭാഷകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുകയും മലയാള ഐക്യവേദിയുടെ അടിസ്ഥാന സമീപനത്തിന്റെ ഭാഗമായിരിക്കും. മാതൃഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാനും തൊഴിലെടുക്കാനുമുള്ള അവകാശത്തെ അടിസ്ഥാനപരമായ മനുഷ്യാവകാശമായി വേദി പരിഗണിക്കുന്നു. നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തന്നെ ലക്ഷ്യങ്ങള്‍ ‍പൂര്‍ത്തീകരിക്കപ്പെടുന്നതിന്റെ ഭാഗവുമാണിത്‌. ഇന്ത്യന്‍ ഭരണഘടന സങ്കല്‍പിക്കുന്ന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ്‌ സമൂഹനിര്‍മിതിക്ക്‌ ഭാഷാപരമായ ജനാധിപത്യാവകാശങ്ങള്‍ സുപ്രധാനമായ ഒരു ഘടകമാണെന്നു വേദി കരുതുന്നു. ഇന്ത്യയിലെയും മൂന്നാം ലോകത്തെയും അധിനിവേശത്തിനു വിധേയമായതും വിധേയമായിക്കൊണ്ടിരിക്കുന്നതുമായ മാതൃഭാഷകളുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുമായി വേദി സാഹോദര്യം സൂക്ഷിക്കും. സംസ്ഥാനത്തിനു പുറത്ത്‌ മലയാളത്തിനു വേണ്ടി നിലകൊള്ളുന്ന സംഘടനകള്‍ക്ക്‌ മലയാളഐക്യവേദിയുമായി ബന്ധപ്പെടാം.
2. ഐക്യവേദിയുടെ ഘടന
ഐക്യവേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനു പറ്റിയ വിശാലവും ജനാധിപത്യപരവുമായ ഘടനയാണ്‌ വേദിക്കുണ്ടായിരിക്കുക. ഓരോ പ്രദേശത്തെയും പൊതുജീവിതത്തിലിടപെട്ട്‌ മാതൃഭാഷയുടെ പ്രാധാന്യം ഉറപ്പിക്കുകയും മാതൃഭാഷാവിദ്യാലയങ്ങളും വിദ്യാഭ്യാസവും സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള പ്രാഥമികമായ കൂട്ടായ്മയായ പ്രാദേശിക സമിതികള്‍ക്കു പുറമേ സംസ്ഥാനതല പ്രവര്‍ത്തക സമിതിയുടെ കീഴില്‍വരുന്ന വിവിധ ഉപസമിതികളും വേദിക്ക്‌ ഉണ്ടായിരിക്കും. ഭരണഭാഷയെന്ന നിലയിലും വിജ്ഞാനഭാഷയെന്ന നിലയിലും വിദ്യാഭ്യാസമാധ്യമമെന്ന നിലയിലും മാതൃഭാഷയുടെ പുരോഗതിയെ സവിശേഷമായി വിലയിരുത്തുകയാണ്‌ ഉപസമിതികളുടെ ലക്ഷ്യം. അതതു മണ്ഡലങ്ങളില്‍ സ്വതന്ത്രവും ജൈവികവുമായ പഠനത്തിലേര്‍പ്പെടുകയും നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിക്ക്‌ മുമ്പാകെ വെക്കുകയുമാണ്‌ ഈ ഉപസമിതികളുടെ ചുമതല. ഭരണഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ പുരോഗതിയെ വിലയിരുത്തുന്നതിനുള്ള ഉപസമിതി ‘രണഭാഷാവേദി’യെന്ന പേരിലാണറിയപ്പെടുക. വിജ്ഞാനഭാഷയെ മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ നാലു വ്യത്യസ്ത ഉപസമിതികളുണ്ടായിരിക്കും. ശാസ്ത്രമലയാളവേദി, സാമൂഹ്യശാസ്ത്രമലയാളവേദി, മലയാള മാധ്യമവേദി, മലയാള വിവരസാങ്കേതികവേദി എന്നിവയായിരിക്കും തുടക്കമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനഭാഷയ്ക്കുള്ള ഉപസമിതികള്‍. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച്‌ ഉപസമിതികളുണ്ടായിരിക്കും. പ്രൈമറി തല മലയാളവേദി, ഹൈസ്കൂള്‍ തല മലയാളവേദി, ഹയര്‍ സെക്കന്ററി തല മലയാള വേദി, ബിരുദ തല മലയാളവേദി, ബിരുദാനന്തര തല മലയാള വേദി എന്നിവയായിരിക്കും വിദ്യാഭ്യാസ വേദികള്‍. ചുരുക്കത്തില്‍ മലയാള ഐക്യവേദിക്ക്‌ താഴെ പറയുന്ന മട്ടിലുള്ള ബഹുതല സ്വഭാവമുണ്ടാഭായിരിക്കും:
1. അടിസ്ഥാന ഘടകമെന്ന നിലയില്‍ പ്രാദേശിക തലത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാള ഐക്യവേദിയുടെ കൂട്ടായ്മകള്‍
2.സംസ്ഥാന തലത്തിലുള്ള പ്രവര്‍ത്തക സമിതി.
3. പ്രവര്‍ത്തക സമിതിയോട്‌ നേരിട്ട്‌ ഉത്തരവാദിത്തമുള്ള താഴെ പറയുന്ന ഉപസമിതികള്‍:
(i) ഭരണഭാഷാ വേദി
(ii) ശാസ്ത്ര മലയാളവേദി
(iii) സാമൂഹ്യശാസ്ത്രമലയാളവേദി
(iv) പ്രൈമറി തല മലയാള വേദി
(v) ഹൈസ്കൂള്‍ തല മലയാള വേദി
(vi) ഹയര്‍ സെക്കന്ററി തല മലയാള വേദി
(vii) ബിരുദതല മലയാള വേദി
(viii) ബിരുദാനന്തര തല മലയാള വേദി
(ix) മലയാള മാധ്യമവേദി
(x) മലയാള വിവരസാങ്കേതിക വേദി

3. പ്രാദേശിക സമിതി
പ്രാദേശിക വേദികളായിരിക്കും മലയാള ഐക്യവേദിയുടെ പ്രായോഗിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന ഘടകം. സംസ്ഥാന പ്രവര്‍ത്തക സമിതി നിശ്ചയിക്കുന്ന പരിപാടികള്‍ക്കു പുറമെ പ്രാദേശിക സമിതികള്‍ക്ക്‌ മലയാളഭാഷയുടെ പൊതുവായ പുരോഗതിക്കുതകുന്ന ഏതുപരിപാടിയും സ്വതന്ത്രമായി നടത്താവുന്നതാണ്‌. പ്രാദേശിക സമിതികള്‍ക്കും അധ്യക്ഷന്‍, കണ്‍വീനര്‍,ഖജാന്‍ജി, പ്രവര്‍ത്തക സമിതി എന്നിവ ഉണ്ടാകും. അതിലെ അംഗങ്ങളുടെ എണ്ണം അതതു സമിതികളായിരിക്കും നിശ്ചയിക്കുന്നത്‌. അതതു പ്രദേശങ്ങളിലെ മാതൃഭാഷാവിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലനിര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുതകുന്ന പരിപാടികള്‍ പ്രാദേശികവേദികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടതാണ്‌. അതോടൊപ്പം സാഹിത്യസാംസ്കാരിക പ്രവര്‍ത്തനങ്ങളും പ്രാദേശിക വേദികള്‍ക്ക്‌ ഏറ്റെടുത്ത്‌ നടത്താവുന്നതാണ്‌. സമ്മേളനം, പ്രചരണപരിപാടികള്‍,പുസ്തകപ്രസിദ്ധീകരണം തുടങ്ങി സംസ്ഥാനതലത്തില്‍ പൊതുവായ പരിപാടികള്‍ വരുമ്പോള്‍ പ്രാദേശിക സമിതികള്‍ എല്ലാ നിലയിലും സഹകരിക്കേണ്ടതാണ്‌.

4. സംസ്ഥാന തല പ്രവര്‍ത്തക സമിതി
വിവിധ സമിതികളുടെ പ്രവര്‍ത്തനത്തിന്‌ ഏകോപനം നല്‍കാന്‍ സംസ്ഥാനതലത്തില്‍ ഒരു പ്രവര്‍ത്തക സമിതിയും അധ്യക്ഷനും കണ്‍വീനറും നാലു സെക്രട്ടറിമാരും ഖജാന്‍ജിയും ഉണ്ടായിരിക്കും. സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച്‌ ഓരോ മേഖലയുടെയും ചുമതലകള്‍ വഹിക്കുന്നത്‌ സെക്രട്ടറിമാരായിരിക്കും.

മേഖലകള്‍:
1. കാസര്‍ഗോഡ്‌,കണ്ണൂര്‍‌‍, വയനാട്‌, കോഴിക്കോട്‌
2. മലപ്പുറം,പാലക്കാട്‌,തൃശ്ശൂര്‍‌
3. ഏറണാകുളം,കോട്ടയം,ഇടുക്കി,പത്തനംതിട്ട
4.. ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം

പ്രവര്‍ത്തക സമിതിയിലെ അംഗസംഖ്യ ഓരോ വര്‍ഷത്തെയും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പുതുക്കി നിശ്ചയിക്കാവുന്നതാണ്‌. തുടക്കമെന്ന നിലയില്‍ ഇപ്പോള്‍ നാല്‍പത്‌ അംഗങ്ങള്‍ ചേര്‍ന്നതായിരിക്കും പ്രവര്‍ത്തക സമിതി. നിലവിലുള്ള സാഹചര്യത്തില്‍ ഓരോ പ്രാദേശിക സമിതിയിലെയും രണ്ടു വീതം അംഗങ്ങള്‍ പ്രവര്‍ത്തക സമിതിയിലുണ്ടാകും. അതിനോടൊപ്പം ഉപസമിതികളിലെ കണ്‍വീനര്‍മാരും പ്രവര്‍ത്തക സമിതി അംഗങ്ങളാകും. പ്രസിഡന്റ്‌, ജന.സെക്രട്ടറി, കണ്‍വീനര്‍ എന്നീ ഭാരവാഹികളാകും സംസ്ഥാനതലത്തില്‍ മലയാളഐക്യവേദിക്കുണ്ടാകുക. സംസ്ഥാന തല പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കേണ്ട ചുമതല കണ്‍വീനര്‍ക്കായിരിക്കും. യോഗ നടപടികള്‍ നിയന്ത്രിക്കേണ്ടത്‌ അധ്യക്ഷനായിരിക്കും. ദൈനംദിനപ്രവര്‍ത്തനങ്ങളുടെ ഉത്തവാദിത്തം ജന.സെക്രട്ടറിക്കായിരിക്കും.
നയപരമായ കാര്യങ്ങള്‍ പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന്‌ തീരുമാനമെടുക്കണം. നാലിലൊന്ന്‌ അംഗങ്ങളെങ്കിലും ഒരു യോഗത്തില്‍ ഹാജരാകുന്ന യോഗതീരുമാനങ്ങളേ സാധുവാകൂ. അടിയന്തിര സാഹചര്യത്തില്‍ അംഗീകരിക്കപ്പെട്ട കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന വിഷയങ്ങളില്‍ അധ്യക്ഷന്‍, കണ്‍വീനര്‍, സെക്രട്ടറിമാര്‍, ഖജാന്‍ജി എന്നിവരുമായി ചേര്‍ന്നോ അവരുടെ അറിവോടെയോ ജന.സെക്രട്ടറിക്ക്‌ തീരുമാനങ്ങളെടുക്കാവുന്നതാണ്‌.
പൊതുവായ നയപരിപ്രേക്ഷ്യം, ഒരു വര്‍ഷത്തില്‍ മലയാളഭാഷയുടെ പുരോഗതിക്കായി ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ്‌ വാര്‍ഷിക സമ്മേളനം. ഓരോ സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്യും.

5. ജില്ലാ സമിതി
ഒരു ജില്ലയിലെ പ്രാദേശിക സമിതികള്‍ക്ക്‌ ആവശ്യമാകുന്ന പക്ഷം ജില്ലകളില്‍ ജില്ലാപ്രവര്‍ത്തക സമിതിയും അതിന്‌ അധ്യക്ഷനും കണ്‍വീനറും ഖജാന്‍ജിയുമാകാം. ജില്ലാ സമിതികളുള്ളിടത്ത്‌ മേഖലാ സെക്രട്ടറിമാര്‍ക്ക്‌ നേരിട്ട്‌ ജില്ലാ സമിതികളുടെ ചുമതലയുണ്ടായിരിക്കും. അല്ലാത്തിടത്ത്‌ പ്രാദേശിക സമിതികളെയും സംസ്ഥാനപ്രവര്‍ത്തക സമിതിയെയും ഇണക്കുന്ന ചുമതലയായിരിക്കും മേഖലാ സെക്രട്ടറിമാരുടേത്‌.

6. ഉപ സമിതികള്‍
ഭരണഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ നിലയെ വിലയിരുത്തുന്നതിനും സമ്പൂര്‍ണമായി ഭരണഭാഷയെന്ന നിലയില്‍ മലയാളത്തെ വികസിപ്പിക്കുന്നതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനാണ്‌ ഭരണഭാഷാവേദി. ഭരണ ഭാഷ, കോടതി ഭാഷ, തൊഴിലിടത്തെ ഭാഷ, യു.പി.എസ്‌.സി ഉള്‍പ്പെടെ വിവിധ പരീക്ഷകളിലെ ഭാഷ എന്നിവയെ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ളതാകും ഭരണഭാഷാസമിതി.
വിജ്ഞാനഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ ശാസ്ത്രഭാഷയുടെ പുരോഗതിക്ക്‌ വേണ്ടി രൂപീകരിക്കപ്പെടുന്നതായിരിക്കും ശാസ്ത്രമലയാളവേദി.
വിജ്ഞാനഭാഷയെന്ന നിലയില്‍ സാമൂഹ്യശാസ്ത്രത്തിലെ സങ്കല്‍പനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ളതായിരിക്കും സാമൂഹ്യശാസ്ത്ര മലയാളവേദി.
പത്ര-ദൃശ്യമാധ്യമലോകത്ത്‌ മലയാളത്തിന്റെ പ്രയോഗത്തെക്കുറിച്ച്‌ അവലോകനം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമുള്ള സമിതിയിരിക്കും മലയാള മാധ്യമവേദി.
വിവരസാങ്കേതിക വിദ്യയുടെ മണ്ഡലത്തിലെ മലയാളത്തിന്റെ പ്രയോഗസാധ്യതകള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്‌ മലയാള വിവരസാങ്കേതിക വേദിയുടെ പ്രവര്‍ത്തന മണ്ഡലം.
വാര്‍ഷികസമ്മേളനം തിരഞ്ഞെടുക്കുന്ന ഭരണഭാഷാവേദി, ശാസ്ത്ര മലയാളവേദി, സാമൂഹ്യശാസ്ത്രമലയാള വേദി, പ്രൈമറി തല മലയാളവേദി, ഹൈസ്കൂള്‍ തല മലയാള വേദി, ഹയര്‍ സെക്കന്ററി തല മലയാള വേദി, ബിരുദ തല മലയാള വേദി, ബിരുദാനന്തര തല മലയാള വേദി, മലയാള മാധ്യമ വേദി, മലയാള വിവരസാങ്കേതിക വേദി എന്നിവയ്ക്ക്‌ അധ്യക്ഷന്‍, കണ്‍വീനര്‍ എന്നിവരുള്‍പ്പെടെ 7 അംഗങ്ങള്‍‌ വീതമുള്ളതായിരിക്കും.
ഇത്തരത്തിലുള്ള ഓരോ വേദിയുടെയും അധ്യക്ഷന്‍ പൊതുമണ്ഡലത്തില്‍ ഭാഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പണ്ഡിതരാകാം(അവര്‍ പ്രാദേശികവേദികളുടെ ദൈനംദിനപ്രവര്‍ത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാകണമെന്നില്ല). കണ്‍വീനര്‍മാര്‍ മലയാള ഐക്യവേദിയുടെ പ്രവര്‍ത്തകസമിതി അംഗങ്ങളായിരിക്കും. അതിലെ അംഗങ്ങള്‍ മലയാള ഐക്യവേദിയിലെ പ്രവര്‍ത്തകരുമായിരിക്കും. ഈ വേദികളിലോരോന്നിനും അതതു മണ്ഡലങ്ങളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുകയും നിര്‍ദ്ദേശങ്ങള്‍ പ്രവര്‍ത്തക സമിതിക്ക്‌ മുമ്പില്‍ ചര്‍ച്ചയ്ക്കു വെക്കുകയും ചെയ്യാവുന്നതാണ്‌. മലയാള ഐക്യവേദിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭാരവാഹികളുള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും പൊതുമണ്ഡലത്തില്‍ സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാവുന്നതും പ്രകടിപ്പിക്കാവുന്നതുമാണ്‌. എന്നാല്‍ ചര്‍ച്ചയ്ക്കു ശേഷം ഇത്തരം കാര്യങ്ങള്‍ മലയാളഐക്യവേദിയുടെ പേരില്‍ സര്‍ക്കാര്‍ തലത്തിലോ പൊതുമണ്ഡലത്തിലോ ഉന്നയിക്കേണ്ടത്‌ മലയാള ഐക്യവേദിയുടെ പ്രവര്‍ത്തക സമിതിയായിരിക്കും.

7.പ്രവര്‍ത്തക സമിതിയുടയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ്‌
പ്രാദേശിക സമിതിയിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ്‌ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കേണ്ടത്‌. പ്രവര്‍ത്തക സമിതിയില്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന്‌ സംസ്ഥാനതല ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടത്‌ ഈ പൊതുയോഗമാണ്‌.

8. ഭാരവാഹിത്വത്തിന്റെ കാലയളവ്‌
ഒരു വര്‍ഷത്തേക്കായിരിക്കും ഭാരവാഹികളുടെ കാലയളവ്‌. തുടര്‍ച്ചയായി മൂന്നു വര്‍ഷങ്ങളിലധികം അധ്യക്ഷന്‍, കണ്‍വീനര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ ഒരേ ചുമതല വഹിക്കരുത്‌.

9. പ്രാദേശിക സമിതകളുടെ വിശേഷചുമതലകള്‍
വേദിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനായി അടിത്തട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങളിലേക്കും വേദിയുടെ സന്ദേശങ്ങള്‍ എത്തിക്കുക.
പ്രാദേശിക സ്ഥാപനങ്ങള്‍/വായനശാലകള്‍/ ക്ളബുകള്‍ എന്നിവയുമായി സഹകരിച്ചുകൊണ്ടോ വേദിയുടെ നേതൃത്വത്തിലോ സംവാദങ്ങള്‍,ചര്‍ച്ചകള്‍, പ്രചരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.
മാതൃഭാഷാ-സാഹിത്യപഠനവും മാതൃഭാഷാ മാധ്യമമായുള്ള പഠനവും നിലനില്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിനു പ്രവര്‍ത്തിക്കുക. അവയുടെ വളര്‍ച്ചയ്ക്ക്‌ ഉതകുന്ന വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുക. ഇതിനായി സാമൂഹിക ബോധവല്‍ക്കരണം നടത്തുക.
മലയാള ഭാഷാ-സാഹിത്യപഠനത്തിലും മലയാളം മാധ്യമായുള്ള പഠനത്തിലും ഉന്നതവിജയങ്ങള്‍ നേടുന്ന വിദ്യാലയങ്ങളെ കുട്ടികളെ പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക.
മലയാള ഭാഷാ സാഹിത്യസാംസ്കാരിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ വ്യക്തികള്‍/ പ്രസ്ഥാനങ്ങള്‍ എന്നിവയു(രു)ടെ സംഭാവനകള്‍ വിലയിരുത്തുന്ന പ്രാദേശിക സദസ്സുകള്‍ സംഘടിപ്പിക്കുക.
പ്രാദേശിക വിനിമയങ്ങളുടെ -സ്ഥാപനങ്ങള്‍,കടകള്‍,വാഹനങ്ങള്‍,സമ്മേളന നഗരികള്‍ എന്നിവയുടെ- ബോര്‍ഡുകള്‍ മാതൃഭാഷയില്‍ക്കൂടി നല്‍കുന്നതിനു പ്രേരിപ്പിക്കുക

10. പ്രവര്‍ത്തന പദ്ധതി
1. ഭരണഭാഷയെന്ന നിലയിലും പഠനമാധ്യമമെന്ന നിലയിലും മലയാളത്തെ എല്ലാ നിലകളിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം നടത്തുക.
2. വിജ്ഞാന ഭാഷയെന്ന നിലയില്‍ മലയാളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.
3. ഏതു തലത്തിലും മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുംവിധമുള്ള ശേഷി കൈവരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുക. അതിന്റെ ഭാഗമായി പദകോശം,വിജ്ഞാന നിഘണ്ടുക്കള്‍ എന്നിങ്ങനെയുള്ളവ തയ്യാറാക്കുകയോ അങ്ങിനെ തയ്യാറാക്കുന്ന സമിതികളെ സഹായിക്കുകയോ ചെയ്യുക
4. മലയാളഭാഷാസാഹിത്യപഠനം നേരിടുന്ന പ്രതിസന്ധികള്‍ കണ്ടെത്തുകയും പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുക.
5. ഔപചാരിക വിദ്യാഭ്യാസമേഖലയില്‍ കേരളത്തില്‍ സ്ഥാപിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും മലയാളം ഒന്നാം ഭാഷയാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക
6.ഭാഷാപഠനത്തെ സാങ്കേതിക ഭാഷാപാഠനമാക്കാതെ ഭാഷാസാഹിത്യരപഠനമാക്കുക. ശാസ്ത്രസാങ്കേതിക-പ്രൊഫഷല്‍ വിദ്യാഭ്യാസ മണ്ഡലങ്ങളുള്‍പ്പെടെ ഏതു വൈജ്ഞാനിക പഠനമേഖലയിലുള്ളവര്‍ക്കും സാഹിത്യപഠനം നിര്‍ബന്ധമാക്കുക.
7. പ്രൈമറി തലം മുതല്‍ സര്‍വകലാശാല തലം വരെ പഠനമാധ്യമം മലയാളമാക്കുക. ഗവേഷണപ്രബന്ധങ്ങള്‍ ഉള്‍പ്പെടെ മലയാളത്തില്‍ എഴുതുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനു പ്രവര്‍ത്തിക്കുക
8. പൊതുജീവിതവ്യവഹാരങ്ങള്‍ മലയാളത്തില്‍ (അവരവരുടെ ഭാഷാഭേദങ്ങളില്‍ ഉള്‍പ്പെടെ ആഭ്യന്തര ജനാധിപത്യബോധത്തോടെ) നിലനിര്‍ത്തുന്നതിനുള്ള അവബോധനിര്‍മിതിക്കായി പ്രവര്‍ത്തിക്കുക
9. മാതൃഭാഷയ്ക്കുവേണ്ടിയുള്ള നിലപാട്‌ ഇതരഭാഷകള്‍ക്കെതിരല്ലെന്നും എന്നാല്‍ മേല്‍-കീഴ്‌ ബന്ധത്തില്‍ ഭാഷകളെ വിന്യസിക്കുന്ന അധികാര-വിധേയബോധത്തിനെതിരാണെന്നും വ്യക്തമാക്കുക
10. ഇതിനെല്ലാം ആവശ്യമായ തരത്തില്‍ പ്രസിദ്ധീകരണങ്ങള്‍, പ്രചാരണങ്ങള്‍ എന്നിവ സംഘടിപ്പിക്കുക.

ഈ വര്‍ഷത്തെ പരിപാടി

1. 1969 ലെ ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നിയമത്തിനു ശേഷം ഭരണഭാഷയെന്ന നിലയില്‍ നിലവിലുള്ള നിയമങ്ങള്‍ മനസ്സിലാക്കുകയും ആ നിയമങ്ങള്‍ തന്നെ എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന്‌ നിര്‍ണയിക്കുകയും ചെയ്യുക. മലയാളത്തിന്റെ ഉപയോഗം ഓരോ ഭരണവകുപ്പിലും പ്രദേശത്തും എത്രത്തോളമെന്ന്‌ പ്രാദേശിക വേദികള്‍ ആരായുകയും വിലയിരുത്തുകയും ചെയ്യുക.
2. ഭരണഭാഷാപുരോഗതിക്കു വേണ്ടി ജില്ലാ-താലൂക്ക്‌ തലങ്ങളിലുള്ള സര്‍ക്കാര്‍ അവലോകന സമിതികളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുക.
3. ഭരണഭാഷ എന്ന നിലയില്‍ മലയാളം ഇനിയും വികസിക്കേണ്ട മേഖലകള്‍ നിര്‍ണയിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുക.
4. നവം. 1 നു മുഖ്യമന്ത്രി പ്രഖ്യാപിച്ച തരത്തില്‍ മലയാളഭാഷയില്‍ എഴുതാനും വായിക്കാനും കഴിയുന്നവര്‍ക്കു മാത്രം പി.എസ്‌.സി യോഗ്യത എന്ന മാനദണ്ഡം എത്രയും പെട്ടെന്ന്‌ നടപ്പിലാക്കുന്നതിന്‌ സമ്മര്‍ദ്ദം ചെലുത്തുക.
5. സ്കൂള്‍ തലത്തിലെ മാതൃഭാഷാ പഠനത്തെ സംബന്ധിച്ച്‌ ചര്‍ച്ച സംഘടിപ്പിക്കുകയും നയം രൂപീകരിക്കുകയും ചെയ്യുക.
6. മലയാളം പഠന മാധ്യമമായുള്ള പ്രഖ്യാപിതമായ മലയാളം സര്‍വകലാശാല സ്ഥാപിച്ചു കിട്ടുന്നതിനു ശ്രമിക്കുക.
7. ബിരുദ പുന:സംഘടനയുമായി ബന്ധപ്പെട്ടു വന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും മുന്‍നിര്‍ത്തി ഒരു നയം രൂപീകരിക്കുക.അതിനെ മുന്‍നിര്‍ത്തി സര്‍വകലാശാലാതലങ്ങളിലെ അക്കാദമിക സമിതികള്‍ മുമ്പാകെ നിര്‍ദ്ദേശങ്ങള്‍ വെക്കുക.
8. ബിരുദ പുന:സംഘടനയുമായി ബന്ധപ്പെട്ടു വന്ന ചര്‍ച്ചാ ലേഖനങ്ങള്‍ ക്രോഡീകരിക്കുക.
9. വിദ്യാഭ്യാസ ഭരണഭാഷാ സംബന്ധമായ ഇന്നോളമുള്ള ഇടപെടലുകളുടെ ചരിത്രം ക്രോഡീകരിച്ച്‌ പുസ്തകമായി പ്രസിദ്ധീകരിക്കുക. 10. മാതൃഭാഷയ്ക്കായി ചരിത്രത്തില്‍ നടന്ന ഇടപെടലുകളും ചര്‍ച്ചകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ ശ്രമിക്കുക.

വടകര സമ്മേളനം തെരഞ്ഞെടുത്ത ഭാരവാഹികള്‍‌‍

പ്രസിഡന്റ്‌: ഡോ. പുതുശ്ശേരി രാമചന്ദ്രന്‍
ജന.സെക്രട്ടറി: ഡോ.കെ.എം.ഭരതന്‍, മലയാളവിഭാഗം, ഗവ.കോളജ്‌, മാഹി.
കണ്‍വീനര്‍: ഡോ.പി. പവിത്രന്‍
മേഖലാ സെക്രട്ടറിമാര്‍: കെ.കെ.സുബേര്‍, വി.പി.മാര്‍ക്കോസ്‌, ഡോ.ഷംഷാദ്‌ ഹുസൈന്‍, പി. സുരേഷ്‌

ഉപസമിതികള്‍:

(1) ഭരണഭാഷാ വേദി
ചെയര്‍മാന്‍: ഡോ.എം.ആര്‍. രാഘവവാര്യര്‍
കണ്‍വീനര്‍: ഇ. ദിനേശന്‍
(ii) ശാസ്ത്ര മലയാളവേദി കണ്‍വീനര്‍: ഡോ.ടി.വി. സജീവ്‌
(iii) സാമൂഹ്യശാസ്ത്രമലയാളവേദി
ചെയര്‍മാന്‍:ഡോ.ടി.വി. മധു
കണ്‍വീനര്‍:ഒ.ബി. രൂപേഷ്‌
(iv) പ്രൈമറി തല മലയാള വേദി
കണ്‍വീനര്‍: സി. അരവിന്ദന്‍
(v) ഹൈസ്കൂള്‍ തല മലയാള വേദി
കണ്‍വീനര്‍: വി. ബാബുരാജ്‌
(vi) ഹയര്‍ സെക്കന്ററി തല മലയാള വേദി
ചെയര്‍മാന്‍: കല്‍പറ്റ നാരായണന്‍
കണ്‍വീനര്‍: സോമന്‍ കടലൂര്‍‌‍
(vii) ബിരുദതല മലയാള വേദി
ചെയര്‍മാന്‍: എന്‍. പ്രഭാകരന്‍
കണ്‍വീനര്‍: ഡോ. അജു നാരായണന്‍
(viii) ബിരുദാനന്തര തല മലയാള വേദി
ചെയര്‍മാന്‍:കെ.പി. മോഹനന്‍
കണ്‍വീനര്‍: ഡോ. സുനില്‍ പി ഇളയിടം
(ix) മലയാള മാധ്യമവേദി
ചെയര്‍മാന്‍: ഡോ.എം.എന്‍. കാരശ്ശേരി
(x) മലയാള വിവരസാങ്കേതിക വേദി
ചെയര്‍മാന്‍:എന്‍.എം. ഹുസൈന്‍
കണ്‍വീനര്‍:സി.എം. ഷണ്‍മുഖദാസ്‌

(നയരേഖ ചര്‍ച്ചാഘട്ടത്തിലാണ്‌. നയരേഖ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ 2009 ഡിസം 31 നകം ജന. സെക്രട്ടറിക്ക്‌ ലഭിക്കണം.
വിലാസം: ഡോ.കെ.എം.ഭരതന്‍, മലയാളവിഭാഗം, ഗവ.കോളജ്‌ മാഹി. മാഹി. ഇ.മെയില്‍: sureshgaya@gmail.com)

Tuesday, May 26, 2009

ആശങ്കകള്‍ തുടരുന്നു

2009 മെയ് പന്ത്രണ്ടാം തീയതി കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ വിവിധസര്‍വകലാശാലകളുടെ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറിയും പങ്കെടുത്ത മീറ്റിങ്ങില്‍ തയ്യാറാക്കിയ പരിഷ്ക്കരിച്ച രൂപരേഖയുടെ അനുബന്ധം ഒന്നും അനുബന്ധം രണ്ടും നോക്കുക.

അനുബന്ധം രണ്ടില്‍ മൂന്നാം പേജിലെ 4.5 ല്‍ കോമണ്‍ കോഴ്സുകളുടെ ഘടന വിശദമാക്കിയിരിക്കുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍:

1. ഇന്നു നിലവിലുള്ള രീതിയില്‍‍ ഒന്നാം ഭാഷയും രണ്ടാം ഭാഷയുമായി സങ്കല്പിക്കപ്പെട്ട വിഷയങ്ങളുടെ സ്ഥാനത്തു പുതുതായി വരുന്ന കോമണ്‍ കോഴ്സുകളുടെ എണ്ണം പത്തുതന്നെ.
ആദ്യത്തെ 4 കോഴ്സുകള്‍ ഇംഗ്ലീഷ് ഭാഷാ കോഴ്സുകളാണ്.
അഞ്ചും ആറും, ഇംഗ്ലീഷ് ഒഴിച്ചുള്ള ‘അഡീഷണല്‍ ലാങ്ഗ്വേജ്’ കോഴ്സുകള്‍.
ഏഴു മുതല്‍ പതിന്നാലു വരെയുള്ള ജനറല്‍ കോഴ്സുകളില്‍‍നിന്നു തെരഞ്ഞെടുക്കപ്പെട്ട നാലു കോഴ്സുകള്‍.

2. ആദ്യത്തെ 4 കോഴ്സുകള്‍ നിര്‍ബന്ധിതമായി പഠിക്കേണ്ടവയാണ്. മലയാളമുള്‍പ്പെടെ ബാക്കി ഭാഷകള്‍‍ വരുന്ന അഞ്ചും ആറും കോഴ്സുകളും നിര്‍ബന്ധിതംതന്നെ. എന്നാല്‍ ഇംഗ്ലീഷ് ഒഴിച്ചുള്ള ഭാഷകളില്‍നിന്നു തെരഞ്ഞെടുക്കാവുന്ന ഇന്നത്തെ രീതിതന്നെ തുടര്‍ന്നിരിക്കുന്നു. അതായത് ഇപ്പോഴുള്ള ‘രണ്ടാം ഭാഷ’യുടെ അവസ്ഥതന്നെ. മാത്രമല്ല, ആ സ്ഥാനത്തുണ്ടായിരുന്ന ഭാഷാസാഹിത്യവിഷയങ്ങളില്‍ പകുതി ജനറല്‍ കോഴ്സുകളിലേക്കു മാറ്റിയ അവസ്ഥയ്ക്കും വ്യത്യാസമൊന്നുമില്ല.

3. പിന്നെ 8 ജനറല്‍ കോഴ്സുകളില്‍നിന്നു തെരഞ്ഞെടുക്കുന്ന നാലെണ്ണം കൂടി കുട്ടികള്‍ പഠിക്കണം. അതില്‍ മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെ പരിധിയില്‍ വരുന്ന കോഴ്സുകള്‍ക്കാണ് മുന്‍‌തൂക്കം.

പറഞ്ഞുവന്നത് മലയാളപഠനം ഇപ്പോഴുള്ള അവസ്ഥയില്‍നിന്നുതന്നെ ആവുന്നത്ര കുറയ്ക്കുന്ന ആദ്യരൂപരേഖയില്‍നിന്ന് ഇതിന് ഒരു വ്യത്യാസവുമില്ല എന്നുതന്നെയാണ്. കൂടാതെ മറ്റൊന്നുകൂടിയുണ്ട്.ജനറല്‍ കോഴ്സുകളുടെ കാര്യത്തില്‍ അതാതു കോളേജിന്റെ തലത്തില്‍ നിലവില്‍‌വരുന്ന മോനിട്ടറിങ്ങ് കമ്മിറ്റിക്കാണ് ‘റ്റീച്ചിങ് വര്‍ക്ക്’ വിഭജിച്ചു നല്‍‌കുന്നതിനുള്ള അധികാരം. ഇതാകട്ടെ, അതതു കോളേജില്‍ നിലനില്‍‌ക്കുന്ന ‘സ്റ്റാഫ് പാറ്റേണി’നനുസരിച്ചാണ് നിര്‍ണയിക്കപ്പെടുന്നത്. അതായത് മലയാള‍വിഭാഗത്തിന്റെ പരിധിയില്‍‌വരുന്ന പരിമിതമായ കോഴ്സുകള്‍ പോലും അതില്‍ പരിഗണിക്കപ്പെടണമെന്നു യാതൊരു നിര്‍ബന്ധവുമില്ല.

ഇതുവരെ ഇക്കാര്യത്തിലുണ്ടായ മുഴുവന്‍‌ പ്രതിഷേധങ്ങള്‍ക്കും ഒരു വിലയും കല്പിക്കാത്ത തരത്തില്‍ രൂപപ്പെടുത്തിയ പുതിയ രൂപരേഖയോട് ഇനിയും ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നിലവില്‍ രൂപപ്പെട്ടിട്ടുള്ള വിവിധ മലയാളവേദികളുടെയും മറ്റു ഭാഷാസ്നേഹികളുടെയും അടിയന്തിരമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

Tuesday, May 19, 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കരുത്‌- മലയാളവേദി മുഖ്യമന്ത്രിക്ക്‌ ഭീമഹരജി നല്‍കി



കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദ പുന:സംഘടന സാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതാണ്‌ എന്നു കാണിച്ച്‌ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സേതു, ഡോ.എം.ആര്‍.രാഘവവാര്യര്‍, സാറാ ജോസഫ്‌, സുഗതകുമാരി,ഹൃദയകുമാരി, ഡോ.ടി.ബി.വേണുഗോപാലപ്പണക്കര്‍ തുടങ്ങി സാഹിത്യസാംസ്കാരിക പ്രവര്‍ത്തകരും ഭാഷാസ്നേഹികളുമുള്‍പ്പെടുന്ന ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പിട്ട ഭീമഹരജി കേരളമുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമര്‍പ്പിച്ചു. മലയാളവേദി രക്ഷാധികാരി ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.പവിത്രന്‍, തിരുവനന്തപുരം മലയാളവേദിയുടെ ചെയര്‍മാന്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ അജയപുരം ജ്യോതിഷ്‌കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ ചെന്നാണ്‌ ഹരജി നല്‍കിയത്‌. രണ്ടുവര്‍ഷങ്ങളിലായി മൂന്നു പേപ്പറിലായി ഇപ്പോള്‍ പഠിക്കുന്ന മലയാളസാഹിത്യം ആറുമാസത്തെ ഒറ്റ പേപ്പറായി ചുരുക്കിയിരിക്കുകയാണെന്നും മലയാളഭാഷയുടെ പഠനസമയം പകുതിയായി വെട്ടിക്കുറച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആധുനിക കേരള നിര്‍മിതിയില്‍ പങ്കുവഹിച്ച സാഹിത്യകൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു പുറത്തേക്കു പോകും. മലയാളസാഹിത്യത്തെ മാത്രമല്ല ഇംഗ്ളീഷ്‌ ഉള്‍പ്പെടെ എല്ലാ ഭാഷകളുടെ സാഹിത്യത്തെയും പുതിയ പരിഷ്കരണത്തില്‍ അവഗണിച്ചിരിക്കുകയാണ്‌. മലയാളഭാഷയും സാഹിത്യവും ബിരുദതലത്തില്‍ എല്ലാവര്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്നും നിവേദകസംഘം ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളം മാത്രമായി നേരിടുന്ന അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്‌ എന്ന്‌ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തമിഴ്‌,കന്നഡ,തെലുങ്കു ഭാഷകള്‍ക്കായി അതതു സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകള്‍ ഉണ്ടായിരിക്കുമ്പോള്‍ കേരളത്തില്‍ മാത്രമാണ്‌ മാതൃഭാഷാപഠനത്തിനായി ഇത്തരമൊരു സംവിധാനമില്ലാത്തത്‌ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട മലയാളം സര്‍വകലാശാല സ്ഥാപിക്കണമെന്ന മറ്റൊരു നിവേദനവും മുഖ്യമന്ത്രിക്ക്‌ നല്‍കി.


മാതൃഭൂമി 14. 05. 2009

മലയാളഭാഷയെയും സാഹിത്യത്തെയും അവഗണിക്കുന്നതിനെതിരെ മലയാളവേദി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച നിവേദനം

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍,

രക്ഷാധികാരി.

ഡോ.പി. പവിത്രന്‍,

കോ-ഓര്‍ഡിനേറ്റര്‍.

മലയാളവേദി.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്‌

2009 ജൂലൈയില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ നടപ്പാക്കുന്നതിനായി കേരളസംസ്ഥാന ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള ബിരുദതല പുന:സംഘടനയില്‍ ഭാഷാസാഹിത്യപഠനത്തെ പൊതുവെയും മലയാളഭാഷയെയും സാഹിത്യത്തെയും വിശേഷിച്ചും അവഗണിക്കുന്നതിനെതിരെ ഡോ.സുകുമാര്‍ അഴീക്കോട്‌, ഡോ.എം.ലീലാവതി, എം.മുകുന്ദന്‍, സാറാ ജോസഫ്‌, ഡോ.എം.ആര്‍ രാഘവവാര്യര്‍,സുഗതകുമാരി,സേതു, എം.എന്‍.കാരശ്ശേരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ബി ഹൃദയകുമാരി, ഡി.വിനയചന്ദന്‍, കെ.പി.ശങ്കരന്‍, പന്മന രാമചന്ദ്രന്‍ നായര്‍, ഡോ. ടി. ബി. വേണുഗോപാലപണിക്കര്‍ തുടങ്ങിയ പ്രമുഖസാഹിത്യ-സാംസ്കാരിക നായകരും ഭാഷാസ്നേഹികളുമുള്‍പ്പെടെ ആയിരത്തി എണ്ണൂറിലേറെ പേര്‍ ഒപ്പുവെച്ച ഒരു നിവേദനം സമര്‍പ്പിക്കുകയാണ്‌.

ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ മുന്നോട്ടുവെച്ചിട്ടുള്ള മാര്‍ഗരേഖ നിലവിലുള്ള ഭാഷാസാഹിത്യപഠനത്തിന്റെ മണ്ഡലത്തെ വളരെയേറെ ചുരുക്കിയിരിക്കുന്നു. രണ്ടാംഭാഷയെന്ന നിലയില്‍ ഇപ്പോള്‍ രണ്ടുവര്‍ഷം മൂന്നു പേപ്പറിലായി പഠിക്കാനുള്ള സാഹിത്യം ആദ്യത്തെ ആറുമാസത്തേക്കുള്ള ഒരു പേപ്പര്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മലയാളസാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണയിച്ച കൃതികളെല്ലാം ഇതോടെ പാഠ്യപദ്ധതിക്കു വെളിയിലേക്കു പോകും. ആധുനിക കേരളത്തെ നിര്‍മിക്കുന്നതില്‍ നമ്മുടെ സാഹിത്യകൃതികള്‍ വഹിച്ച പങ്ക്‌ അങ്ങേക്ക്‌ അറിവുള്ളതാണല്ലോ. അതിനാല്‍ അവയെ പാഠ്യപദ്ധതിയില്‍ നിന്ന്‌ ഒഴിവാക്കുന്ന തരത്തിലുള്ള ഒരു പരിഷ്കരണം ഉണ്ടാവുകയെന്നാല്‍ കേരളം നടന്നുവന്ന വഴികളെ പുതുതലമുറയില്‍ നിന്ന്‌ മറച്ചുപിടിക്കുക എന്നാണല്ലോ അര്‍ത്ഥം. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനുശേഷം വന്നത്‌ ഇത്തരത്തിലുള്ള പരിഷ്കരണമാണെന്നത്‌ ഭാഷാസ്നേഹികളെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്‌. അതിനാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു;

1. രണ്ടാം ഭാഷയെന്ന നിലയില്‍ മലയാളത്തിന്‌ ഇന്ന്‌ നിലവിലുള്ള പഠനസമയം പൂര്‍ണമായും മലയാളഭാഷാസാഹിത്യപഠനത്തിനുതന്നെ തിരിച്ചു നല്‍കുക.

2. സാഹിത്യ-സൌന്ദര്യാത്മകവിഷയങ്ങളെ കേവലം പ്രയോജനാത്മക യുക്തിയില്‍ നോക്കിക്കാണുന്ന സമീപനത്തില്‍ മാറ്റംവരുത്തുക. അതിനെ ആധുനികകേരളത്തിന്റെ നിര്‍മ്മിതിയുടെ അടിസ്ഥാനങ്ങളിലൊന്നായി തിരിച്ചറിയുന്ന സമീപനം കയ്യൊഴിയാതിരിക്കുക.

3.മാതൃഭാഷാസാഹിത്യപഠനം സ്വയം ആഴത്തിലുള്ള സാമൂഹ്യബോധത്തെയും വിമര്‍ശനാവബോധത്തെയും പ്രതിനിധീകരിക്കുന്നതാണ്‌. അതിനാല്‍ മലയാളഭാഷയും സാഹിത്യവും നിര്‍ബന്ധവിഷയമെന്ന നിലയില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കാനുള്ള സാഹചര്യമൊരുക്കുക. ഇക്കാര്യത്തില്‍ അങ്ങയുടെ അടിയന്തരമായ ശ്രദ്ധയും ഇടപെടലുമുണ്ടാകണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. വിശ്വസ്തതയോടെ

ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, ഡോ.പി. പവിത്രന്‍

തിരുവനന്തപുരം

12. 05. 2009

Thursday, April 30, 2009

മലയാളവേദിക്ക് ചെന്നൈയിലെ ഭാഷാസ്നേഹികളുടെ ഐക്യദാര്‍ഢ്യം: ചെന്നൈയില്‍ ചേര്‍ന്ന യോഗം വിദ്യാഭ്യാസമന്ത്രിക്കു നല്‍കുന്ന നിവേദനം

പ്രമേയം

ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിക്ക്‌,

ഉന്നതവിദ്യാഭ്യാസം ജനാധിപത്യവത്ക്കരിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ആരംഭിച്ച ഉന്നതവിദ്യാഭ്യാസകൌണ്‍‌സില്‍, 'വ്യത്യസ്ത രാഷ്ട്രീയസാഹചര്യങ്ങളില്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തെ' ഉന്‍മൂലനം ചെയ്യാനുള്ള ഉപകരണമായി മാറിയിരിക്കുന്നു. സമിതി മുന്നോട്ടുവെച്ച ബിരുദതലത്തിലുള്ള പാഠ്യപദ്ധതിയുടെ പുനസ്സംഘടനയ്ക്കുള്ള രേഖ അതിന്‌ ഉത്തമദൃഷ്ടാന്തമാണ്‌. കേരളസംസ്കാരവും മലയാളഭാഷയും സാഹിത്യവും പൊതുവിഷയങ്ങളാക്കണം എന്നുള്ള ജനാഭിലാഷത്തെ പാടേ നിഷേധിച്ചുകൊണ്ട്‌ ഭാഷയ്ക്കും സാഹിത്യത്തിനും നാമമാത്രപ്രാധാന്യം നല്‍കുന്ന നിലപാടാണ്‌ രേഖയിലൂടെ അവര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. മലയാളമുള്‍പ്പെടെയുള്ള രണ്ടാംഭാഷകളില്‍നിന്ന് ഇപ്പോഴത്തെ മൂന്നു പേപ്പറുകള്‍ക്കു പകരം ഒരു സെമസ്റ്ററിലേക്ക്‌ സാഹിത്യപഠനം ഒതുക്കിക്കളഞ്ഞു. അതായത്‌ രണ്ട്‌ വര്‍ഷം പഠിക്കാനുള്ള സാഹിത്യം ആറുമാസമാക്കി ചുരുക്കിയെര്‍ഥം. സൌന്ദര്യപക്ഷത്ത്‌ പിരീയഡ്‌ കുറഞ്ഞുപോയതുകൊണ്ട്‌ ഒന്നും സംഭവിക്കില്ലെന്നാണ്‌ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായ തോമസ് ജോസഫ്‌ പറയുന്നത്‌(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌, ഏപ്രില്‍, 2009 :19 ) സാഹിത്യപഠനം വഴി വിദ്യാര്‍ഥികള്‍ക്ക്‌ ലഭിക്കേണ്ട മനോന്നമനത്തെയും സാംസ്കാരികാവബോധത്തെയും നിഹനിക്കുന്ന നീക്കമാണിത്‌. ഇതില്‍നിന്ന്‌ ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ പിന്തിരിയണം. മലയാളപഠനത്തിന്റെ സാധ്യതകളും മാനങ്ങളും ഉള്‍ക്കൊണ്ട്‌ ഭാഷയെ വികസിപ്പിക്കുന്നത്‌ നല്ല കാര്യമാണെങ്കിലും അത്‌ ഭാഷയുടെ സൌന്ദര്യശാസ്ത്രത്തെ ബലി കഴിച്ചുകൊണ്ടാകരുത്‌.

21. 04. 2009 ന്‌ ചെന്നൈയില്‍‌‍ ഒത്തുചേര്‍ന്ന ഭാഷാസ്നേഹികളായ മറുനാടന്‍ മലയാളികള്‍ ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ ഈ നീക്കത്തില്‍ അതിയായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. ഇതേ ലക്ഷ്യവുമായി സജീവവും സക്രിയവുമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മലയാളവേദികളോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്‌ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കൂടി താങ്കളുടെ പരിഗണനയ്ക്കായി ഈ യോഗം മുന്നോട്ടുവെയ്ക്കുന്നു:

1. ഒന്നാം ഭാഷയായി സ്കൂള്‍തലത്തില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കണം

2. ചോയ്‌സ്‌ ബെയ്‌സ്‌ ക്രെഡിറ്റ്‌ സിസ്റ്റത്തില്‍ സാഹിത്യം എല്ലാ വര്‍ഷവും ഒരു കോര്‍ സബ്ജക്ട്‌ ആയിരിക്കണം.

3. ബിരുദതലത്തിലെ സാഹിത്യപഠനം ഭാഷാനൈപുണികള്‍ ആര്‍ജ്ജിക്കുന്നതിനുപരിയായി സാംസ്കാരികവും സൌന്ദര്യശാസ്ത്രപരവുമായി മനുഷ്യനെ ഉയര്‍ത്താനുള്ള ഉപാധിയാണെന്ന സത്യം പുതിയ പാഠ്യപദ്ധതിയുമായി മുന്നോട്ടുപോകുന്ന ഉന്നതവിദ്യാഭ്യാസസമിതി മനസ്സിലാക്കണം.

4. വിജ്ഞാനഭാഷ എന്ന നിലയിലും മലയാളത്തെ ഉയര്‍ത്തിക്കൊണ്ടുവരണം.

5. സാഹിത്യ-സാംസ്കാരികസത്ത ഉള്‍ക്കൊള്ളുന്ന വിധത്തില്‍ പാഠ്യപദ്ധതി പുനര്‍‌നിര്‍ണയം ചെയ്യണം.

ഈ കാര്യങ്ങളിലെല്ലാം താങ്കളുടെ ശ്രദ്ധ പതിയണമെന്നും അനുകൂലനടപടികള്‍ എടുക്കണമെന്നും ഈ യോഗം താങ്കളോട്‌ ആവശ്യപ്പെടുന്നു.

ഈ പ്രമേയം അംഗീകരിച്ചുകൊണ്ട്‌ താഴെ പറയുന്നവര്‍ ഈ പ്രമേയത്തില്‍ ഒപ്പ്‌ വെയ്ക്കുന്നു. ഡോ.സി.ജി.രാജേന്ദ്രബാബു, ഡോ.ഇ.കെ.പുരുഷോത്തമന്‍, ഡോ.വി.ജയപ്രസാദ്‌, ഡോ.ജി.പ്രഭ, ഡോ.പി.എം.ഗിരീഷ്‌, ഡോ.എം.പി.ദാമോദരന്‍, ഡോ.കെ.ജെ.അജയകുമാര്‍, ഡോ.എ.രാധാമണിയമ്മ, സര്‍വ്വശ്രീ :പി.കെ അബ്ദുല്‍റഹിമാന്‍, എ.മോഹന്‍കുമാര്‍, വിനോദ്കുമാര്‍, ടി.പി.വിശ്വനാഥന്‍ നമ്പ്യാര്‍, എം.ടി.ബേബി, എം.എ.വിജയന്‍, ടി.അനീഷ്‌, അജീഷ്പ്രഭാകരന്‍, ബിബു.പി.എന്‍.,അരുണ്‍‌തോമസ്‌, മന്‍സൂര്‍അലി, ഉണ്ണികൃഷ്ണന്‍. ശ്രീമതിമാര്‍: സുഹാസിനി. എ.സി, മഞ്ജു.ജി.നായര്‍, , ദീപ മേരി ജോസഫ്‌, നിര്‍മ്മല. എം.പി, ലിജാ അരവിന്ദ്‌, രമേഷ്‌ കുമാര്‍, സുബൈദ, ഫെബിന, റോസി, സബിത, അമ്പിളി, ഹര്‍ഷ.

വിപുലമാകുന്ന മലയാളക്കൂട്ടായ്മ- മൂവാറ്റുപുഴ, മീനങ്ങാടി, കണ്ണൂര്‍‌ എന്നിവിടങ്ങളിലും മലയാളവേദി

മൂവാറ്റുപുഴ

എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ വിദ്യാവനിതാകോളജില്‍ 24. 04. 2009 നു നടന്ന യോഗത്തില്‍ വെച്ച്‌ മലയാളവേദി രൂപീകരിച്ചു. നിലവിലുള്ള ബിരുദപുനസംഘടനയില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും പ്രാധാന്യം കുറച്ചതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഡോ. പി. പവിത്രന്‍ വിഷയം അവതരിപ്പിച്ചു. പ്രൊഫ.വിന്‍സന്റ്‌ മാളിയേക്കല്‍ ( നിര്‍മല കോളജ്‌ മൂവാറ്റുപുഴ) കണ്‍വീനറും കെ വി ശശി, ജിനീഷ്‌ ലാല്‍രാജ്‌, പായിപ്ര മദനന്‍, മദനമോഹനന്‍, പ്രവീണ്‍, ഷാബു കെ വര്‍ഗീസ്‌ എന്നിവര്‍ അംഗങ്ങളുമായി പ്രവര്‍ത്തക സമിതി തെരഞ്ഞെടുക്കപ്പെട്ടു . മെയ്‌ 12 നു വിപുലമായ കണ്‍വെന്‍ഷന്‍ ചേരാന്‍ തീരുമാനിച്ചു.

മീനങ്ങാടി

വയനാട്ടില്‍ മീനങ്ങാടി ഗവ.ബോയ്സ്‌ സ്കൂളില്‍ 29. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ വെച്ച്‌ മലയാളവേദി രൂപീകരിച്ചു. ജോസഫ്‌ ജോബ്‌ കണ്‍വീനറായി 11 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു. ജോസഫ്‌ സ്കറിയ, വി.കെ,ബാബുരാജ്‌ തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു. ജില്ലയില്‍ കൂടുതല്‍ വേദികള്‍രൂപീകരിക്കുന്നതിന്‌ നേതൃത്വം കൊടുക്കാന്‍ തീരുമാനിച്ചു.

കണ്ണൂര്‍‌

‍കണ്ണൂരില്‍ ജില്ലാ ലൈബ്രറി ഹാളില്‍ 28. 04. 2009 നു ചേര്‍ന്ന യോഗത്തില്‍ സ്കൂള്‍,ഹയര്‍ സെക്കന്ററി, കോളജ്‌ അധ്യാപകരുള്‍പ്പെടെ അറുപതിലേറെ പേര്‍ സംബന്ധിച്ചു. എന്‍.പ്രഭാകരന്‍ യോഗം ഉദ്ഘാടനം ചെയ്തു. എ. വി. പവിത്രന്‍ കണ്‍വീനറായി മലയാളവേദി രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രിക്കുള്ള നിവേദനത്തിന്റെ ഒപ്പുശേഖരണം ആരംഭിച്ചു.