Tuesday, April 14, 2009

പി. പവിത്രന്റെ ലേഖനത്തിന് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി നല്‍കുന്ന മറുപടിയെപ്പറ്റി



പി. പവിത്രന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി തോമസ് ജോസഫ് എഴുതിയ മറുപടിയാണു മുകളില്‍.
പവിത്രന്റെ ലേഖനത്തിലുന്നയിക്കുന്ന വാദങ്ങള്‍ വ്യക്തമാണ്. പുതിയ ശുപാര്‍ശകളില്‍ ഭാഷാ-സാഹിത്യപഠനം പൊതുവെയും അതില്‍ത്തന്നെ മലയാളഭാഷാ-സാഹിത്യപഠനം പ്രത്യേകിച്ചും ഗണ്യമായി അവഗണിക്കപ്പെട്ടു എന്നതാണ് അതിലൊന്ന്. അതുതന്നെ ‘യൂറോ-അമേരിക്കന്‍ കേന്ദ്രീകരണത്തില്‍ നിന്നു‌ ഭിന്നമായി നിലവിലുള്ള സാഹചര്യത്തില്‍ ഇന്ത്യന്‍ ഭാഷാസാഹിത്യങ്ങളിലേക്കും മൂന്നാംലോകമുള്‍പ്പെടെയുള്ള സാഹിത്യമേഖലയിലേക്കും മലയാളിക്ക്‌ കടന്നുചെല്ലാവുന്ന മട്ടില്‍ പുതുക്കപ്പെടേണ്ടിയിരുന്നതിന്‌ പകരം സമ്പൂര്‍ണമായി സാഹിത്യത്തിന്റെ നിഷേധമാണ്‌ അവിടെ കാണുത്‌.’ അത്തരത്തിലുള്ള നിര്‍ദ്ദേശത്തിനു പ്രേരകമായ അടിസ്ഥാനപരമായ നിലപാടുകളാണ് അദ്ദേഹം ചോദ്യം ചെയ്തത്. ആഗോളവത്ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും അടിസ്ഥാനത്തില്‍‍ പ്രകൃതിശാസ്ത്രപദ്ധതികളുടെ രീതിയില്‍ ലോകത്തിലെ എല്ലാ അനുഭവങ്ങളെയും നോക്കിക്കാണുകയെന്ന പ്രത്യക്ഷവാദപരമായ യുക്തിയും എല്ലാറ്റിനെയും ചരക്കും വസ്തുക്കളുമാക്കി മാറ്റുന്ന ഉപകരണയുക്തിയുമാണ് ‍ ‍അതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു വ്യക്തമാക്കുകയും വിമര്‍ശനാത്മകവിദ്യാഭ്യാസത്തില്‍ കലയ്ക്കും സാഹിത്യത്തിനുമുള്ള സ്ഥാനമെന്തെന്നു വിശദീകരിക്കുകയും ചെയ്യുന്നതിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്.
‘ഇറ്റലിയില്‍ ഫാസിസത്തിന്റെ തുടക്കകാലത്ത്‌ നടന്ന വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചുള്ള ഗ്രാംചിയുടെ വിമര്‍ശനം അതിന്റെ പ്രയോജനവാദത്തിലെ ഊന്നലിനെ മുന്‍നിര്‍ത്തിയായിരുന്നു’ എന്നും ‘സൌന്ദര്യാത്മകതയുടെ മണ്ഡലത്തില്‍ ആധുനികീകരിക്കപ്പെടാത്ത ഒരു സമൂഹം മറ്റെല്ലാ തലത്തിലും ഭൌതികമായി വികസിച്ചാലും പിന്തിരിപ്പനായിരിക്കും. എന്നു മാത്രമല്ല അവികസിതമായ ഒരു സൌന്ദര്യബോധവും വികസിതമായ സാങ്കേതിക വിദ്യയും ചേരുമ്പോള്‍ രൂപപ്പെടുന്നത്‌ ഫാസിസമായിരിക്കും.’ എന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഈ പ്രക്രിയയില്‍ ഫാസിസത്തിന്റെ യുക്തിയാണ് പ്രവര്‍ത്തിച്ചത് എന്ന് അഭിപ്രായപ്പെടുന്നത്.
‘വിദ്യാര്‍ത്ഥിയുടെ ആത്മനിഷ്ഠതലത്തെ ഇളക്കിമറിച്ച്‌ ആഴത്തിലുള്ള അവബോധപരിണാമമുണ്ടാക്കുന്നത്‌ കലയും സാഹിത്യവും സംബന്ധിച്ച പഠനത്തിന്റെ സന്ദര്‍ഭത്തിലാണ്‌. അവിടെ മാത്രമാണ്‌ ആത്മനിഷ്ഠതതന്നെ വിമര്‍ശിക്കപ്പെടേണ്ടതാണെന്ന തിരിച്ചറിവുണ്ടാകുന്നുള്ളൂ’ എന്നും
‘അക്ഷരാഭ്യാസത്തിന്റെയും വാക്കും വാചകവും ഉറയ്ക്കുതിന്റെയും ഘട്ടത്തില്‍ വെച്ച്‌ അവസാനിപ്പിക്കേണ്ടതാണ്‌ സാഹിത്യപഠനം എന്ന വീക്ഷണം സാഹിത്യത്തെ സംബന്ധിച്ച കാര്യത്തില്‍ വിദ്യാഭ്യാസപണ്ഡിതര്‍ പ്രാഥമികധാരണയ്ക്കപ്പുറം പോയിട്ടില്ലെന്നാണ്‌ കാണിക്കുന്നത്‌.’ എന്നും
‘സംസ്കാരത്തെ സാമൂഹ്യശാസ്ത്രദൃഷ്ടിയില്‍നിന്ന് ‌ വിമര്‍ശിക്കുന്നതിനെക്കാള്‍ എത്രയോ ആഴത്തിലുള്ളമാണ്‌ ചിന്താവിഷ്ടയായ സീതയും പാടുന്ന പിശാചും കുടിയൊഴിക്കലും ആധുനികനാഗരികതയുടെ അനുഭവ രീതിയെത്തന്നെ എങ്ങിനെ വിമര്‍ശിച്ചുവെന്ന്‌ പഠിക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍.’ എന്നും
‘സ്വന്തം ശരീരത്തിന്റെ അതിജീവനത്തിനുള്ള വ്യക്തിയുടെ അന്ധമായ ജൈവികമായ സാമര്‍ത്ഥ്യത്തെ സാമൂഹ്യബന്ധമാക്കി മാറ്റുകയാണ്‌ കല ചെയ്യുത്‌. ജീവരക്തത്തെ മുലപ്പാലാക്കുന്ന ഈ വിദ്യയാണ്‌ കലയുടെയും സാഹിത്യത്തിന്റെയും.’ എന്നും
കലാ-സാഹിത്യപഠനത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിക്കുന്നു.
എന്നാല്‍ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ക്കു പകരം ‘നമുക്ക് ഇഷ്ടമല്ലാത്തതെല്ലാം ഫാസിസമല്ല’ എന്നപോലെ ഈ വാദങ്ങളെല്ലാം വൈയക്തികവും ആത്മനിഷ്ഠവുമാണെന്നു വരുത്തിത്തീര്‍ക്കുകയാണ് മറുപടിയില്‍. പ്രധാനവാദങ്ങള്‍ക്കു മറുപടി പറയാതെ ‘സൌന്ദര്യപക്ഷത്തു രണ്ടു പീരിയഡ് കുറഞ്ഞതുകൊണ്ടും പ്രയോജനപക്ഷത്ത് രണ്ടു പീരിയഡ് കൂടിയതുകൊണ്ടും ഫാസിസം വരുമെന്നു പറയുന്നതില്‍ അസ്വാഭാവികതയുണ്ട്’ എന്ന തരത്തിലുള്ള റിഡക്‍ഷനിസം സ്വയം മുന്നോട്ടുവയ്ക്കുകയും ‘അതിരുകവിഞ്ഞ റിഡക്‍ഷനിസം’ എന്ന ആരോപണം പവിത്രന്റെ ലേഖനത്തില്‍ ചാര്‍ത്തുകയും ചെയ്യുന്നതുകണ്ടപ്പോള്‍ ശരിക്കും അമ്പരന്നു!
എങ്കിലും ആശ്വാസം തോന്നാവുന്ന ഒരു കാര്യമുണ്ട്. കൌണ്‍സിലിന്റേത് അവസാനവാക്കല്ല എന്നതാണത്. ഫലപ്രദമായ സംവാദങ്ങളിലൂടെ പ്രശ്നപരിഹാരം സാധിക്കുമെന്ന ഒരു പ്രതീക്ഷ അതു നല്‍കുന്നുണ്ട്. എന്നാല്‍ സംവാദത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന പ്രശ്നങ്ങളില്‍നിന്നു സൌകര്യപൂര്‍വം ഒഴിഞ്ഞുമാറി വേറേ ചില പ്രശ്നങ്ങള്‍ക്കു മറുപടി നല്‍കുമ്പോള്‍ ആ പ്രതീക്ഷയ്ക്കും പരിക്കേല്‍ക്കുന്നു എന്നുമാത്രം പറയട്ടെ.

1 comment:

  1. പി. പവിത്രന്റെ ലേഖനത്തിന് ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി നല്‍കുന്ന മറുപടിയെപ്പറ്റി.

    ReplyDelete