Sunday, April 5, 2009

മലയാളവേദി കോട്ടയത്ത്


(മാതൃഭൂമി 6. 5. 2009)

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മലയാളഭാഷയ്ക്കും സാഹിത്യത്തിനുമുള്ള പ്രാധാന്യം ക്രമേണ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഉന്നതവിദ്യാഭ്യാസരംഗത്താകട്ടെ മലയാളം നിര്‍ബന്ധിതമായ ഒരു പഠനവിഷയമല്ല. ഒന്നാം ഭാഷയായ ഇംഗ്ലീഷിനു കീഴില്‍ വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന രണ്ടാം ഭാഷകളിലൊന്നാണത്. അതായത് ഹിന്ദി, സംസ്കൃതം, അറബി, ഫ്രഞ്ച്, സുറിയാനി എന്നിങ്ങനെയുള്ള മറ്റു ഭാഷകളുടെ പദവി മാത്രമാണ് കേരളത്തില്‍ മലയാളത്തിനുള്ളത്. മലയാളത്തെ ഒന്നാം ഭാഷയായിത്തന്നെ പരിഗണിക്കുക, ഭാഷാ-സാഹിത്യപഠനം പ്രൊഫഷനല്‍ വിദ്യാഭാസരംഗത്തേക്കുകൂടി വ്യാപിപ്പിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും വിദഗ്ധനിര്‍ദ്ദേശങ്ങളുമൊക്കെ വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ബിരുദതലത്തിലുള്ള വിദ്യാഭ്യാസത്തെ പുന:സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള ഉന്നതവിദ്യാഭ്യാസ കൌണ്‍സില്‍ രൂപവത്ക്കരിക്കപ്പെട്ടത്. എന്നാല്‍ ഭാഷയും സാഹിത്യവും അവഗണിക്കപ്പെടുന്ന അവസ്ഥയ്ക്ക് ഒരു പരിഹാരമുണ്ടാകുമെന്ന ഭാഷാസ്നേഹികളുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി നിലവിലുള്ള അവഗണനയ്ക്ക് ആക്കം കൂട്ടുന്ന ഒരു നിലപാടാണ് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ കൈക്കൊണ്ടത്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നിലവിലുള്ള പരിമിതമായ ഇടം പോലും നഷ്ടമാകുന്ന തരത്തിലുള്ള ഒരു പുന:സംഘടനയാണ് കൌണ്‍സില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.മലയാളഭാഷാസ്നേഹികളും വിദ്യാഭ്യാസപ്രവര്‍ത്തകരും അത്യധികം ഉത്ക്കണ്ഠയോടെ നോക്കിക്കാണുന്ന ഈ പ്രശ്നത്തില്‍ സജീവമായ ചര്‍ച്ചകള്‍ കേരളമൊട്ടാകെത്തന്നെ നടന്നുവരുന്നുണ്ട്. വടകര, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇതിനകംതന്നെ മലയാളവേദി എന്ന പൊതുപ്പേരില്‍ കൂട്ടായ്മകള്‍ സംഘടിക്കപ്പെട്ടു. 2009 ഏപ്രില്‍ 5 ന് കോട്ടയം ബസേലിയസ് കോളേജില്‍ നടന്ന ഭാഷാസ്നേഹികളുടെ കൂട്ടായ്മ മലയാളവേദി എന്നപേരില്‍ത്തന്നെ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നു.

കോട്ടയത്തു നടന്ന യോഗത്തില്‍ ഡോ. പി. പവിത്രന്‍, ഡോ. പി. ഗീത, ഡോ. കെ. എന്‍. വിശ്വനാഥന്‍ നായര്‍, ഡോ. എസ്. എസ്. ശ്രീകുമാര്‍, പ്രൊഫ. എം. ജി. ചന്ദ്രശേഖരന്‍, എ. വി. ശ്രീകുമാര്‍, എം.ഡി. സുരേഷ് ബാബു, എം. ആര്‍. രേണുകുമാര്‍, രേഖാ രാജ്, പ്രൊഫ. വി. എ. ഫിലിപ്പ്, ജോണി ജെ. പ്ലാത്തോട്ടം, ജി. ഉഷാകുമാരി, എം. ടി. ജയലാല്‍, മനോജ് കുറൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ സെക്രട്ടറി പ്രൊഫ. തോമസ് ജോസഫ് യോഗത്തില്‍ പങ്കെടുത്ത് കൌണ്‍സിലിന്റെ നിലപാടുകള്‍ വിശദീകരിച്ചു. കൌണ്‍സില്‍ ഇപ്പോള്‍ മുന്നോട്ടു വച്ചിട്ടുള്ളത് ശുപാര്‍ശകള്‍ മാത്രമാണെന്നും അതത് സര്‍വകലാ‍ശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഭാഷാ-സാഹിത്യപ്രവര്‍ത്തകരുടെ ഉത്കണ്ഠകള്‍ പരിഹരിക്കപ്പെട്ടില്ലെങ്കിലും ഈ പ്രശ്നത്തെ സംബന്ധിച്ച് നേരിട്ടൊരു സംവാദത്തിന് കൌണ്‍സില്‍ സെക്രട്ടറി തയ്യാറായത് സ്വാഗതാര്‍ഹമാണ്.

മലയാളവേദിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കട്ടെ.



ഈ പ്രശ്നത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ചിലയിടങ്ങള്‍കൂടി കാണുക:

മലയാളവേദി വടകര

പടിയിറക്കപ്പെടുന്ന മലയാളം

അധിനിവേശചരിത്രത്തിന്റെ പ്രയോഗം ഭാഷയിലും സാഹിത്യത്തിലും: ഒരു ഡമോണ്‍‍സ്ട്രേഷന്‍

എങ്കില്‍ ഇനി കേരള സാഹിത്യ അക്കാദമിയും അടച്ചുപൂട്ടാം.

ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയും മലയാള പഠനവും

13 comments:

  1. 2009 ഏപ്രില്‍ 5 ന് കോട്ടയം ബസേലിയസ് കോളേജില്‍ നടന്ന ഭാഷാസ്നേഹികളുടെ കൂട്ടായ്മ മലയാളവേദി എന്നപേരില്‍ത്തന്നെ ഒരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നു.
    എല്ലാ മലയാളികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.

    സജീവമായ ചര്‍ച്ചകള്‍ ക്ഷണിക്കുന്നു.

    ReplyDelete
  2. angine oru shramam undenkil athethirkapedendathanu. samskarika nayakanmar ullpadeyulla valya samoohathe ulpeduthiyulla oru charchayum, pratishedhangalum uyarnu varanam....

    (ee pratishedhathil avareyum koode ulpeduthiyurinenkil, athinuru puthiya manam kaivannene ennu tonunu.... might be a first step towards that direction)

    enthanu ingane oru azhichupanikulla yatartha karanam?

    (I do not subscribe to 'hidden agenda' etc)

    ReplyDelete
  3. പ്രിയ രവിശങ്കര്‍,
    പ്രതികരണത്തിനു വളരെ നന്ദി.
    ശ്രമം ഉണ്ടെന്നു വ്യക്തമല്ലേ? മറ്റു ചര്‍ച്ചകളിലേക്കുള്ള ലിങ്കുകള്‍ ശ്രദ്ധിക്കുമല്ലൊ.

    സാംസ്കാരികനായകര്‍ എന്ന് അറിയപ്പെടുന്നവരെയാണുദ്ദേശിക്കുന്നതെങ്കില്‍, കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍പ്പെടാതെ പ്രശ്നത്തെ അപഗ്രഥിച്ച് പ്രതികരിക്കുന്നവര്‍ എത്രയുണ്ട്? ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ വന്നപ്പോള്‍ മുതല്‍ ‘സാംസ്കാരികനായകരി‘ല്‍ പലര്‍ക്കും ഇ. മെയ്‌ല്‍ അയച്ചിരുന്നു. പക്ഷേ പ്രതികരണങ്ങള്‍ ഏറെയുണ്ടായില്ല. ഇനിയെങ്കിലും അവരൊക്കെ പ്രതികരിക്കുമെന്ന് ആഗ്രഹിക്കാം.

    കാരണങ്ങളും വ്യക്തമാണല്ലൊ. വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമായി മാത്രം കാണുന്ന ഒരു സമീപനം ഇന്ത്യയിലെ അധികാരികള്‍ വച്ചുപുലര്‍ത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. വ്യക്തിത്വവികസനം സൌന്ദര്യബോധം, സാംസ്കാരികമായ വളര്‍ച്ച എന്നിവയൊക്കെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമായി കരുതിയിരുന്ന കാലം കഴിഞ്ഞുവെന്നുതന്നെ തോന്നുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തുണ്ടാവണമെന്നു വിഭാവനം ചെയ്യുന്ന സംസ്കാരപഠനത്തിന്റെ അവസ്ഥതന്നെ നോക്കുക. സൌന്ദര്യശാസ്ത്രത്തിനു വിപരീതമായ സംഗതിയാണു സംസ്കാരപഠനം എന്ന തലതിരിഞ്ഞ സമീപനമാണ് അതില്‍ കാണുന്നത്. സംസ്കാരപഠനം എന്ന പഠനമേഖലതന്നെ ഭാഷ, സാഹിത്യം, കല എന്നിവയുടെ ജ്നാനവിഷയമെന്തെന്ന ആലോചനയില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പ്രാഥമികമായ സംഗതിപോലും മറച്ചുവച്ചുകൊണ്ട്, സിദ്ധാന്തത്തെ അതില്‍ത്തന്നെ ഉള്ളടങ്ങുന്ന വ്യവഹാരമായി അവതരിപ്പിച്ചുകൊണ്ട് വലിയ സാദ്ധ്യതയുള്ള ആ പഠനമേഖലയെത്തന്നെ പരിമിതപ്പെടുത്തുന്ന അവസ്ഥയാണ് ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളില്‍ കാണാനാവുന്നത്. റെയ്മണ്ട് വില്യംസ് നാടകാവതരണത്തെക്കുറിച്ചും അഡോര്‍ണോ, എഡ്വേര്‍ഡ് സയ്ദ്, റൊളാങ് ബാര്‍ത് തുടങ്ങിയവര്‍ സംഗീതത്തെക്കുറിച്ചും ടെറി ഈഗ്‌ള്‍ടണ്‍ കവിതയെക്കുറിച്ചും ഉംബര്‍ടോ എക്കോ സാഹിത്യത്തെയും സൌന്ദര്യത്തെയും വൈരൂപ്യത്തെക്കുറിച്ചുമൊക്കെ നടത്തിയ പഠനങ്ങള്‍ സംസ്കാരപഠനത്തിന്റെതന്നെ സാധ്യതകള്‍ ഉപയോഗിച്ചു നിര്‍വഹിച്ചതാണെന്നോര്‍ക്കുക. എന്നാല്‍ ഇതെന്തോ സാമൂഹികശാസ്ത്രത്തിന്റെ ഭാഗമായ ഒരു പഠനപദ്ധതിയാണെന്നും ആഗോളീകരണം മാത്രമാണ് ഇന്നത്തെ പ്രധാനപ്രശ്നമെന്നുമൊക്കെ തോന്നിപ്പിക്കുന്ന ഒരു ഉപരിപ്ലവസമീപനം പുതിയ സിലബസില്‍ വ്യക്തമാണ്. ഭാവനയും സര്‍ഗാത്മകതയുമൊക്കെ അനാവശ്യമോ അധികപ്പറ്റോ ആണെന്ന പ്രയോജനവാദപരമായ യുക്തിയാണ് അതില്‍‍ പ്രതിഫലിക്കുന്നത്. ഡോ. പി. ഗീത മലയാളം വാരികയിലും ഡോ. പി. പവിത്രന്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും എഴുതിയ ലേഖനങ്ങളിലും ഡോ. പി. സോമനാഥന്‍, ഡോ. സി. ജെ. ജോര്‍ജ് എന്നിവര്‍ ഇന്റെര്‍നെറ്റില്‍ത്തന്നെ തുടരുന്ന ചര്‍ച്ചകളിലും തര്‍ജ്ജനിയുടെ മുഖപ്രസംഗങ്ങളിലും ഇതിന്റെ വിവിധവശങ്ങള്‍ വിവരിച്ചിട്ടുണ്ട്. സാങ്കേതികശാസ്ത്രത്തിന്റെ സാധ്യതകള്‍പോലും സര്‍ഗാത്മകതയും ഭാവനയുമായൊന്നും ബന്ധപ്പെടുത്താതെ വരണ്ട യാന്ത്രികതയാണ് ഈ കാലത്തിന്റെ ആവശ്യകതയെന്നു തോന്നിപ്പിക്കുന്ന തരത്തിലാണ് സിലബസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹിഡണ്‍ അജണ്ടയൊന്നുമല്ല, വളരെ വ്യക്തമായ പദ്ധതിയാണ് ഇതിനു പിന്നിലുള്ളതെന്നാണ് ഇപ്പോള്‍ തോന്നുന്നത്.

    അതെ. ചര്‍ച്ചകള്‍ വരട്ടെ. സംഗതി കൂടുതല്‍ വ്യക്തമാകട്ടെ :)

    ReplyDelete
  4. dear Manojetan, thanks for the reply.

    chila chinthakal.

    dpep ulpadeyulla parishkarangal, vidyabhyasa meghalayila aadhunika valkaranathinte bhagamayitullathalle? vidyarthikale kuuduthal palatarathilulla activities edapeduthiyulla aa parishkarangal, vikasita rashtrangalil munpu tanne nadappil varuthiyathanu. uyarnna chinthakum, abhiruchikalkum ulla chila vazhikal choondikanikuka ennathinapuram sarvakala shalakalkkum, mattu vidyabhyasa sthapanangalkum kazhiyumo?

    ippol nilavil irikunna sylabus padhichu vanna oru vidyarthikku, sahityathilum, bhashayilum tatparyam undavanam enilla.... marichum aakam.

    ithonum ee prashnathinulla samadhanam alla... sahityathinum, bhashaykum ulla pradhanyam adhikarikalude shradhayil peduthuka tanne venam.

    ReplyDelete
  5. ബിരുദതല പാഠ്യപദ്ധതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഭാഷകളെ കേന്ദ്രീകരിച്ച് പല തലങ്ങളിലായി പലവിധ പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെട്ടു കഴിഞ്ഞു. പല പ്രതികരണങ്ങളിലും അവ്യക്തമായ നിലപാടുകളാണ് കാണാന്‍ കഴിയുന്നത്.ഒരു സംവാദം രൂപപ്പെടുമ്പോള്‍ ഇത്തരം കലക്കങ്ങള്‍ സ്വാഭാവികമാണെങ്കിലും ആകെ കലക്കി ആരെയെങ്കിലും ചെളിവാരിയെറിഞ്ഞും സ്വയം ചൊറിഞ്ഞും സുഖിക്കുന്ന പ്രവണതയിലേക്ക് വളരെ പ്രധാനമായ ഇത്തരം സാമൂഹ്യ സംവാദങ്ങളെ കൊണ്ടെത്തിക്കുന്നത് വിവാദവ്യവസായികള്‍ക്കു മാത്രം ഗുണപ്രദമാകുന്ന ഒരേര്‍പ്പാടായിത്തീരും.മാധ്യമങ്ങളിലെ സംവാദപരിപാടികളുടെ ഉന്നമല്ലല്ലോ ഇത്തരം സാമൂഹ്യ സംവാദങ്ങള്‍ക്കുള്ളത്.
    .ഇതിനകം നിലവില്‍ വന്ന ഈ സംവാദത്തിനകത്ത് നാലു പ്രശ്നങ്ങള്‍ ഇഴപിരിഞ്ഞു കിടക്കുന്നതായികാണുന്നു. ഇവ വേര്‍തിരിച്ചെടുത്ത് വിശകലനം ചെയ്ത് ഓരോരുത്തരും തങ്ങളുടെ നിലപാടുകള്‍ ഉറപ്പിക്കുന്നത് ഒരു സാമൂഹ്യമുന്നേറ്റത്തിലേക്കു തന്നെ എത്തിക്കേണ്ട ഈ സംവാദത്തിന്റെ ശരിയായ വികാസത്തിന് സഹായിക്കും എന്നു തോന്നുന്നു.

    പ്രശ്നം-ഒന്ന്. ബിരുദതലത്തില്‍ ഏതെങ്കിലും പൊതു വിഷയങ്ങള്‍ പഠിക്കണമോ അതോ അതതു വിഷയങ്ങളിലെ സവിശേഷ പഠനം മാത്രം മതിയോ എന്ന പ്രശ്നം.

    പ്രശ്നം-രണ്ട്- പൊതു വിഷയങ്ങള്‍ ആകാമെങ്കില്‍ അത് ഭാഷാകേന്ദ്രിതമാകണമോ (ഇന്നത്തെ പോലെ പാര്‍ട്ട് 1 ഇംഗ്ളീഷ്, പാര്‍ട്ട്- രണ്ട് മലയാളമടക്കമുള്ള ഏതെങ്കിലും ഭാഷാവിഷയങ്ങള്‍ എന്ന രീതിയിയില്‍) ഭാഷ എന്നു നിഷ്കര്‍ഷയില്ലാത്ത പൊതുവിഷയങ്ങള്‍ മതിയോ എന്ന രണ്ടാം പ്രശ്നം.

    പ്രശ്നം- മൂന്ന്- ഈ പൊതുപഠനം ഭാഷാവിഷയങ്ങള്‍ തന്നെയാകണം എന്നാണെങ്കില്‍ അതു അതതു ഭാഷാ സാഹിത്യങ്ങളെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള പഠനമാകണമോ അതൊ സാഹിത്യമടക്കമൂള്ള അതതു ഭാഷകളുടെ വിവിധ വ്യവഹാരരൂപങ്ങളെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന സാഹിത്യ പഠനത്തിന് ഇന്നുള്ള പ്രാമുഖ്യം കുറച്ചു കൊണ്ടുള്ള പഠനമാകണമോ എന്ന പ്രശ്നം.

    പ്രശ്നം- നാല് നിലവിലുള്ള പാര്‍ട്ട്1,പാര്‍ട്ട്2 സംവിധാനം തന്നെയാണ് തുടരേണ്ടതെങ്കില്‍ മലയാളം എല്ലാ ബിരുദവിദ്യാര്‍ത്ഥികളും പഠിക്കേണ്ട ഒന്നാം ഭാഷയാക്കി മാറ്റണോ അതോ നിലവിലുള്ളതു പോലെ ഇംഗ്ളീഷിനെ ഒന്നാം ഭാഷയാക്കിയും മലയാളത്തെ വിവിധഭാഷകള്‍ക്കിടയില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന രണ്ടാം ഭാഷയാക്കിയും നിലനിര്‍ത്തിയാല്‍ മതിയോ എന്ന ഒടുക്കത്തെ പ്രശ്നം.

    ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് ആമുഖം എന്ന നിലയില്‍ മറ്റൊരു സുപ്രധാന പ്രശ്നത്തിലും വ്യക്തത വരുത്തേണ്ടതുണ്ട് എന്നു തോന്നുന്നു.

    ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഒരു സമൂഹത്തിലെ വിദ്യാഭ്യാസ-ഭാഷാ നയങ്ങളും അതനുസരിച്ചുള്ള ആസൂത്രണങ്ങളും രൂപപ്പെടുത്തേണ്ടത് ആരാണ്?

    1. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനഭരണകൂടങ്ങളും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?

    2. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടതും അല്ലാത്തതുമായ (സംസ്ഥാന ഭരണകൂടങ്ങളടക്കം നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ) വിവിധ അക്കാദമികള്‍, സര്‍വ്വകലാശാലകള്‍ തുടങ്ങിയവ?

    3. കേന്ദ്ര ഭരണകൂടവും വിവിധ ഭരണ വകുപ്പുകളും ഭരണകൂടം നിര്‍ദ്ദേശിച്ച നിശ്ചിത ഏജന്‍സികളും?.(യു.ജിസി., എന്‍.സി.ആര്‍.ടി, ഐ.സി.എച്ച്.ആര്‍ അടക്കമുള്ള വിവിധ കൌണ്‍സിലുകള്‍ തുടങ്ങിയവ)

    4. ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനയുക്തികളെ പിന്‍പറ്റി ഏതെങ്കിലും ദേശരാഷ്ട്രാതീതമായ അന്താരാഷ്ട്ര ഏജന്‍സികള്‍?

    5. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധസംഘങ്ങള്‍? (അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാഭ്യാസ ഭാഷാ വിചക്ഷണര്‍,എന്‍.ജി.ഓ.കള്‍)

    6. അതോ പൊതുസമൂഹത്തെ മുഴുവന്‍ പങ്കാളികളാക്കുന്ന പൊതുതിരഞ്ഞെടുപ്പും അഭിപ്രായ വോട്ടെടുപ്പും പോലുളള ജനാധിപത്യസംവിധാനങ്ങള്‍?

    ഈ മേഖലകളില്‍ പൊതുനിലപാടുകള്‍ രൂപീകരിക്കുന്നതിനായി ഉപരി ചര്‍ച്ചകള്‍ നടക്കണമെന്ന് ആഗ്രഹിക്കുന്നു.

    മേല്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ ഞാനെത്തിചേര്‍ന്നിരിക്കുന്നതും പുനരാലോചയ്ക്ക് വിധേയമായതുമായ തല്‍ക്കാല ധാരണകളെ അത്ര ചുരുക്കത്തിലല്ലാതെ വിസ്തരിക്കേണ്ടതിനാല്‍ കൈയൊഴിവുള്ള തൊട്ടടുത്ത അവസരത്തിലേക്ക് മാറ്റിവെയ്ക്കുന്നു.

    ഈ വിഷയത്തില്‍ ഏതായാലും പ്രശ്നാധിഷ്ഠിത പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ട് ഭാവുകങ്ങളോടെ
    h.k. santhosh
    http://hksanthosh.blogspot.com

    ReplyDelete
  6. പ്രിയപ്പെട്ട ശ്രീ സന്തോഷ്,

    വിദ്യാഭ്യാസപദ്ധതികളെക്കുറിച്ചുള്ള നയരൂപീകരണം പോലുള്ള അടിസ്ഥാനപരവും ഒപ്പം വിപുലവുമായ വിഷയങ്ങള്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒപ്പം‍ നിലവിലുള്ള വ്യവസ്ഥയും അധികാരഘടനകളും നിര്‍ദ്ദേശിച്ച പുതിയ പരിഷ്ക്കരണം എന്ന പ്രധാനവിഷയത്തില്‍നിന്നു വ്യതിചലിക്കുകയുമരുത്. നിലവിലുള്ള ഒരു വ്യവസ്ഥയ്ക്കുമേല്‍ പുതിയ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കുമ്പോള്‍ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും ഇടയിലുള്ള ചര്‍ച്ച അനിവാര്യമാണ്. അത് എത്രത്തോളമുണ്ടായിട്ടുണ്ടെന്നുപോലും സംശയകരമാണ്.

    ഒരു തുറന്ന ചര്‍ച്ച ആയതുകൊണ്ടുതന്നെ ഈ പ്രശ്നത്തിലുള്ള സംവാദങ്ങളില്‍ പല അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്.താങ്കള്‍ പറഞ്ഞതുപോലുള്ള കലക്കങ്ങളും ഉണ്ടാവാം. എന്നാല്‍ വ്യക്തികേന്ദ്രിതമായ ചെളിവാരിയെറിയലും ചൊറിയലുമൊന്നും ഇക്കാര്യത്തില്‍ സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടില്ല. എങ്കിലും അങ്ങനെ തോന്നുന്നുവെങ്കില്‍ ചൂണ്ടിക്കാണിച്ചാല്‍ നന്നായിരുന്നു.

    ബിരുദതലത്തിലുള്ള പഠനപദ്ധതി എന്തായിരിക്കണമെന്നതും പ്രധാന പ്രശ്നമാണെന്നതില്‍ സംശയമില്ല. എങ്കിലും നിലവിലുള്ള ഒരു വ്യവസ്ഥയ്ക്കുമേല്‍ നടത്തുന്ന പരിഷ്ക്കാരമായതുകൊണ്ടുതന്നെ, ലഭ്യമായ റിസോഴ്സുകള്‍ ആവുന്നത്ര ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാവണം അതെന്നാണ് എനിക്കു തോന്നുന്നത്. താങ്കള്‍ ചൂണ്ടിക്കാണിച്ച നാലു പ്രശ്നങ്ങളില്‍, ബിരുദതലത്തിലും പൊതുവിഷയങ്ങള്‍ പഠിക്കണമെന്നും കോമണ്‍ കോഴ്സുകളായാലും നിലവിലുള്ളതുപോലെ പാര്‍ട് 1, 2 എന്ന തരത്തിലായാലും ഭാഷാ-സാഹിത്യകേന്ദ്രിതമായ പഠനമാണു നടക്കേണ്ടതെന്നുമുള്ള അഭിപ്രായം കഴിഞ്ഞ കമന്റില്‍ ഞാന്‍ പറഞ്ഞുകഴിഞ്ഞതാണ്. തീര്‍ച്ചയായും അതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായവും അറിയാന്‍ ആഗ്രഹമുണ്ട്.

    ഏതായാലും താങ്കള്‍ ഉന്നയിച്ച എല്ലാ പ്രശ്നങ്ങളിലുമുള്ള സ്വന്തം നിലപാടുകള്‍ താങ്കളുടെ ബ്ലോഗിലോ ഈ ബ്ലോഗുള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലോ പ്രസിദ്ധീകരിക്കുമെന്നു പ്രതീക്ഷിക്കട്ടെ. ഒരു തുറന്ന സംവാദത്തെ സ്വാഗതം ചെയ്തുകൊണ്ടുതന്നെ ഈ ചര്‍ച്ചകള്‍ തുടരുന്ന എല്ലാ ഇടങ്ങളെയും ബന്ധിപ്പിക്കുകയെന്ന ആഗ്രഹവുമുള്ളതുകൊണ്ട് അത്തരം ഇടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്നും അപേക്ഷ.

    താങ്കളുടെ പിന്തുണയ്ക്കു വളരെ നന്ദി. ഏതുതലത്തില്‍‍ ചര്‍ച്ച ചെയ്താലും, ആരെങ്കിലുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിച്ചാലും പൊതുവായ ഉദ്ദേശ്യത്തെക്കരുതി ഈ പിന്തുണ തുടര്‍ന്നുമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.

    ReplyDelete
  7. പ്രിയ മനോജ്,
    സന്തോഷം.
    പ്രിയ മനോജ്,
    സന്തോഷം.
    പ്രത്യേകിച്ച് ഈ ചര്‍ച്ച മെല്ലെ അധിക്ഷേപങ്ങള്‍ക്കപ്പുറം അവബോധരൂപീകരണങ്ങളില്‍ എത്തിച്ചേരുന്നതില്‍
    ചെളിയുടെ ഗന്ധം ഇപ്പോള്‍ ഗന്ധിച്ചുവെന്നു തോന്നുന്നു.
    ഇല്ലെങ്കില്‍ പ്രതിരണങ്ങള്‍ കാണുക
    1. മൂന്നു അദ്ധ്യാപകര്‍ ഇറങ്ങിപ്പോന്ന തൃശ്ശൂര്‍ പാഠ്യപദ്ധതിപരിഷ്കരണശില്പശാലയിലെ ആദ്യന്തപങ്കാളികൂടിയാണ് എന്ന വസ്തുത കൂടി എച്ച്. കെ. സന്തോഷ് ഇതിനോടൊപ്പം പറയണമായിരുന്നു.

    മാത്രമല്ല, പി.ഗീത തന്റെ സഹപ്രവര്‍ത്തകയാണെന്നും ഓര്‍ക്കണമായിരുന്നു!

    ഇതിനകം ഉയര്‍ന്നു വന്ന സംവാദത്തെ ശരിയായ രീതിയില്‍ സംഗ്രഹിക്കാനല്ല, തെറ്റിദ്ധരിപ്പിക്കാനാണ് താങ്കളുടെ ശ്രമം എന്ന് സംവാദത്തെ പിന്തുടര്‍ന്നവര്‍ക്കെല്ലാം, ഏറ്റവും ചുരുങ്ങിയത്, ചിന്ത.കോം ലേഖനങ്ങളും മുഖക്കുറിപ്പും വായിച്ചവര്‍ക്ക് മനസ്സിലാകും.

    കയ്യൊഴിവ് എപ്പഴാണാവോ ഉണ്ടാവുക എന്ന് അറിയിച്ചാല്‍ ബാക്കി പറയാം
    comment by prabhakaran (?)
    2. പല പ്രതികരണങ്ങളിലും അവ്യക്തതയാണ് കാണുന്നതു് എന്നു് പറഞ്ഞ് വ്യക്തതവരുത്താനായി എച്ച്.കെ.സന്തോഷ് നിര്‍ദ്ദേശിക്കുന്ന നാല് പ്രശ്നങ്ങള്‍ വാസ്തവത്തില്‍ ചര്‍ച്ചയ്ക്കു് വ്യക്തത വരുത്തുമെന്നു കരുതുക വയ്യ. അതിനാല്‍ പകരം ഇങ്ങനെ നാല് പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

    ഒന്നു്. നിലവിലുള്ള പാഠ്യപദ്ധതി ഇപ്പോള്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന വിധത്തില്‍ പരിഷ്കരിക്കണമെന്നു് നിശ്ചയിച്ചതിന്റെ അടിസ്ഥാനം എന്തു്?

    പാര്‍ട്ടിവിധേയത്വം, തന്‍കാര്യസാദ്ധ്യമുണ്ടാവുകയാണെങ്കില്‍ എന്തിനും കൂട്ടുകൂടല്‍ എന്നിങ്ങനെയുള്ള സ്വഭാവഗുണങ്ങളുള്ളവരെ വിളിച്ചുകൂട്ടി നടത്തിയ ശില്പശാലകള്‍ ഈ ചോദ്യം ഉന്നയിക്കുവാന്‍ പ്രേരിപ്പിക്കുന്നു.

    രണ്ടു്. പരിഷ്കരണത്തിന് അവലംബിച്ച സമീപനം രൂപപ്പെടുത്തിയതു് ഏതു് അടിസ്ഥാനത്തിലാണു്.

    യുജിസി നിര്‍ദ്ദേശമാണെന്നും അതല്ല ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ മാര്‍ഗ്ഗരേഖയാണ് എന്നെല്ലാം വാദിക്കുന്നുണ്ടല്ലോ. ശില്പശാലകള്‍ അഭിപ്രായസമന്വയത്തിനാണെന്നും സിലബസ്സുണ്ടാക്കാനല്ല എന്നും വാദിക്കപ്പെടുന്നുണ്ടു്. അതിനാല്‍ ആര്‍,ഏത് അടിസ്ഥാനത്തിലുണ്ടാക്കിയ സമീപനം എന്നതു് വ്യക്തതയുണ്ടാവേണ്ട കാര്യമാണു്.

    മുന്നു്. കാലോചിതമായ പരിഷ്കരണം ഭാഷാപാഠ്യപദ്ധതി വെട്ടിച്ചുരുക്കിയാലേ സാധിക്കൂ എന്നുണ്ടോ?

    പാര്‍ട്ട് ഒന്നു്,രണ്ടു് എന്നിവയില്‍ പരിഷ്കരണക്കാര്‍ നടത്തിയ ഇടപെടലാണ് വിമര്‍ശനവിധേയമായതു്. വിമര്‍ശനം ക്ഷണിച്ചു വരുത്തിയ ഈ പരിഷ്കരണം അത്രത്തോളം അനുപേക്ഷണീയമായതാണോ?

    നാലു്. ഒട്ടും സുതാര്യമല്ലാതെയും ജനാധിപത്യവിരുദ്ധവുമായാണോ പരിഷ്കരണങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതു്.

    ഈ ആക്ഷേപം വളരെ പ്രധാനപ്പെട്ടതാണു്. തൃശ്ശൂരില്‍ മാത്രം, അവിടെത്തന്നെ മലയാളത്തില്‍ മാത്രം, അതും മൂന്നു് പേര്‍ മാത്രവുമാണു് പ്രതിഷേധിച്ചതു്. ബാക്കി വിഷയങ്ങളിലുള്ള അദ്ധ്യാപകര്‍ എല്ലായിടത്തും വിനീതരായി നടപ്പിലാക്കിയതാണല്ലോ പരിഷ്കരണത്തിന്റെ പരിപാടികള്‍. താങ്കള്‍ ഉള്‍പ്പെടെ അതില്‍ ഉണ്ടായിരുന്നല്ലോ. ഇപ്പോള്‍ നാടൊട്ടുക്കും മലയാളവേദികള്‍ രൂപീകരിച്ചു് വിനീതവിധേയര്‍ പലരും വിപ്ലവകാരികളാവുന്നുണ്ടു് എന്നതു് വേറെ തമാശ.

    ഇക്കാര്യങ്ങളില്‍ സന്തോഷിനു് വ്യക്തതയുണ്ടായാല്‍ ബാക്കി ചര്‍ച്ച എളുപ്പമാവും.
    (comment by Dr Mahesh Mangalat

    ഇതില്‍ ആദ്യ പ്രതികരണത്തിന് എന്റെ മറുപടി

    ആദ്യന്തവിഹീനന്‍മാര്‍ക്കു മാത്രമായി ഒരു കുറിപ്പ്
    ക്ഷമിക്കണം പ്രഭാകരാ,

    എന്തില്‍ പങ്കെടുക്കുമ്പോഴും ഒരു ആദിയും അന്തവുമൊക്കെ ഉണ്ടാവുക എന്നത് ഒരു ശീലമായിപ്പോയി.. അതൊരു കുറ്റമാണോ?

    കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അടുത്ത വര്‍ഷം നടപ്പിലാക്കാനുദ്ദേശിച്ച് നിര്‍ദ്ദേശിക്കപെട്ടിട്ടുള്ള ബിരുദതലപാഠ്യപദ്ധതി പുനസംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് സര്‍വ്വകലാശാലയിലെ വിവിധ മലയാളം കോഴ്സുകളുടെ സിലബസ്സ് നിര്‍ണ്ണയിക്കാന്‍ മലയാളം ബോര്‍ഡ് ഓഫ് സ്റഡീസ് സംഘടിപ്പിച്ച അഞ്ചു ദിവസത്തെ ശില്പശാലയില്‍ സര്‍വകലാശാലാ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോളേജിലെ മലയാളം മാഷെന്ന നിലയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അത് ഏതുവിധമുള്ള പങ്കാളിത്തമായിരുന്നെന്ന് മറ്റേതെങ്കിലും ആദ്യന്തക്കാരോ രണ്ടരദിവസത്തെ പങ്കാളികളോ പറയുന്നതാണ് ശരി. കാരണം അടുത്തു നിന്നുള്ള കാഴ്ച അതിശയമുണ്ടാക്കുമെന്നും വല്ലാതെ അടുപ്പിച്ചാല്‍ ഹാസ്യം ജനിപ്പിക്കുമെന്നും വിവരമുള്ള ആരോ പറഞ്ഞു പോയി. തൃശ്ശുര്‍ പാഠ്യപദ്ധതി ശില്പശാലയിലെ ചര്‍ച്ചകളുടെ ഉളളടക്കം മറ്റേതെങ്കിലുംആദ്യന്തക്കാരോ (അവര്‍ക്ക് ഈ ‘ജനാധിപത്യ സംവാദ’ത്തില്‍ മൈക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടെങ്കില്‍) ആദിമധ്യക്കാരോ സംഗ്രഹിക്കുന്നത് (അവരവരവരുരടെ സംഗ്രഹണ യുക്തകള്‍ക്ക് അനുസരിച്ച്) നന്നായിരിക്കും എന്നു തോന്നുന്നു. (അവിടെ ‘ഉയര്‍ന്നു വന്ന സംവാദത്തെ ശരിയായ രീതിയില് സംഗ്രഹിക്കാനല്ല, തെറ്റിദ്ധരിപ്പിക്കാനാണ് താങ്കളുടെ ശ്രമം ‘എന്ന് ഇനിയും എനിക്കെതിരെ തയ്യാറാക്കി വെച്ചിരിക്കുന്ന ഒരു പ്രഭാകരവാക്യമെങ്കിലും അസ്ഥാനത്താക്കിയതില്‍ സന്തോഷിക്കട്ടെയോ)

    ‘മാത്രമല്ല, പി.ഗീത തന്റെ സഹപ്രവര്‍ത്തകയാണെന്നും ഓര്‍ക്കണമായിരുന്നു’ എന്ന ‘എന്നെ ശരിക്കും പരിചയപ്പെടുത്തിയുള്ള രണ്ടാമത്തെ പരാമര്‍ശം’ എന്നെ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു സാര്‍ !!!!
    അതിനിവിടെന്താണു പ്രസക്തി എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. ജോര്‍ജ്ജും സോമനും എന്റെ പ്രിയ സുഹൃത്തുക്കളു മാണെന്നു കൂടെ ഓര്‍മ്മപ്പെടുത്താമായിരുന്നു. ആ ഓര്‍മ്മകള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരുതരത്തിലുള്ള ഇടങ്ങറും നാളിതുവരെ ഉണ്ടാക്കിയിട്ടില്ല എന്നാണ് എന്റെഉത്തമവിശ്വാസം. സാമാന്യ ഗൌരവമെങ്കിലും പുലര്‍ത്തേണ്ട ഇത്തരം സംവാദങ്ങളില്‍ സീരിയലുകളിലെ കുടുംബകലഹങ്ങള്‍ക്കു പാകമായ ഇജ്ജാതി ഡയലോഗകളെങ്കിലും വര്‍ജജിക്കേണ്ടതല്ലേ?
    ഹയര്‍എഡുക്കേഷന്‍ കൌണ്‍സിലിന്റെ ബിരുദ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട മൂന്നൂ സംവാദങ്ങള്‍ സംഘടിപ്പിച്ച ആളെന്ന നിലയിലും (ഒന്ന് ഗ്രേഡിങ്ങിനെ ക്കുറിച്ച്, രണ്ട് വിദ്യാഭ്യാസനയരേഖയെക്കുറിച്ച്, മൂന്ന് ബിരുദതല മലയാളപഠനത്തെക്കുറിച്ച് )- ഈ മൂന്നുപരിപാടികളും കേരളത്തില്‍ അത്തരത്തില്‍ ആദ്യമായിരുന്നു എന്നും അതെല്ലാം വിമര്‍ശനാത്മക ഉള്ളടക്കത്തോടു കൂടിയതായിരുന്നു എന്നുമുള്ള എന്റെ വിചാരത്തെ ഇതില്‍ ഏതെങ്കിലും ഒരു പരിപാടിയിലെങ്കിലും പങ്കെടുത്ത ഈ പറയുന്നവരാര്‍ക്കെങ്കിലും ഉറപ്പിക്കാവുന്നതോ റദ്ദ് ചെയ്യാവുന്നതോ ആണ്. അല്ലെങ്കില്‍ ഇതിന്റെ പൂര്‍ണ്ണമായ വീഡിയോ ദൃശ്യങ്ങള്‍ താങ്കള്‍ നിശ്ചയിക്കുന്ന ഏതു കോടതിയിലും ഹാജരാക്കിക്കോളാം സാര്‍

    ഹയര്‍എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ പലവിധ നിലപാടുകള്‍ക്കുമെതിരെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി കേരളത്തിലെ സാംസ്കാരികപ്രര്‍ത്തകരും അദ്ധ്യാപകരും അവരുടെ സംഘടനകളുമടക്കം പലരും വിവിധ തലങ്ങളില്‍ നടത്തിയ ആശയസമരങ്ങളുടെ ഗുണഫലമാണ് കൌണ്‍സില്‍ അതിന്റെ ആദ്യകാലനിലപാടുകളില്‍ നിന്ന് പലഘട്ടങ്ങളിലായി പിറകോട്ടു പോയത് എന്നു മനസ്സിലാക്കാനാണ് എന്റെ വിവേകം എന്നെ പ്രേരിപ്പിക്കുന്നത്. പവിത്രനും ഗീതട്ടീച്ചറും മനോജും സോമനുമൊക്കെ പലതലങ്ങളില്‍ നടത്തുന്ന അന്വേഷണങ്ങളും പ്രവര്‍ത്തനങ്ങളും രീതിയില്‍ ഗൌരവതരവും ലക്ഷ്യബോധത്തോടുകൂടിയതും പലതലങ്ങളില്‍ കണ്ണിചേര്‍ക്കപ്പടുന്നതുമാണ്.
    ഏതായാലും ഈ പരമ്പരയില്‍ കണ്ണിയാകാന്‍ ലഭിച്ച അവസരങ്ങളൊക്കെ ഞാനടക്കമുള്ള ഓരോരുത്തരും ഉപയോഗിച്ചതെങ്ങനെ എന്ന് മറ്റുള്ളവര്‍ വിലയിരുത്തട്ടെ.
    പ്രധാനമായും കൌണ്‍സിലിനെതിരെ ഞാന്‍ ഉന്നയിച്ചിരുന്ന ഒരു പ്രശ്നം നിലവിലിരിക്കുന്ന സംവിധാനത്തെ ഏതെങ്കിലും തരത്തില്‍ കൌണ്‍സില്‍ വസ്തുനിഷ്ഠമായി വിലയിരുത്തിട്ടില് എന്നതായിരുന്നു. ഏത് സിസ്റം റിഫോര്‍മേഷനും നിലവിലിരിക്കുന്ന സിസ്റത്തിന്റെ ഇവാല്വേഷനിലൂടെ മാത്രമേ ആരംഭിക്കാവൂ എന്നാണെന്റെ നിലപാട്.
    അതിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചാറു വര്‍ഷമായി നിലവിലിരിക്കുന്ന പി.ജി.സെമസ്ററര്‍ സമ്പ്രദായത്തെ അതിനുമുമ്പു നിലവിലിരുന്ന ഇയര്‍ സമ്പ്രദായവുമായി താരതമ്യപ്പെടുത്തി വിലയിരുത്താന്‍ സഹായിക്കുന്ന ഒരു സര്‍വ്വേയുടെ പ്രവര്‍ത്തനങ്ങളിലാണ് ഞങ്ങളില്‍ ചിലര്‍ എന്നു കൂടി പറയട്ടെ .
    ‘സംവാദങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന വിചിത്രപ്രയോഗത്തിന്’ നന്ദി.
    ആശയസംവാദങ്ങളെയും സമരങ്ങളെയും വ്യക്തിപരമായി മാററുന്നതിനോട് എനിക്ക്പ്രതിപത്തിയില്ല. അതിനാല്‍ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ (അതാര് ഉന്നയിക്കുന്നതായാലും) അന്തസ്സുള്ള ചര്‍ച്ചയാവാം.
    അതല്ല കൊഞ്ഞനം കുത്തിക്കളിക്കാനാണ് പരിപാടിയെങ്കില്‍
    അതിന്റെ പ്രായമൊക്കെ കഴിഞ്ഞില്ലേ മാഷേ?

    പൊതുവായ ഉദ്ദേശ്യത്തെക്കരുതി മനോജ് പറഞ്ഞതുപോലെ നമുക്ക് കര്‍മ്മം വേറേ എന്നു തിരുമാനിക്കാം അല്ലേ മനോജ്

    ReplyDelete
  8. പ്രിയപ്പെട്ട സന്തോഷ്,
    വളരെ നന്ദി. ഭയപ്പെട്ടതുതന്നെ സംഭവിക്കുന്നല്ലൊ എന്നൊരുത്ക്കണ്ഠ തോന്നുന്നു. തീര്‍ച്ചയായും ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തെക്കുറിച്ചുതോന്നിയ ചില അഭിപ്രായങ്ങള്‍ പറയട്ടെ:

    ഒരു കൂട്ടായ്മയെന്നനിലയില്‍ മലയാളഭാഷാ-സാഹിത്യപ്രവര്‍ത്തകരുടെ പ്രതികരണത്തെ ദുര്‍ബ്ബലപ്പെടുത്തുകയോ (ദുര്‍ബ്ബലപ്പെടരുതെന്നു മാത്രം ആഗ്രഹം) ശക്തിപ്പെടുത്തുകയോ ചെയ്യാവുന്ന ചില ഘടകങ്ങളുണ്ടല്ലൊ. സര്‍വകലാശാല-ഗവണ്മെന്റ് കോളേജ്-എയ്ഡെഡ് സ്വകാര്യകോളേജ്-അണ്‍ എയ്ഡെഡ് കോളേജ്-പാരലല്‍ കോളേജ് എന്നീ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍, ‍ഇതേപോലെതന്നെ പല തട്ടിലുള്ള സ്കൂള്‍ അധ്യാപകര്‍‌, ഓരോ വിഭാഗത്തിനും പ്രത്യേക അധ്യാപകസംഘടനകള്‍‍, സംഘടനകളുടെ അംഗത്വമില്ലാത്തവര്‍, മറ്റു സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ക്കൂടി ഏര്‍പ്പെടുന്നവര്‍, പല തട്ടിലുള്ള വിദ്യാര്‍ഥികള്‍ എന്ന പരമപ്രധാനമായ വിഭാഗം, അധ്യാപകരും അല്ലാത്തവരുമായ എഴുത്തുകാര്‍, മറ്റു സാംസ്കാരിക-രാഷ്ട്രീയരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ ഭാഷാ-സാഹിത്യപ്രവര്‍ത്തകര്‍തന്നെ സാമൂഹികമായും വൈയക്തികമായും പല തട്ടിലാണല്ലൊ. പല കൂട്ടായ്മകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും അതില്ലാത്തവരുമൊക്കെയായ പലരും അവരവരുടേതായ അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ സ്വരൂപിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഓരോ അഭിപ്രായത്തിനും അതിന്റേതായ മൂല്യവുമുണ്ട്. എങ്കിലും ഈ വിഭാഗങ്ങളിലെല്ലാം ഉള്‍പ്പെടുന്നവര്‍ ചില പൊതുപ്രശ്നങ്ങള്‍ മുന്‍‌നിര്‍ത്തി ഒന്നിച്ചുനില്‍ക്കേണ്ടതുണ്ട് എന്നു തോന്നിപ്പിക്കുന്ന ചില പ്രതിസന്ധികള്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചുവരുന്നുണ്ടല്ലൊ.

    വിദ്യാഭ്യാസത്തെ സംബന്ധിച്ച് ലോകബാങ്കിന്റെയും യുനെസ്കോയുടെയും യു. ജി. സി. യുടെയും മറ്റു ദേശീയ-പ്രാദേശിക വിദ്യാഭ്യാസ ഏജന്‍സികളുടെയും വിവിധസര്‍ക്കാരുകളുടെയുമൊക്കെ നിലപാടുകള്‍തമ്മില്‍ എവിടെയൊക്കെയോ കാണുന്ന സാദൃശ്യങ്ങള്‍‍ ഈ പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ടല്ലൊ. അവ പ്രാദേശികഭാഷകളെയും സാഹിത്യത്തെയും എങ്ങനെ ബാധിക്കുന്നു എന്ന ഉത്ക്കണ്ഠയാണല്ലൊ നമ്മുടെ ഈ കൂട്ടായ്മയെ സാധ്യമാക്കുന്ന പ്രധാനഘടകം. ഉന്നതവിദ്യാഭ്യാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങളിലും ഭാഷ-സാഹിത്യവിഷയങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന പല കാര്യങ്ങളുമുണ്ടെന്ന സമീപകാലപ്രശ്നം ഈ കൂട്ടായ്മയുടെ പെട്ടെന്നുള്ള രൂപവത്കരണത്തിനു വഴിവച്ചു എന്നുമാത്രം.

    ഉന്നതവിദ്യാഭാസകൌണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍മുതല്‍ ഓരോരുത്തരും അവരവരുടേതായ ഉത്കണ്ഠകള്‍ പങ്കുവച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസകൌണ്‍സിലിലെ ചില അംഗങ്ങള്‍‌പോലും അതു നിര്‍വഹിച്ചിട്ടുണ്ട് (ഈ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഒരു ഇ. മെയ്‌ല്‍ തയാറാക്കി അവരില്‍പ്പലര്‍ക്കും അയച്ചപ്പോളുണ്ടായ പ്രതികരണങ്ങള്‍ എനിക്കു നേരിട്ട് പരിചയമുള്ളതാണ്.) അധ്യാപകസംഘടനകളും മറ്റു സാംസ്കാരികപ്രവര്‍ത്തകരും നടത്തിയ ക്രിയാത്മകമായ ഇടപെടലുകളും വളരെ പ്രധാനമാണ്. എങ്കിലും പല തലങ്ങളില്‍ ബഹുമുഖമായ ഒരു പ്രശ്നത്തെ മലയാള ഭാഷാ-സാഹിത്യരംഗത്തെ കേന്ദ്രീകരിച്ചുകൊണ്ടു സമീപിക്കുകയെന്നതിനാവണം ഇത്തരമൊരു കൂട്ടായ്മയില്‍ നാം ഊന്നല്‍ നല്‍കേണ്ടതെന്നുതോന്നുന്നു. അത് മറ്റുകൂട്ടായ്മകള്‍ ഇക്കാര്യത്തില്‍ നിര്‍വഹിക്കുന്ന പ്രതിരോധത്തിന് എതിരല്ല, പൂരകമാണെന്നുതന്നെ ഞാന്‍ കരുതുന്നു. മറ്റു പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുതന്നെ മലയാളഭാഷയെയും സാഹിത്യത്തെയും ബാധിക്കുന്ന പ്രശ്നത്തിനാവണം നാം ഊന്നല്‍‌ നല്‍കേണ്ടതെന്നു മാത്രം. ഇക്കാര്യത്തില്‍ നടക്കുന്ന ഏതു സംവാദവും വ്യക്തികേന്ദ്രിതമോ വ്യക്തിഹത്യാപരമോ ആകാതെ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന തരത്തിലാവട്ടെ എന്നു മാത്രം ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. ഏതെങ്കിലും തരത്തില്‍ സജീവമായി പ്രതികരിച്ച ആരെയും പ്രതിസ്ഥാനത്തു കാണേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അതു പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളെ ദുര്‍ബ്ബലപ്പെടുത്തുകയേ ഉള്ളൂ എന്നു വ്യക്തമാണല്ലൊ.

    പ്രിയ സന്തോഷ്, താങ്കള്‍ ഇക്കാര്യത്തില്‍ നേരത്തെതന്നെ നടത്തിയ ഇടപെടലുകള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. തുടര്‍ന്നും താങ്കളോട് സഹകരണം അഭ്യര്‍ഥിക്കാന്‍ അതു കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. ഇക്കാര്യത്തില്‍ തുടര്‍ന്നും താങ്കളുടെ അഭിപ്രായങ്ങളെ സ്വാഗതംചെയ്യുന്നു.

    ReplyDelete
  9. മനോജ് ഉന്നയിച്ച പ്രശ്നങ്ങളില്‍ ഏറ്റവും അടുത്ത സന്ദര്‍ഭത്തില്‍ പ്രതികരിക്കാമെന്നു വാക്കു തരുന്നു. (ക്ഷമിക്കണം.പണിത്തിരക്കു കൊണ്ടാണ്.)
    ഒരു കാര്യം മാത്രം ഇപ്പോള്‍ പറഞ്ഞുകൊള്ളട്ടെ.
    മദ്ധ്യവര്‍ഗതാത്പര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കേരളീയസമൂഹത്തില്‍ നിന്ന് മലയാളഭാഷയ്ക്കുവേണ്ടിയുള്ള ഒരു കലാപമോ മുന്നേററമോ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ആഗോളവത്ക്കരണ അജണ്ട നടപ്പാക്കുന്ന ഏജന്‍സികളോ അധീശസ്വഭാവുള്ള ഭരണകൂടങ്ങളോ പ്രദേശഭാഷകള്‍ക്കു നേരെയും ഭാഷാന്യൂനപക്ഷങ്ങള്‍ക്കു നേരെയും നടത്തുന്ന കടന്നാക്രമണങ്ങളെ ഇത്തരം ഭാഷാമുന്നേറ്റങ്ങളിലൂടെ ചെറുത്ത് തോല്പിച്ച് അവരുടെ ഭാഷാസൂത്രണ പദ്ധതികളെയും നയങ്ങളെയും തിരുത്തിക്കാന്‍ കൊളോണിയല്‍ അഭിരുചികളില്‍ ഇന്നും മയങ്ങിക്കിടക്കുന്ന മലയാളിപൊതുസമൂഹവും അവരെ പിന്‍പറ്റി നിലനില്‍ക്കുന്ന മുഖ്യധാരാ സംഘടനകളും മുന്നോട്ടുവരുമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാണ്.? അതുകൊണ്ടുതന്നെ ജനാധിപത്യ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കണ്ടുവരാറുള്ള രക്ഷാകര്‍തൃഭാവത്തിലുള്ള നിര്‍ബന്ധിത സമീപനങ്ങള്‍ക്കുവേണ്ടി (നിയമനിര്‍മ്മാണം, ആസൂത്രണം, നയരൂപീകരണം, പരിപാലനം, ബോധനം തൂടങ്ങിയവയല്ലാം അതില്‍ വരും. ) ലക്ഷ്യബോധത്തോടുകൂടി കൂട്ടം ചേര്‍ന്നു പ്രവര്‍ത്തിക്കുക മാത്രമാണ് വഴി. ഇത്തരം ഭരണകൂടങ്ങളോടും അവയെ നയരൂപീകരണത്തിലും ആസൂത്രണത്തിലും സഹായിക്കുന്ന ഏജന്‍സികളോടും സാദ്ധ്യ്മായ വേദികളിലൊക്കെ ആശയസമരം നടത്തി മുന്നോട്ടു പോകേണ്ടതിന്റെ യുക്തി അതാണ്. അത് ദാസ്യവൃത്തിയല്ല. മലയാളവേദി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങളുമായി നടത്തുന്ന സര്‍ഗസംവാദങ്ങളും പാഠ്യപദ്ധതി ശില്പശാലകളില്‍ ആദ്യന്തം നടത്തുന്ന ആശയസരങ്ങള്‍ക്കും അതാണ് പ്രസക്തി. പടിയിറങ്ങിപോകുന്നതല്ല ഭാഷയ്ക്കു വേണ്ടി ഏതു പടിയും കയറുന്നതു തന്നെയാണ് അഭികാമ്യം എന്നാണ് എന്റെ പക്ഷം.
    പവിത്രനും മനോജും ഉന്നയിച്ച ഹയര്‍എഡുക്കേഷന്‍ കൌണ്‍സിലിലൂടെ സംഭവിച്ച ഭാഷാസാഹിത്യപഠനങ്ങള്‍ക്കുമേല്‍ സാമൂഹ്യശാസ്ത്രയുക്തികള്‍ക്കകത്തു മാത്രം പ്രവര്‍ത്തിക്കുന്ന സംസ്കാരപഠനത്തിന്റെ കടന്നു കയറ്റത്തെ പ്രതിരോധിച്ച് മലയാളപഠനത്തിന്റെ രീതിശാസ്ത്രം തൃശ്ശൂര്‍ ശിലപശാല എങ്ങനെ രൂപപ്പെടുത്തിയെടുത്തു എന്ന് സംസ്കാരപഠനം എന്ന നിലയില്‍ ഹയര്‍എഡുക്കേഷന്‍ കൌണ്‍സില്‍ മുന്നോട്ടുവെച്ച സിലബസ്സും മലയാള പഠനത്തിന്റെ രീതിശാസ്ത്രം എന്ന പേരില്‍ രൂപപ്പെടുതതിയ സിലബസ്സും പൂര്‍ണ്ണരൂപത്തില്‍ താരതമ്യപ്പെടുത്തി അടുത്ത പ്രതികരണങ്ങളില്‍ ചര്‍ച്ച ചെയ്യാം. ഞാന്‍ നേരത്തെ ഉന്നയിച്ച പ്രശ്നങ്ങളിലും മഹേഷും മനോജും പറഞ്ഞുവെച്ച കാര്യങ്ങളിലുള്ള എന്റെ നിലപാടും വൈകാതെ പോസ്റ് ചെയ്യാമെന്നു തന്നെയാണ് പ്രതീക്ഷ.
    Santhosh HK
    http://hksanthosh.blogspot.com
    santhoshhrishikesh@gmail.com

    ReplyDelete
  10. പ്രിയസന്തോഷ്,
    ആശയപരമായ സംവാദങ്ങള്‍ അധികാരികളുമായി തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി താങ്കള്‍ പറഞ്ഞതു വളരെ ശരിയാണ്. അത്തരത്തില്‍ ‘മലയാളവേദി ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍ അംഗങ്ങളുമായി നടത്തുന്ന സര്‍ഗസംവാദങ്ങളും പാഠ്യപദ്ധതി ശില്പശാലകളില്‍ ആദ്യന്തം നടത്തുന്ന ആശയസരങ്ങള്‍ക്കും’ തീര്‍ച്ചയായും പ്രസക്തിയുണ്ട്. തൃശൂര്‍ ശില്പശാലയില്‍ രൂപപ്പെടുത്തിയ പാഠ്യപദ്ധതി ഇന്റെര്‍നെറ്റില്‍ ലഭ്യമാണോ? ഇല്ലെങ്കില്‍ അതു പോസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ടോ? നമുക്കു തീര്‍ച്ചയായും ചര്‍ച്ച ചെയ്യാം. ഈ മേഖലയില്‍ നടക്കുന്ന എല്ലാ സംവാദങ്ങളെയും പ്രതികരണങ്ങളെയും ഒരേ പ്രാധാന്യത്തോടെ കാണുകയും ആശയപരമായ സ്വന്തം അഭിപ്രായങ്ങള്‍ വ്യക്തമാക്കുകയും പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ചുനില്‍ക്കുകയുമാണു വേണ്ടതെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  11. പ്രിയ മനോജ്,
    കോഴിക്കോട് സര്‍വകലാശാലാ വിവിധ മലയാളം വിഷയങ്ങള്‍ക്കായി നിര്‍ദ്ദേശിക്കുന്ന സിലബസ്സുകള്‍ എന്റെ അറിവില്‍പെട്ടിടത്തോളം പുര്‍ണ്ണരുപത്തിലായിട്ടില്ല. അത് അംഗീകരിക്കപെട്ടു പുറത്തുവന്നിട്ടുമില്ല. അതിനാല്‍ ഇന്റര്‍നെറ്റിലോ മറ്റെവിടെയെങ്കിലുമോ അതു ലഭ്യമാകാന്‍ സാധ്യതയില്ല. കാലടി,കേരളാ സര്‍വകലാശാലകള്‍ സിലബസ് പൂര്‍ത്തീകരിച്ചതായാണ് അറിയുന്നത്. രണ്ടിടത്തും കേവലം സംസ്കാരപഠനത്തിന്റെ രീതിയിലേക്ക് മലയാളപഠനത്തെ ചുരുക്കികെട്ടിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംസ്കാരപഠനത്തിന്റെ വഴികളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു മാത്രം.. മലയാളപഠനത്തിന്റെ രീതിശാസ്ത്രം എന്ന രീതിയില്‍ ആദ്യ കോഴ്സ് രൂപകല്പന ചെയ്തിട്ടുണ്ട്. മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നിവയെ പഠിക്കാനുള്ള രീതിശാസ്ത്രപരമായ ധാരണകള്‍ രൂപപ്പെടുത്തുകയാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
    കോഴിക്കോട് സര്‍വകലാശാലയില്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്ന
    ഈ പേപ്പറിന്റെ പഠനോദ്ദ്യേശ്യങ്ങള്‍ ഇവയാണ്.

    ഭാഷാപരവും സാംസ്കാരികവും സാഹിത്യപരവുമായ രൂപങ്ങളെ വിശകലന വിധേയമാകാനുള്ള പ്രാപ്തി നേടുക
    മലയാളഭാഷ,സാഹിത്യം, സംസ്കാരം എന്നിവയെ സംബന്ധിച്ച ആമുഖ ധാരണകള്‍ രൂപീകരിക്കുക
    വിമര്‍ശനാത്മകമായ വായനയ്ക്കും വീക്ഷണരൂപീകരണത്തിനും പ്രേരണ
    ഭാഷാ-സാഹിത്യ-സംസ്കാരപഠനങ്ങള്‍ക്ക് ഒരാമുഖം., ഭാഷയും സംസ്കാരവും സ്വത്വബോധവും തമ്മിലുള്ള ബന്ധം, പാശ്ചാത്യവും പൌരസ്ത്യവുമായ മുന്‍കാല സാഹിത്യസമീപനങ്ങള്‍,, സമകാലികമായ സാഹിത്യ സംസ്കാര വിമര്‍ശന സമീപനങ്ങള്‍ എന്നിങ്ങനെ നാലു ബ്ളോക്കുകളിലായാണ് സിലബസ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്.. സാമൂഹ്യമാനവികവിഷയങ്ങള്‍, ഭാഷാപഠനം, ശാസ്ത്രപഠനം എന്നിവ തമ്മിലുളള അടിസ്ഥാന വ്യത്യാസങ്ങള്‍. മറ്റ് വ്യവഹാരരൂപങ്ങളില്‍ നിന്ന് സാഹിത്യത്തിന്റെ വ്യതിരിക്തത. സാഹിത്യത്തിലെ കാനോനീകരണം തുടങ്ങിയ കാര്യങ്ങള്‍ ആമുഖമായി തന്നെ വരുന്നു..

    ഉന്നതവിദ്യാഭ്യാസകൌണ്‍സില്‍ ആവിഷ്കരിച്ചതുപോലെ ഹ്യൂമാനിറ്റീസ് എന്ന പൊതുകുടക്കീഴില്‍ ഭാഷാപഠനത്തെ ഉള്‍പ്പെടുത്തുന്നതിനു പകരം ലാംഗ്വേജസ് എന്ന പ്രത്യേകവിഭാഗമായി തന്നെ നിലനിര്‍ത്തണം എന്ന പൊതു കാഴ്ചപ്പാടിലാണ് കോഴ്സുകളും സിലബസ്സും രൂപപ്പെടുത്തിയിട്ടുള്ളത്. പല ഗ്രൂപ്പുകളും വ്യക്തികളും വേറെ വേറെ അവതരിപ്പിച്ചിട്ടുളള സിലബസ്സകളുടെ ക്രോഡീകരണം കഴിഞ്ഞിട്ടില്ല. മലയാള പഠനത്തിന്റെ പുതുമണ്ഡലങ്ങള്‍ പലതും സിലബസ്സില്‍ ഇടം നേടിയിട്ടുള്ളതു കൊണ്ട് പഴയ ചില പേപ്പ റുകളില്‍ മാറ്റം വന്നിട്ടുണ്ട്.
    പ്രാചീനമധയകാലം,ആധുനികകവിത എന്ന വിഭജനം മാറ്റി കവിതപൂര്‍വഘട്ടം, നവോത്ഥാനകവിത,കവിത ഉത്തരഘട്ടം എന്നു മൂന്നായിരിക്കുന്നു. ഗദ്യം,സാഹിത്യസിദ്ധാന്തങ്ങള്‍, മലയാളവിമര്‍ശം,നാടകം,നാടോടിവിജ്ഞാനം, വ്യാകരണവും ഭാഷാചരിത്രവും, (വൃത്താലങ്കാരങ്ങള്‍ സാഹിത്യസിദ്ധാന്തങ്ങളിലാണ് ഉള്‍പ്പടത്തിയിരിക്കുന്നത്.)ഭാഷാശാസ്ത്രം,സ്ത്രീദളിത് പരിസ്ഥിതിപഠനങ്ങള്‍ കേരളീയരംഗകലകള്‍,മാധ്യമപഠനം,കേരളസംസ്കാരം പഴയതുപോലെ കോംപ്ളിമെന്ററി പേപ്പറുകളായി,സൈബര്‍മലയാളം,നാടകം, സ്ത്രീദളിത് പരിസ്ഥിതിപഠനങ്ങള്,‍സ്ത്രീ,പഠനങ്ങള്‍, രംഗകലാപഠനം തുടങ്ങിയ വിവിധ ഓപ്പണ്‍ കോഴ്സുകള്‍
    എന്നിങ്ങനെ പോകുന്നു കോഴ്സുകള്‍.
    ഓര്‍മ്മയില്‍നിന്നായതുകൊണ്ട് ശീര്‍ഷകങ്ങളിലും കോഴ്സുകളുടെ വിഭാഗത്തിലും വ്യത്യാസം വരാം.പഴയതും പുതിയതുമായ സിലബസ്സുകള്‍ താരതമ്യം ചെയ്ത് സംസ്കാരപഠനമായിപ്പോയോ, സാഹിത്യംഅവഗണിക്കപ്പെട്ടുവോ തുടങ്ങിയകാര്യങ്ങള്‍ പിന്നീട് സിലബസ്സ് വരുന്ന മുറയ്ക്ക്ചര്‍ച്ച ചെയ്യാം

    ReplyDelete
  12. മനോജ് ഉന്നയിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ വായിക്കുക
    http://hksanthosh.blogspot.com/2009/04/blog-post_21.html
    പ്രതികരണങ്ങള്‍ അറിയിക്കുക

    ReplyDelete